
കഴിഞ്ഞ 8 പാദങ്ങളായി വിദേശ നിക്ഷേപകരും, ആഭ്യന്തര നിക്ഷേപകരും 12.8% വരെ ഷെയർ ഹോൾഡിങ് ഉയർത്തിയ ഒരു ബാറ്ററി റീസൈക്ലിങ് ഓഹരിയാണ് ( Pondy Oxides & Chemicals (Pondy Oxides and Chemicals). ശക്തമായ ലാഭ വളർച്ച, കോപ്പർ ബിസിനസ് വികസനം, 200 കോടി രൂപയുടെ പുതിയ കോപ്പർ കാഥോഡ് പ്രൊജക്ട് എന്നിവ നേട്ടമായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന ഓഹരിയാണിത്.
ഓഹരിയുടെ ഷെയർ ഹോൾഡിങ് വിവരങ്ങൾ പരിഗണിക്കുമ്പോൾ, കമ്പനിയിലെ ഇൻസ്റ്റിറ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ പങ്കാളിത്തത്തിൽ ഗണ്യമായ വർധനവുണ്ടായതായി കാണാം. 2024 സെപ്റ്റംബറിൽ വിദേശ നിക്ഷേപകരുടെ കൈവശം കമ്പനിയുടെ 0.22 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ആഭ്യന്തര നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 0.14 ശതമാനമായിരുന്നു.എന്നാൽ 2026 ജൂണിലെത്തിയപ്പോൾ FII പങ്കാളിത്തം 3.14 ശതമാനമായും DII പങ്കാളിത്തം 7.50 ശതമാനമായും ഉയർന്നു. ഇത്തരത്തിൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ആകെ ഓഹരി പങ്കാളിത്തം 10.64 ശതമാനം എന്ന നിലയിലെത്തി.
കോപ്പറിന്റെ റോൾ
പോൺഡി ഓക്സൈഡ്സിന്റെ വളർച്ചയിൽ കോപ്പർ, നിർണായക പങ്കുവഹിക്കുന്ന ഒരു മേഖലയായി മാറുകയാണ്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, ചെമ്പിന്റെ ഉല്പാദനവും, വില്പനയും മൂന്നിരട്ടിയിലധികം വർധിച്ചു. ഉയർന്ന വിൽപ്പനയുംസ പ്രവർത്തനക്ഷമതയിലെ മെച്ചപ്പെടുത്തലുകളും കമ്പനിക്ക് കരുത്തായി മാറി.
പുതിയ കോപ്പർ പ്ലാന്റ്
തമിഴ്നാട്ടിലെ തേവോയ് കണ്ടിഗൈയിൽ കോപ്പർ കാഥോഡ് നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ടുപോവുകയാണ്. പ്രതിവർഷം 36,000 ടൺ ഉൽപ്പാദനശേഷി ലക്ഷ്യമിടുന്ന പദ്ധതിക്ക് ഏകദേശം 200 കോടി രൂപയാണ് നിക്ഷേപം കണക്കാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 18,000 ടൺ ശേഷിയുള്ള ആദ്യഘട്ടം 2026 ഡിസംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടം 2028 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ (Q3 FY28) പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി നിശ്ചയിച്ച സമയത്ത് പ്രവർത്തനം ആരംഭിച്ചാൽ, കോപ്പർ റീസൈക്ലിങ് മേഖലയിലെ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും, കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും സാധിക്കും. ചെമ്പ് കാഥോഡ് ഉൽപ്പാദനത്തിൽ തുടക്കത്തിൽ ഒരു ടണ്ണിന് 60,000 മുതൽ 65,000 രൂപ വരെ EBITDA ലക്ഷ്യമിടുന്നതായി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
