
പ്രതിരോധ മേഖലയിലും, ഓഹരി വിപണിയിലും ഒരുപോലെ തരംഗമാകാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (CSL). കപ്പല്‍ നിര്‍മ്മാണത്തിലെ വിദേശ ആശ്രയത്വം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍, നെസ്റ്റ് ഗ്രൂപ്പിന്റെ എസ്.എഫ്.ഒ ടെക്‌നോളജീസുമായി ചേര്‍ന്ന് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിംഗ് (HLAW) സാങ്കേതികവിദ്യ കമ്പനി പുറത്തിറക്കി. യുദ്ധക്കപ്പലുകളും വ്യാവസായിക സംവിധാനങ്ങളും റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മിക്കാന്‍ വഴിയൊരുക്കുന്ന ഈ മുന്നേറ്റം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും, നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കാനും സഹായിക്കും.
പുതിയ വെല്‍ഡിംഗ് ടെക്നോളജികൊച്ചിന്‍ ഷിപ്പ്യാര്‍ഡും (CSL), നെസ്റ്റ് (NeST) ഗ്രൂപ്പിന്റെ എസ്.എഫ്.ഒ ടെക്‌നോളജീസും ( SFO Technologies ) ചേര്‍ന്നാണ് രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിംഗ് (HLAW) സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ലേസര്‍ ബീമിന്റെ അപാരമായ വേഗവും, ആഴത്തിലുള്ള തുളച്ചുകയറ്റവും പരമ്പരാഗത ആര്‍ക്ക് വെല്‍ഡിംഗിന്റെ ഈടുമായി ചേരുമ്പോഴാണ് രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിംഗ് സാധ്യമാകുന്നത്.
റോബോട്ടിക്‌സ്, അത്യാധുനിക ഓട്ടോമേഷന്‍, എസ്.എഫ്.ഒ വികസിപ്പിച്ച ഹൈ-പവര്‍ ഫൈബര്‍ ലേസര്‍ എന്നിവയാണ് ഇതിന്റെ കരുത്ത്. കളമശേരി നെസ്റ്റ് ഹൈടെക് പാര്‍ക്കിലാണ് ഇതിനായുള്ള അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിക്ഷേപകര്‍ക്ക് പുതു പ്രതീക്ഷ
സാങ്കേതികവിദ്യയുടെ കടന്നുവരവ് വിലകൂടിയ വിദേശ യന്ത്രങ്ങളെ ആശ്രയിക്കുന്നത് വലിയ തോതില്‍ കുറയ്ക്കും. ഉയര്‍ന്ന വേഗം, കട്ടിയുള്ള ലോഹങ്ങളില്‍ ആഴത്തിലുള്ള വെല്‍ഡിംഗ്, കുറഞ്ഞ ചൂട് മൂലമുള്ള തകരാറുകള്‍, മികച്ച വെല്‍ഡിംഗ് സ്ഥിരത എന്നിവ ഇതിലൂടെ സാധ്യമാകും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാകുന്നതിലൂടെ പ്രോജക്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും, പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും, കമ്പനിയുടെ ലാഭവിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് സാധിക്കും.
കപ്പല്‍ നിര്‍മ്മാണത്തിനപ്പുറം ഇന്ത്യന്‍ റെയില്‍വേ വാഗണുകള്‍, വന്‍കിട സ്റ്റോറേജ് ടാങ്കുകള്‍, ഊര്‍ജ്ജ- പ്രതിരോധ മേഖലകളിലെ നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. ഗുണനിലവാരത്തിലും വേഗത്തിലും ആഗോള തലത്തിലെ വമ്പന്‍ കമ്പനികളോട് കിടപിടിക്കാന്‍ ഇത് ഇന്ത്യന്‍ വ്യവസായങ്ങളെ സജ്ജമാക്കും.
കളമശേരി നെസ്റ്റ് ഹൈടെക് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സി.എസ്.എല്‍ ചെയര്‍മാന്‍ ജോസ് വി. ജെ., എസ്.എഫ്.ഒ ചെയര്‍മാന്‍ ഡോ. എന്‍. ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിന് ഇതൊരു വലിയ കുതിപ്പേകുമെന്നാണു വിലയിരുത്തല്‍.
കേരളത്തിന് അഭിമാനം
കളമശേരി നെസ്റ്റ് ഹൈടെക് പാര്‍ക്കില്‍ നടന്ന അഡ്വാന്‍സ്ഡ് ലേസര്‍ എന്‍ജിനീയറിംഗ് സെന്ററിന്റെയും, എച്ച്.എല്‍.എ.ഡബ്ല്യു ആര്‍ ആന്‍ഡ് ഡി ഫെസിലിറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിലാണ് പുതിയ അത്യാധുനിക ലേസര്‍ സാങ്കേതികവിദ്യ പ്രഖ്യാപനമുണ്ടായത്. സി.എസ്.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. ജെ. ജോസ്, എസ്.എഫ്.ഒ ടെക്‌നോളജീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
