RBI Updates: നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയത് ലക്ഷക്കണക്കിന് ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ന്നതോടെ, 50 ലക്ഷം രൂപയുടെ ഹോം ലോണ്‍ ഉള്ള ഒരു സാധാരണക്കാരന് 2.5 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഒറ്റയടിക്ക് വരാന്‍ പോകുന്നത്. എന്നാല്‍ വായ്പക്കാര്‍ക്ക് ഇരുട്ടടിയായ ഈ പ്രഖ്യാപനം, ഉയര്‍ന്ന പലിശ കാത്തിരുന്ന ബാങ്ക് സ്ഥിര നിക്ഷേപകര്‍ക്ക് (Fixed Deposit) വലിയ നേട്ടമാകുകയാണ്.
പണനയ അപ്ഡേറ്റുകള്റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 4 വര്‍ഷത്തിനു ശേഷം റിപ്പോ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്ക് 5.25% നിന്ന് 5.50% ആയി. ആഗോളതലത്തില്‍ ബോണ്ട് യീല്‍ഡിലുണ്ടായ വര്‍ധനയും, ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് ഈ അപ്രതീക്ഷിത നിരക്ക് വര്‍ധനയ്ക്ക് കാരണമായത്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 2025 ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.
സാധാരണക്കാര്‍ക്ക് വെല്ലുവിളിയാവുന്നത് എങ്ങനെ
റിപ്പോ നിരക്ക് വര്‍ധിക്കുന്നത് ബാങ്കുകളില്‍ നിന്ന് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവ എടുത്ത സാധാരണക്കാരെ നേരിട്ട് ബാധിക്കും. ഫ്ലോട്ടിംഗ് നിരക്കില്‍ (Floating rate) വായ്പ എടുത്തവരുടെ പലിശ നിരക്ക് ഉയരും. ഇത് പ്രതിമാസ അടവ് (EMI) വര്‍ധിക്കാനോ, വായ്പാ കാലാവധി നീളാനോ കാരണമാകും. പ്രതിമാസം അടയ്ക്കേണ്ട തുക കൂടുന്നത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കും. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പകളില്‍ അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു തുടങ്ങും.
ഭവനവായ്പയിലെ മാറ്റങ്ങള്‍
നിങ്ങള്‍ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപ ഭവന വായ്പ എടുത്ത ഒരു വ്യക്തിയാണെന്ന് കരുതുക. ഇന്നലെ വരെ നിങ്ങളുടെ വായ്പാ പലിശ 7.5% ആയിരുന്നെങ്കില്‍ അധികം വൈകാതെ ഇത് 7.75% വരെ ഉയരാം. ഇത്തരമൊരു നീക്കം നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ തഴെയുള്ള പട്ടിക സഹായിക്കും.
വിവരങ്ങള്‍ നിലവിലെ വായ്പ 25 bps വര്ധയ്ക്കു ശേഷം
വായ്പാ തുക 50,00,000 രൂപ 50,00,000 രൂപ
കാലാവധി 25 വര്‍ഷം 25 വര്‍ഷം
പലിശ നിരക്ക് 7.50% 7.75%
പ്രതിമാസ അടവ് (ഇഎംഐ) 36,950 രൂപ 37,766 രൂപ
ആകെ പലിശ ബാധ്യത 60,84,868 രൂപ 63,29,931 രൂപ
പലിശയിലുണ്ടാകുന്ന വര്‍ധന – 2,45,064 രൂപ
ഇഎംഐ വര്‍ധന (പ്രതിമാസം) – 817 രൂപ
നിരക്ക് വര്‍ധന നേട്ടമാകുന്നത് ആര്‍ക്കൊക്കെ
റിസര്‍വ് ബാങ്കിന്റെ നിരക്കു വര്‍ധന വായ്പയെടുക്കുന്നവര്‍ക്ക് തിരിച്ചടിയാണെങ്കിലും, ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. റിപ്പോ നിരക്ക് കൂടുമ്പോള്‍ വരും ദിവസങ്ങളില്‍ സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposit) പലിശ നിരക്കും ബാങ്കുകള്‍ വര്‍ധിപ്പിക്കും.
പുതിയതായി ബാങ്കില്‍ എഫ്ഡി (FD) അക്കൗണ്ടുകള്‍ തുടങ്ങുന്നവര്‍ക്കായിരിക്കും ഉയര്‍ന്ന പലിശ നിരക്കിന്റെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭിക്കുക. നിലവിലുള്ള നിക്ഷേപങ്ങള്‍ക്കും പിന്നീട് ഈ ആനുകൂല്യം ലഭിച്ചു തുടങ്ങും. സ്ഥിര വരുമാനം ആഗ്രഹിച്ച് റിട്ടയര്‍മെന്റ് സമ്പാദ്യം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്.

