
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ (KSWDC) വഴി കേരളത്തിലെ വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും 3% മുതല്‍ 8% വരെ കുറഞ്ഞ പലിശനിരക്കില്‍ സ്വയംതൊഴില്‍- വിദ്യാഭ്യാസ വായ്പകള്‍ സ്വന്തമാക്കാം. നിശ്ചിത വരുമാന പരിധിയുള്ള 18 മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകള്‍ മിത്രാസോഫ്റ്റ് (Mithrasoft) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും, ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്കും കരുത്തുപകരുകയാണ് സര്‍ക്കാര്‍.
നേട്ടങ്ങളും ഹൈലൈറ്റുകളുംലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ ലഭിക്കുന്നുവെന്നതാണ് പ്രധാന നേട്ടം. അതിവേഗത്തിലുള്ള വായ്പാ വിതരണം ഇവിടെ സാധ്യമാണ്. 3% മുതല്‍ 8% വരെയാണ് പലിശ നിരക്ക്. വനിതകളെ സ്വയംപര്യാപ്തരാക്കാനും, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വിവിധയിനം പദ്ധതികള്‍ ിതില്‍ ഉള്‍പ്പെടുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
വ്യക്തിഗത വായ്പ (സ്വയം തൊഴില്‍ വായ്പ): നിശ്ചിത വരുമാന പരിധിയിലുള്ള, 18-നും 55-നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. 4% മുതല്‍ 8% വരെയാണ് പലിശ. 3 മുതല്‍ 5 വര്‍ഷം വരെയാകും തിരിച്ചടവ് കാലാവധി. ഉദ്യോഗസ്ഥ ജാമ്യമോ അല്ലെങ്കില്‍ വസ്തു ജാമ്യമോ നല്‍കേണ്ടതുണ്ട്.
മൈക്രോഫിനാന്‍സ് പദ്ധതി (ഗ്രൂപ്പ് വായ്പ): കുടുംബശ്രീ സി.ഡി.എസ് (CDS), സി.ഡി.എസിന് കീഴിലുള്ള സ്വയംസഹായ സംഘങ്ങള്‍ (SHG) എന്നിവര്‍ക്ക് അപേക്ഷിക്കാം. സി.ഡി.എസിന് 4 കോടി രൂപ വരെയും, എസ്.എച്ച്.ജികള്‍ക്ക് 19 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പലിശ നിരക്ക് 5% മുതല്‍ 7% വരെയാണ്.
വിദ്യാഭ്യാസ വായ്പ: നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 3% മുതല്‍ 8% വരെയാകും പലിശ. തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്. ഉദ്യോഗസ്ഥ ജാമ്യമോ അല്ലെങ്കില്‍ വസ്തു ജാമ്യമോ നിര്‍ബന്ധമാണ്.
ആവശ്യമായ രേഖകള്‍
- അപേക്ഷകയുടെ ആധാര്‍ കാര്‍ഡ് / തിരിച്ചറിയല്‍ രേഖകള്‍.
- റേഷന്‍ കാര്‍ഡ്.
- വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (Income Certificate).
- ജാതി സര്‍ട്ടിഫിക്കറ്റ് (സംവരണ ആനുകൂല്യമുള്ള വിഭാഗങ്ങള്‍ക്ക്).
- ഉദ്യോഗസ്ഥ ജാമ്യമാണെങ്കില്‍ ജാമ്യം നില്‍ക്കുന്നയാളുടെ സാലറി സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട രേഖകളും.
- വസ്തു ജാമ്യമാണെങ്കില്‍ വസ്തുവിന്റെ ആധാരം, കരമടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ.
- സ്വയം തൊഴില്‍ ആരംഭിക്കാനാണെങ്കില്‍ പ്രോജക്ട് റിപ്പോര്‍ട്ട്.
- ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും.
അപേക്ഷിക്കേണ്ടത് എങ്ങനെ
പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, മറ്റ് ഇന്റര്‍നെറ്റ് സേവാ കേന്ദ്രങ്ങള്‍ (CSC) വഴിയോ അപേക്ഷിക്കാം. https://mithrasoft.kswdc.org/ എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ സൃഷ്ടിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയനിവാരണത്തിനും അതാത് ജില്ലകളിലെ KSWDC ഓഫീസുമായോ, നിങ്ങളുടെ പഞ്ചായത്തുമായോ ബന്ധപ്പെടാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- അപേക്ഷിക്കുന്ന വായ്പയുടെ പ്രായപരിധി (വ്യക്തിഗത വായ്പയ്ക്ക് 18-55, വിദ്യാഭ്യാസ വായ്പയ്ക്ക് 16-32) കര്‍ശനമായി പാലിക്കണം.
- കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വാര്‍ഷിക വരുമാന പരിധിയില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.
- ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ആവശ്യമായതിനാല്‍ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അനുയോജ്യരായ ജാമ്യക്കാരെ കണ്ടെത്തുക.
- ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം അസല്‍ രേഖകള്‍ (Original Documents) ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാക്കി വെരിഫിക്കേഷന്‍ നടത്തേണ്ടി വരും.
- കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ പലപ്പോഴും സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്.
