Latest

ലോകം ഉറ്റു നോക്കുന്നു; ക്ഷണിച്ചത് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പാക് മന്ത്രി ഇന്ത്യയിലേക്ക്, എസ്.സി.ഒ ഉച്ചകോടിയുടെ സാമ്പത്തിക മാനങ്ങൾ

Share
Pak Ninister visits india sco summit economic impact

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായി തുടരുന്നതിനിടെ, പാകിസ്ഥാൻ കാലാവസ്ഥാ മന്ത്രി മുസാദിക് മാലിക് ഇന്ത്യയിലെത്തുന്നു. നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിലെ പുരാന ഖിലയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്.സി.ഒ) സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിലാണ് അദ്ദേഹം പങ്കെടുക്കുക. മൂന്ന് വർഷത്തിന് ശേഷം ഒരു പാക് മന്ത്രി ഇന്ത്യ സന്ദർശിക്കുന്നുവെന്നതാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഈ നീക്കത്തിന്റെ പ്രധാന പ്രത്യേകത. രാഷ്ട്രീയ പ്രാധാന്യത്തിനൊപ്പം മേഖലയുടെ സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ടും ഈ സന്ദർശനം ശ്രദ്ധേയമാണ്.

25 രാജ്യങ്ങൾക്ക് ക്ഷണം; പങ്കാളിത്തം സ്ഥിരീകരിച്ച് 15 രാജ്യങ്ങൾഎസ്‌.സി.ഒ അംഗരാജ്യങ്ങൾക്കും, മറ്റ് പങ്കാളി രാജ്യങ്ങൾക്കും ഇന്ത്യ സമ്മേളനത്തിലേക്ക് ക്ഷണം നൽകിയിട്ടുണ്ട്. ആകെ 25 രാജ്യങ്ങളെ ക്ഷണിച്ചതിൽ 15 രാജ്യങ്ങൾ പങ്കാളിത്തം സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് അറിയിച്ചിരുന്നു.

ചൈന, കസാഖ്സ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു. നവംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. നവംബർ 21, 22 തീയതികളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും

പാകിസ്ഥാന്റെ പ്രതിനിധിയായി മുസാദിക് മാലിക്

പാകിസ്ഥാന്റെ ദേശീയ പൈതൃക-സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെയാണ് ഇന്ത്യ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാൽ പാകിസ്ഥാൻ പിന്നീട് കാലാവസ്ഥാ-പരിസ്ഥിതി ഏകോപന മന്ത്രി മുസാദിക് മാലിക്കിനെ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

2023 മെയിൽ ഗോവയിൽ നടന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തിരുന്നു. അതിനുശേഷം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലെ ഒരു മന്ത്രി ഇന്ത്യയിലെത്തുന്നത് ഇതാദ്യമാണ്.

ബിസിനസ് ലോകത്തിന്റെ ശ്രദ്ധ പതിയുന്ന വേദി

എസ്‌.സി.ഒ എന്നത് കേലവം രാഷ്ട്രീയപരമായ കൂട്ടായ്മയല്ല. ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സംഘടനയ്ക്ക് മേഖലാതല വ്യാപാരം, ഗതാഗതം, ഊർജസുരക്ഷ, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ഈ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ താഴെ പറയുന്ന ചില സാമ്പത്തിക മേഖലകൾക്ക് ഗുണകരമായേക്കാം.

  • വ്യാപാരവും കയറ്റുമതിയും : രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടാൽ പ്രാദേശിക വിപണികളിലേക്കുള്ള പ്രവേശനത്തിനും, വ്യാപാര സഹകരണത്തിനും കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.
  • ഗതാഗതവും കണക്റ്റിവിറ്റിയും : മധ്യേഷ്യയിലേക്കുള്ള ചരക്കുനീക്കത്തിനും, പ്രാദേശിക ഗതാഗത ശൃംഖലകൾ വികസിപ്പിക്കുന്നതിലും എസ്.സി.ഒ ചർച്ചകൾക്ക് പ്രാധാന്യമുണ്ട്.
  • ഊർജ്ജ മേഖലയിലെ സഹകരണം: എണ്ണ, പ്രകൃതിവാതകം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന് സംഘടനയ്ക്ക് വേദിയൊരുക്കാനാകും.
  • നിക്ഷേപം : മേഖലയിൽ സ്ഥിരതയും, പരസ്പര വിശ്വാസവും മെച്ചപ്പെട്ടാൽ അടിസ്ഥാനസൗകര്യം, വ്യവസായം, സേവനമേഖല തുടങ്ങിയവയിൽ നിക്ഷേപസാധ്യതകൾ വർധിക്കാം.

എന്നാൽ ഇവ ഈ സമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വ്യാപാര കരാറുകളല്ല. നയതന്ത്ര ബന്ധം മെച്ചപ്പെട്ടാൽ ഭാവിയിൽ ഉണ്ടാകാവുന്ന സാധ്യതകളാണ്.

അടുത്ത വർഷം എസ്‌.സി.ഒ ഉച്ചകോടി പാകിസ്ഥാനിൽ

2026–27 കാലയളവിലെ എസ്‌.സി.ഒയുടെ അധ്യക്ഷസ്ഥാനം പാകിസ്ഥാനാണ് വഹിക്കുന്നത്. 2027 ഓഗസ്റ്റിൽ ഇസ്ലാമാബാദിൽ സംഘടനയുടെ നേതൃതലത്തിലുള്ള ഉച്ചകോടി നടക്കാനിരിക്കുകയാണ്. അതിനാൽ ഇന്ത്യയിലെ സമ്മേളനത്തിലെ പാകിസ്ഥാന്റെ പങ്കാളിത്തത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്.

എസ്‌.സി.ഒയുടെ പ്രവർത്തനങ്ങളിൽ തുടർന്നും പങ്കെടുക്കേണ്ട സാഹചര്യത്തിൽ അംഗരാജ്യങ്ങളുമായി നയതന്ത്ര ആശയവിനിമയം നിലനിർത്തുന്നത് പാകിസ്ഥാനെ സംബന്ധിച്ചും പ്രധാനമാണ്. ഇന്ത്യയുടെ എസ്‌.സി.ഒ ദേശീയ കോഓർഡിനേറ്റർ അലോക് ദിമ്രി, സെപ്റ്റംബറിൽ ഇസ്ലാമാബാദിൽ നടന്ന യോഗത്തിലും പങ്കെടുത്തിരുന്നു.

ഇന്ത്യ-പാക് വ്യാപാരബന്ധം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം 2025 ഏപ്രിൽ 22ാം തിയ്യതിയിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് മെയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനും ശേഷം കൂടുതൽ വഷളായിരുന്നു. അതിനാൽ ഒരു ബഹുരാഷ്ട്ര സമ്മേളനത്തിൽ പാകിസ്ഥാൻ പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രം ഉഭയകക്ഷി വ്യാപാരബന്ധം പുനരാരംഭിക്കുമെന്ന് കരുതാനാവില്ല.

വ്യാപാര നിയന്ത്രണങ്ങൾ, സുരക്ഷാ ആശങ്കകൾ, നയതന്ത്ര പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിഹാരങ്ങൾ ആവശ്യമാണ്. എന്നിരുന്നാലും, ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഒരേ വേദിയിൽ എത്തുന്നത് ആശയവിനിമയത്തിനുള്ള അവസരമാണ്. അത് ഭാവിയിൽ സാമ്പത്തിക സഹകരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമോ എന്നതാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *