Tata Sons IPO : ടാറ്റ സണ്‍സിനെ (Tata Sons) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കാന്‍ വമ്പന്‍ ലയന നീക്കങ്ങളാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ നടത്തുന്നത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുനഃസംഘടനാ പദ്ധതികളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ ബൈപാസ് ചെയ്യാന്‍ ടാറ്റ മാനേജ്‌മെന്റ് നടത്തുന്ന നീക്കങ്ങള്‍ ആഗോള ബിസിനസ് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്.
ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിനെ നിയന്ത്രിക്കുന്നില്ലടാറ്റ സണ്‍സിന്റെ പുനഃസംഘടനാ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മുതിര്‍ന്ന ട്രസ്റ്റികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റികള്‍ (ഡാരിയസ് ഖംബട്ട, നെവില്‍ ടാറ്റ, ഭാസ്‌കര്‍ ഭട്ട്) തള്ളി. ടാറ്റ സണ്‍സിന്റെ ദൈനംദിന കാര്യങ്ങള്‍ ട്രസ്റ്റല്ല നിയന്ത്രിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ടാറ്റ സണ്‍സിന്റെ നിലവിലെ പുനഃസംഘടന ടാറ്റ ട്രസ്റ്റുകളുടെ ജീവകാരുണ്യ, ചാരിറ്റബിള്‍ പദവിയെ ഒരു തരത്തിലും അപകടപ്പെടുത്തില്ലെന്ന് ട്രസ്റ്റികള്‍ ഉറപ്പുനല്‍കുന്നു.
അണ്‍ലിസ്റ്റഡ് കമ്പനിയായി തുടരുക ലക്ഷ്യം
ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് വര്‍ഷങ്ങളായി ടാറ്റ ട്രസ്റ്റിന്റെയും, ടാറ്റ സണ്‍സിന്റെയും വ്യക്തമായ തീരുമാനമാണെന്നും, ഇതൊരു പുതിയ നിലപാടല്ലെന്നും അവര്‍ വിശദീകരിച്ചു.
ടാറ്റ സണ്‍സിന്റെ ഏകദേശം 66% ഓഹരികള്‍ കൈവശം വയ്ക്കുന്ന ടാറ്റ ട്രസ്റ്റുകളുടെ അഭിപ്രായങ്ങള്‍ കേവലം ഒരു കടന്നുകയറ്റമല്ല. മറിച്ച് കമ്പനിയുടെ സുപ്രധാന തീരുമാനങ്ങളില്‍ ട്രസ്റ്റുകളുടെ പങ്കാളിത്തം അനിവാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു പ്രക്രിയയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വമ്പന്‍ ലയനം നീക്കം
ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ നിര്‍ബന്ധിതമായി ലിസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വമ്പന്‍ ലയന നീക്കത്തിലാണ് നോയല്‍ ടാറ്റയെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂര്‍ണ്ണമായും ടാറ്റയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഓപ്പറേറ്റിംഗ് കമ്പനികളായ ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (TESS), ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (TCE) എന്നിവയെ ടാറ്റ സണ്‍സില്‍ ലയിപ്പിക്കാനാണ് ശ്രമം.

