
കയ്യിലുള്ളത് 5 ലക്ഷം രൂപ. ഈ തുക ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ഥിരനിക്ഷേപം ആരംഭിക്കണോ, അതോ രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് ഹൗസായ എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന്റെ ലാർജ്ക്യാപ് ഫണ്ടിൽ നിക്ഷേപിക്കണോ? പ്രസക്തമായ ഒരു ചോദ്യമാണിത്. ബാങ്ക്, സുരക്ഷയും, ഈ തുകയ്ക്ക് DICGC ഇൻഷുറൻസ് പരിരക്ഷയും, പലിശയും നൽകുന്നു. മ്യൂച്വൽ ഫണ്ടിൽ കൂടുതൽ നേട്ട സാധ്യതയും, ഒപ്പം റിസ്കുമുണ്ട്.
എസ്.ബി.ഐ എഫ്.ഡി
- എസ്.ബി.ഐ 5 വർഷത്തെ സ്ഥിര നിക്ഷേപം കുറഞ്ഞത് 1,000 രൂപ മുതൽ ആരംഭിക്കാം.
- തെരഞ്ഞെടുക്കുന്ന ഡെപ്പോസിറ്റ് ഓപ്ഷൻ പ്രകാരം പീരിയോഡിക്കലായി പലിശ ലഭിക്കും.
- പൊതുജനങ്ങൾക്ക് വാർഷികാടിസ്ഥാനത്തിൽ 6.05% വരെ പലിശ ലഭിക്കും
- മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ നൽകുന്നു
- ബാധകമായ വ്യവസ്ഥകൾ, പിഴ എന്നിവ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കലുകൾക്ക് ബാധകമാകാം
- നിക്ഷേപകന്റെ ടാക്സ് സ്ലാബ് പ്രകാരം പലിശയ്ക്ക് നികുതി ബാധ്യതയുണ്ടാകാം
എസ്.ബി.ഐ ലാർജ്ക്യാപ് ഫണ്ട്
എസ്.ബി.ഐ ലാർജ്ക്യാപ് ഫണ്ട് ഡയറക്ട് പ്ലാൻ ഗ്രോത്ത് എന്നത് ഒരു ഓപ്പൺ എൻഡഡ് ഇക്വറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനവളർച്ചയാണ് ലക്ഷ്യമിടുന്നത്. ഗ്രോ നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ 5 വർഷങ്ങളിൽ ഏകദേശം 9.3% വാർഷികാധിഷ്ഠിത റിട്ടേണാണ് ഈ സ്കീം നൽകിയത്. മൂന്ന് വർഷങ്ങളിൽ ഏകദേശം 11.41%, 10 വർഷങ്ങളിൽ ഏകദേശം 12.8% എന്നിങ്ങനെയും വാർഷികാധിഷ്ഠിത നേട്ടം നൽകി. അതേ സമയം, മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞ കാല പ്രകടനം ഭാവിയിലെ നേട്ടം ഉറപ്പു നൽകുന്നില്ല.
ലാർജ്ക്യാപ് ഓഹരികളിൽ 84.74%, മിഡ്ക്യാപ്പിൽ 13.49%, സ്മാൾക്യാപ്പിൽ 1.76% എന്നിങ്ങനെയാണ് ഈ ഫണ്ട് നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഉയർന്ന റിസ്ക് പ്രൊഫൈലുള്ള ഈ ഫണ്ടിൽ 500 രൂപ മുതൽ SIP നിക്ഷേപവും, 5,000 രൂപ മുതൽ ലംപ്സം നിക്ഷേപവും ആരംഭിക്കാം.
എസ്.ബി.ഐ എഫ്.ഡി – നിക്ഷേപക്കണക്കുകൾ
- നിക്ഷേപത്തുക : 5 ലക്ഷം രൂപ
- വാർഷിക പലിശ : 6.05%
- നിക്ഷേപ കാലാവധി : 5 വർഷം
- കോമ്പൗണ്ടിങ് : പാദാടിസ്ഥാനത്തിൽ
- ഏകദേശ റിട്ടേൺ : 1,75,088 രൂപ
- ഏകദേശ മെച്യൂരിറ്റി വാല്യു : 6,75,088 രൂപ
എസ്.ബി.ഐ ലാർജ്ക്യാപ് ഫണ്ട് – നിക്ഷേപക്കണക്കുകൾ
- നിക്ഷേപത്തുക : 5 ലക്ഷം രൂപ
- വാർഷിക റിട്ടേൺ/പലിശ : 9.34%*
- നിക്ഷേപ കാലാവധി : 5 വർഷം
- കോമ്പൗണ്ടിങ് : വാർഷികാധിഷ്ഠിതം (Annualised Return Assumption)
- ഏകദേശ റിട്ടേൺ : 2,81,386 രൂപ
- ഏകദേശ മെച്യൂരിറ്റി വാല്യു : 7,81,386 രൂപ
(*വാർഷിക റിട്ടേൺ/പലിശ കഴിഞ്ഞ കാല പ്രകടനങ്ങളെ അടിസ്ഥാനമാക്കിയത്. ഭാവിയിൽ സമാനമായ പലിശ ലഭിക്കുമെന്നതിന് ഉറപ്പില്ല)
ഇവിടെ എസ്.ബി.ഐ ലാർജ്ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന് 1,06,298 രൂപയാണ് അധികമായി ലഭിച്ചത്.
നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്
എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ പലിശയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ മാറുന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ കാലികമായ മാറ്റങ്ങൾ സംഭവിക്കാം. ഓഹരി വിപണിയെ ആശ്രയിച്ച് നിൽക്കുന്ന മ്യൂച്വൽ ഫണ്ട് നൽകുന്ന റിട്ടേണിലും വ്യത്യാസങ്ങളുണ്ടാകാം. ഇതിനാൽ പഠനാവശ്യത്തിനായി മാത്രം മുകളിൽ നൽകിയ കണക്കുകൾ പ്രയോജനപ്പെടുത്തുക. ആവശ്യമെങ്കിൽ നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് യോഗ്യതയുള്ള ഒരു സാമ്പത്തിക വിദഗ്ധന്റെ മാർഗ നിർദ്ദേശങ്ങൾ തേടുക.
