
സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി കേരള സര്‍ക്കാര്‍ 70,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുന്നു. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (KSWCFC / സമുന്നതി) നടപ്പിലാക്കുന്ന മംഗല്യ സമുന്നതി (2026-27) പദ്ധതിയിലേക്ക് 2026 നവംബര്‍ 30 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
മംഗല്യ സമുന്നതി പദ്ധതികേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (KSWCFC / സമുന്നതി) നടപ്പിലാക്കുന്ന വിവാഹ ധനസഹായ പദ്ധതിയാണ് മംഗല്യ സമുന്നതി. കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (സംവരണേതര വിഭാഗങ്ങള്‍) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ നേട്ടങ്ങളും ഹൈലൈറ്റുകളും
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണയായി 70,000 രൂപ (എഴുപതിനായിരം രൂപ) ധനസഹായമായി ലഭിക്കും. ഇതൊരു വായ്പയല്ല. അതിനാല്‍ തന്നെ അനുവദിക്കുന്ന തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അനുവദിക്കപ്പെടുന്ന തുക അപേക്ഷകന്റെ, അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. അര്‍ഹതയുള്ളവര്‍ക്ക് 2026 നവംബര്‍ 30 വരെ പദ്ധതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
പദ്ധതി ആര്‍ക്കൊക്കെ നേട്ടമാകും
കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍ (സംവരണേതര വിഭാഗങ്ങള്‍) ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാതാപിതാക്കള്‍ മരണപ്പെട്ടതോ, ഉപേക്ഷിച്ചുപോയതോ ആയ പെണ്‍കുട്ടികള്‍ക്ക് സ്വന്തം പേരില്‍ അപേക്ഷിച്ച് ധനസഹായം നേടാം. അപേക്ഷകരില്‍ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും, ഭിന്നശേഷിക്കാര്‍, മാരകരോഗബാധിതര്‍ എന്നിവരുള്ള കുടുംബങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ മുന്‍ഗണന ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങള്‍
- അപേക്ഷകരും വിവാഹിതയായ പെണ്‍കുട്ടിയും കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍ (സംവരണേതര വിഭാഗം) ഉള്‍പ്പെട്ടവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എല്ലാ സ്രോതസുകളില്‍ നിന്നുമായി ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധന. വ്യക്തിഗത വരുമാന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല.
- അപേക്ഷകരുടെ കുടുംബം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ (AAY) അല്ലെങ്കില്‍ പിങ്ക് (PHH) റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം. കൂടാതെ അപേക്ഷകനും വിവാഹിതയായ പെണ്‍കുട്ടിയും ഒരേ റേഷന്‍ കാര്‍ഡിലെ അംഗങ്ങളായിരിക്കണം.
- 2025 നവംബര്‍ 1 മുതല്‍ 2026 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) വിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് നിലവില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. വിവാഹ തീയതിയില്‍ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
- ആദ്യ വിവാഹത്തിന് മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. പുനര്‍വിവാഹത്തിന് ലഭിക്കില്ലെന്നു സാരം. ഒരു അപേക്ഷാ കാലയളവില്‍ ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് മാത്രമേ ധനസഹായം അനുവദിക്കൂ.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പെണ്‍മക്കളുടെ വിവാഹം മാന്യമായി നടത്തുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തിക കൈത്താങ്ങ് ആണ് പദ്ധതി. സാമ്പത്തിക സഹായം നല്‍കി വിവാഹച്ചെലവുകള്‍ക്കായി കടക്കെണിയിലാകുന്ന സാഹചര്യം ഒഴിവാക്കി കുടുംബങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് ഉയര്‍ത്താനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.kswcfc.org സന്ദര്‍ശിച്ച് മംഗല്യ സമുന്നതി (2026-27) മാര്‍ഗനിര്‍ദ്ദേശങ്ങളോടൊപ്പമുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. തുടര്‍ന്ന് അപേക്ഷാ ഫോം പൂര്‍ണ്ണമായും വ്യക്തമായും പൂരിപ്പിക്കണം.
വില്ലേജ് ഓഫീസര്‍ നല്‍കുന്ന കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്നാക്ക സമുദായാംഗമാണെന്ന് തെളിയിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ജാതി രേഖപ്പെടുത്തിയ SSLC ബുക്ക്, മുന്‍ഗണന (പിങ്ക്) അല്ലെങ്കില്‍ AAY (മഞ്ഞ) റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന SSLC സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെയും പെണ്‍കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍, IFSC കോഡ് എന്നിവ വ്യക്തമായിരിക്കണം), മാതാപിതാക്കള്‍ മരണപ്പെട്ടവരാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്, ഉപേക്ഷിച്ചുപോയവരാണെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി/ മാരകരോഗം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ (ബാധകമെങ്കില്‍) പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ അടങ്ങിയ കവറിന് മുകളില്‍ ‘മംഗല്യ സമുന്നതി (2026-27) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ തിരുവനന്തപുരത്തെ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സമര്‍പ്പിക്കണം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
പെണ്‍കുട്ടിയുടെ അച്ഛനോ അമ്മയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാതാപിതാക്കള്‍ മരണപ്പെട്ടതോ, ഉപേക്ഷിച്ചുപോയതോ ആയ സാഹചര്യത്തില്‍ മാത്രം പെണ്‍കുട്ടിക്ക് സ്വന്തമായി അപേക്ഷിക്കാം. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. നിര്‍ബന്ധമായും വയ്‌ക്കേണ്ട രേഖകള്‍ ഇല്ലാത്തതും പൂര്‍ണ്ണമായി പൂരിപ്പിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കപ്പെടും.
2026 നവംബര്‍ 30 വൈകിട്ട് 5:00 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലില്‍ അയക്കുന്നവര്‍ അവസാന തീയതിക്ക് മുമ്പ് ഓഫീസില്‍ എത്തുമെന്ന് ഉറപ്പാക്കുക.
