ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും, വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും വിധേയമാകാതെ സുരക്ഷിതമായി സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതി (Recurring Deposit – RD) മികച്ചൊരു മാർഗമാണ്. ഓരോ മാസവും 100 രൂപ മുതൽ, ചെറിയ തുകകൾ മാറ്റിവെച്ച് പണം സമ്പാദിക്കാനും, നിശ്ചിത കാലയളവിനുശേഷം പലിശയുൾപ്പെടെയുള്ള തുക കൈപ്പറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ സുരക്ഷിത നിക്ഷേപ മാർഗമായി ഇത് പരിഗണിക്കപ്പെടുന്നു. 6,000 രൂപയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ 5 വർഷത്തിൽ 4.28 ലക്ഷം രൂപ നേടാനും ഇവിടെ സാധിക്കും
സമ്പാദ്യശീലം വളർത്തിയെടുക്കാനോ, അഞ്ച് വർഷത്തിനുശേഷം ഒരു നിശ്ചിത സാമ്പത്തിക ലക്ഷ്യത്തിനായി പണം സ്വരൂപിക്കാനോ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആർ.ഡി . പ്രയോജനകരമാണ്. ഈ പദ്ധതിയിൽ എങ്ങനെ അക്കൗണ്ട് തുടങ്ങാം? ഓരോ മാസവും നിക്ഷേപിക്കുന്ന തുകയ്ക്ക് കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കും? പലിശ എങ്ങനെ കണക്കാക്കുന്നു? അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളും നിബന്ധനകളും എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നത് മികച്ച സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കും.സമ്പത്ത് വളർത്താൻ പോസ്റ്റ് ഓഫീസ് ആർ.ഡി
ചെറുകിട നിക്ഷേപകരെ പ്രത്യേകം ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പോസ്റ്റ് ഓഫീസ് ആർ.ഡി. ഈ പദ്ധതിയിൽ സാധാരണയായി 5 വർഷം അഥവാ 60 മാസം തുടർച്ചയായി ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കണം. ഈ കാലയളവിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവിലുള്ള സർക്കാർ പലിശ നിരക്കനുസരിച്ച് പലിശ ലഭിക്കുകയും, സമ്പാദ്യം ക്രമമായി വളരുകയും ചെയ്യും. സ്ഥിരമായ നിക്ഷേപശീലം വളർത്തിയെടുക്കാനും, ചെറിയ തുകകൾ മാറ്റിവെച്ച് ഭാവിയിലേക്കുള്ള സമ്പത്ത് സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കുന്നു.
100 രൂപ മുതൽ നിക്ഷേപിക്കാം
100 രൂപ പ്രതിമാസം നിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് ഓഫീസ് ആ.ഡി അക്കൗണ്ട് ആരംഭിക്കാം. നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ലെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. അതിനാൽ, ഓരോരുത്തർക്കും തങ്ങളുടെ പ്രതിമാസ വരുമാനത്തിനും, സമ്പാദ്യശേഷിക്കും അനുയോജ്യമായ തുക തവണകളായി നിക്ഷേപിക്കാം. ചെറിയ തുകകൾ മാറ്റിവെച്ച് ക്രമമായി സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാണ്.
പ്രതിമാസം 6,000 രൂപ നിക്ഷേപിച്ചാൽ…
വാർഷിക പലിശ നിരക്ക് 6.7 ശതമാനം കണക്കാക്കിയാൽ, പോസ്റ്റ് ഓഫീസ് ആർ.ഡി. പദ്ധതിയിൽ പ്രതിമാസം 6,000 രൂപ വീതം അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ ആകെ 3,60,000 രൂപ സമ്പാദ്യമായി മാറ്റിവെക്കാം. 60 മാസത്തെ നിക്ഷേപ കാലയളവിൽ ഏകദേശം 68,000 രൂപ പലിശയായി ലഭിക്കും. ഇതോടെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആകെ തുക ഏകദേശം 4,28,000 രൂപ ആയിരിക്കും.തവണകൾ മുടങ്ങിയാൽ…
പോസ്റ്റ് ഓഫീസ് ആർ.ഡി. അക്കൗണ്ട് ആക്ടീവായി നിലനിർത്താൻ പ്രതിമാസ തവണകൾ കൃത്യസമയത്ത് അടയ്ക്കുകയെന്നത് പ്രധാനമാണ്. തുക അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ തപാൽ വകുപ്പിന്റെ നിയമങ്ങൾ പ്രകാരം പിഴ നൽകേണ്ടിവരും. അതിനാൽ, വീട്ടുചെലവുകളും മറ്റ് ജീവിതച്ചെലവുകളും കണക്കാക്കിയശേഷം, സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഓരോ മാസവും അടയ്ക്കാൻ കഴിയുന്ന തുക മാത്രം നിക്ഷേപമായി തെരഞ്ഞെടുക്കുക.
ചില നിബന്ധനകൾ
അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടായാൽ, പോസ്റ്റ് ഓഫീസ് ആർ.ഡി. അക്കൗണ്ട് മൂന്ന് വർഷം പൂർത്തിയായതിനുശേഷം കാലാവധിക്ക് മുമ്പ് അവസാനിപ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കുന്നത് ലഭിക്കുന്ന പലിശയെ ബാധിച്ചേക്കാം. അതിനാൽ, ഈ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പണം പിൻവലിക്കാനുള്ള നിബന്ധനകളും മറ്റ് വ്യവസ്ഥകളും മനസ്സിലാക്കുന്നത് ഉചിതമാണ്.
