
പുതിയ ഫണ്ടായ എസ്.ബി.ഐ ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്സ് (SBI BSE India Defence ETF FOF) അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് ഹൗസായ എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്സ് . ന്യൂ ഫണ്ട് ഓഫർ (NFO), 2026 നവംബർ 16 തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. ഇന്ത്യയുടെ ഡിഫൻസ് സെക്ടറിലെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് പുതിയ സ്കീമിന്റെ ലക്ഷ്യം.
എസ്.ബി.ഐ ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ഇ.ടി.എഫിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയാണിത്. 2026 നവംബർ 16 മുതൽ 30 വരെയാണ് പുതിയ ഫണ്ട് ഓഫറിന് അപേക്ഷിക്കാനുള്ള സമയം.ഈ സ്കീം, കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കുറഞ്ഞത് 95 ശതമാനവും എസ്.ബി.ഐ ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ഇ.ടി.എഫിന്റെ യൂണിറ്റുകളിലായിരിക്കും നിക്ഷേപിക്കുക. ശേഷിക്കുന്ന തുക ഒരു വർഷം വരെ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികൾ, ട്രഷറി ബില്ലുകൾ, ട്രൈപാർട്ടി റിപ്പോ, ലിക്വിഡ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ എന്നിവയിൽ നിക്ഷേപിക്കും.
പിന്തുടരുന്നത് ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ഇൻഡെക്സ്
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾ ഉൾപ്പെടുന്ന ഓഹരികളെയാണ് ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ഇൻഡെക്സ് പിന്തുടരുന്നത്. പ്രതിരോധ മേഖലയിലെ വിവിധ കമ്പനികളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള സൂചികയാണിത്. ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ടോട്ടൽ റിട്ടേൺസ് ഇൻഡെക്സ് ആണ് ഈ സ്കീമിന്റെ ബെഞ്ച്മാർക്ക്.
കുറഞ്ഞ നിക്ഷേപം 5,000 രൂപ
എൻ.എഫ്.ഒ കാലയളവിൽ കുറഞ്ഞത് 5,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. തുടർന്ന് അധികമായി നിക്ഷേപിക്കുന്നതിന് കുറഞ്ഞത് 1,000 രൂപയും, അതിന് ശേഷം ഒരു രൂപയുടെ ഗുണിതങ്ങളിലുമുള്ള തുകയും അനുവദിക്കും.
യൂണിറ്റുകൾ അനുവദിച്ച് 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ ഒരു ശതമാനം എക്സിറ്റ് ലോഡ് ബാധകമായിരിക്കും. 15 ദിവസത്തിന് ശേഷം പിൻവലിക്കുമ്പോൾ എക്സിറ്റ് ലോഡ് ഈടാക്കില്ല.
ഇന്ത്യൻ ഡിഫൻസ് സെക്ടറും, പുതിയ ഫണ്ടും
ഇന്ത്യയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയാണ് പ്രതിരോധമെന്ന് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ദേബാഷിഷ് മിശ്ര പറഞ്ഞു. പ്രതിരോധ മേഖലയ്ക്ക് ലഭിക്കുന്ന നയപരമായ പിന്തുണയും, സ്വയംപര്യാപ്തതയ്ക്ക് നൽകുന്ന പ്രാധാന്യവുമാണ് പുതിയ ഫണ്ട് അവതരിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിരാൽ ഛദ്വയായിരിക്കും പുതിയ ഫണ്ടിന്റെ മാനേജർ. 2020 ഡിസംബർ മുതൽ എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ഭാഗമായ അദ്ദേഹം നിലവിൽ നിരവധി പാസീവ് നിക്ഷേപ പദ്ധതികൾ കൈകാര്യം ചെയ്യുന്നുണ്ട്.
