
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും മരണശേഷം കുടുംബ പെന്ഷന് ആര്‍ക്കൊക്കെ, ഏത് മുന്‍ഗണനാക്രമത്തില്‍ ലഭിക്കുമെന്നതില്‍ വ്യക്തത വരുത്തി കേന്ദ്ര പെന്ഷന് മന്ത്രാലയത്തിന്റെ (DoPPW) പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എത്തി. അടിസ്ഥാന ശമ്പളത്തിന്റെ (Basic Pay) 30% മുതല്‍ 50% വരെ (പരമാവധി 1.25 ലക്ഷം രൂപ) ലഭിക്കുന്ന ഈ പദ്ധതിയില്‍ പങ്കാളി, 25 വയസ് വരെയുള്ള കുട്ടികള്‍, അവിവാഹിതരായ പെണ്മക്കള്, മാതാപിതാക്കള്‍ എന്നിവരുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
കുടുംബ പെന്‍ഷനില്‍ പുതിയ ഉത്തരവുമായി സര്ക്കാര്കുടുംബ പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുള്ള കുടുംബാംഗങ്ങളുടെ മുന്‍ഗണനാക്രമം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരനോ, പെന്‍ഷണറോ മരിച്ചാല്‍ കുടുംബത്തില്‍ ആദ്യം ആര്‍ക്കാണ് പെന്ഷന് ലഭിക്കുക, കുട്ടികള്‍ക്ക് എപ്പോള്‍ മുതല്‍ അര്‍ഹത ലഭിക്കും, വിവാഹമോചനം നേടിയവര്‍ക്കും ദാമ്പത്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പെന്ഷന് ലഭിക്കുന്നതിലെ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ നല്കുന്നു.
എന്താണ് കുടുംബ പെന്ഷന്
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ, പെന്‍ഷണറോ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നല്കുന്ന പ്രതിമാസ തുകയാണ് കുടുംബ പെന്ഷന്.
ആര്‍ക്കൊക്കെയാണ് ഇതിന് അര്‍ഹതയുള്ളത്
- നിയമപരമായി വിവാഹം കഴിച്ച ഭാര്യയോ ഭര്‍ത്താവോ (വിരമിച്ച ശേഷം നടന്ന വിവാഹമാണെങ്കിലും പങ്കാളിക്ക് അര്‍ഹതയുണ്ട്).
- സ്വന്തം കുട്ടികള്‍, ദത്തെടുത്ത കുട്ടികള്‍, പങ്കാളിയുടെ മുന്‍ വിവാഹത്തിലുള്ള കുട്ടികള്‍, ജീവനക്കാരന്റെ മരണശേഷമോ, വിരമിച്ച ശേഷമോ ജനിച്ച കുട്ടികള്‍ എന്നിവര്‍. അതേസമയം ഇവരുടെ അര്‍ഹതാ ക്രമം താഴെ പറയുന്ന പോലെയായിരിക്കും.
- 25 വയസ് വരെയുള്ള കുട്ടികള്‍.
- ശാരീരികമോ, മാനസികമോ ആയ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ (ഇവര്‍ക്ക് പ്രായപരിധിയില്ല, സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തുന്നത് വരെ പെന്ഷന് ലഭിക്കും).
- അവിവാഹിതരായ, വിധവകളായ അല്ലെങ്കില്‍ വിവാഹമോചനം നേടിയ പെണ്മക്കള് (ഉപജീവനമാര്‍ഗം ഇല്ലാത്ത പക്ഷം).
- പങ്കാളിയോ കുട്ടികളോ ഇല്ലാത്ത അവസ്ഥയില്‍ ആശ്രിതരായ മാതാപിതാക്കള്‍ക്ക് അര്‍ഹതയുണ്ട് (ആദ്യം അമ്മയ്ക്ക്, തുടര്‍ന്ന് അച്ഛന്).
- മുകളില്‍ പറഞ്ഞ ആരുമില്ലെങ്കില്‍, ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന, ജീവനക്കാരനെ പൂര്‍ണമായും ആശ്രയിച്ച് ജീവിച്ചിരുന്ന സഹോദരങ്ങള്‍ക്ക്.
ആര്‍ക്കാകും ആദ്യം കുടുംബ പെന്ഷന് ലഭിക്കുക
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അല്ലെങ്കില്‍ പെന്ഷണര് മരിച്ചാല്‍ ആര്‍ക്കാകും ആദ്യം പെന്ഷന് ലഭിക്കുക എന്ന സംശയം നിങ്ങള്‍ക്കുണ്ടാകും. മരണപ്പെട്ട വ്യക്തിയുടെ നിയമപരമായ പങ്കാളിക്ക് (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്) ആണ് കുടുംബ പെന്ഷന് ആദ്യത്തെ അര്‍ഹത. പങ്കാളിയുടെ മരണശേഷമോ, അല്ലെങ്കില്‍ നിയമപരമായി അവരുടെ പെന്ഷന് അര്‍ഹത അവസാനിക്കുമ്പോഴോ മാത്രമേ കുട്ടികള്‍ക്കും, മറ്റ് ആശ്രിതര്‍ക്കും പെന്ഷന് ലഭിച്ചു തുടങ്ങൂ.
എത്ര രൂപയാണ് കുടുംബ പെന്‍ഷനായി ലഭിക്കുക
സാധാരണ കുടുംബ പെന്ഷന് (Normal Rate) ആണെങ്കില്‍, ജീവനക്കാരന് അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ (Basic Pay) 30 ശതമാനമാകും ലഭിക്കുക. ഇത് ചുരുങ്ങിയത് പ്രതിമാസം 9,000 രൂപയും, പരമാവധി 75,000 രൂപയും ആയിരിക്കും.
ഉയര്‍ന്ന നിരക്കിലുള്ള കുടുംബ പെന്ഷന് (Enhanced Rate) ആണെങ്കില്‍, ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ ആദ്യത്തെ 10 വര്‍ഷത്തേക്ക് അവസാന ശമ്പളത്തിന്റെ 50 ശതമാനം ഉയര്‍ന്ന കുടുംബ പെന്‍ഷനായി ലഭിക്കും (പരമാവധി 1,25,000 രൂപ വരെ). വിരമിച്ച ശേഷമുള്ള മരണമാണെങ്കില്‍ ആദ്യത്തെ 7 വര്‍ഷത്തേക്കോ അല്ലെങ്കില്‍ ജീവനക്കാരന് 67 വയസ് തികയുമായിരുന്ന കാലയളവ് വരെയോ ഈ ഉയര്‍ന്ന നിരക്ക് ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ
- ദാമ്പത്യ പ്രശ്നങ്ങളോ, വേര്‍പിരിയലോ (Judicial separation) നേരിടുന്ന ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക് തന്റെ മരണശേഷം കുടുംബ പെന്ഷന് ഭര്‍ത്താവിന് പകരം നേരിട്ട് കുട്ടികള്‍ക്ക് ലഭിക്കാന്‍ നാമനിര്‍ദേശം (Nomination) ചെയ്യാന്‍ കഴിയും.
- ചില പ്രത്യേക സാഹചര്യങ്ങളില്‍, ആദ്യത്തെ ഭാര്യ മരണപ്പെടുകയോ വിവാഹമോചനം നേടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അവരുടെ കുട്ടികള്‍ക്കും നിലവിലുള്ള പങ്കാളിക്കും ഒരേസമയം നിയമപ്രകാരം കുടുംബ പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
- 80 വയസിന് മുകളിലുള്ള കുടുംബ പെന്‍ഷണര്‍മാര്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച് പെന്ഷന് തുകയില്‍ 20% മുതല്‍ 100% വരെ അധിക തുക (Additional family pension) ലഭിക്കും.
- അര്‍ഹതയുള്ള എല്ലാ കുടുംബാംഗങ്ങള്‍ക്കും ഒരേസമയം പെന്ഷന് നല്‍കില്ല. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാക്രമത്തില്‍ ഒരാളുടെ അവകാശം കഴിയുമ്പോള്‍ മാത്രമേ അടുത്തയാള്‍ക്ക് പെന്ഷന് ലഭിക്കൂ.
