NRE FD Tax: വിദേശവാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് NRE ഫിക്സഡ് ഡിപ്പോസിറ്റ് (FD) പലിശയ്ക്കുള്ള നികുതിയിളവ് ഉടന്‍ നഷ്ടപ്പെടും. ഫെമ (FEMA) നിയമപ്രകാരം നാട്ടില്‍ സ്ഥിരതാമസമാക്കുന്ന ദിവസം മുതല്‍ നിങ്ങളുടെ പ്രവാസി പദവി മാറുന്നതാണ് ഇതിന് കാരണം. സാമ്പത്തിക നഷ്ടവും, ആദായനികുതി വകുപ്പിന്റെ നോട്ടീസും ഒഴിവാക്കാന്‍ NRE അക്കൗണ്ടുകള്‍ ഉടന്‍ RFC (Resident Foreign Currency) അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടതുണ്ട്.
അദൃശ്യ നികുതി കുരുക്ക്ഒരു സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ താഴെ മാത്രമേ ഇന്ത്യയില്‍ നിന്നിട്ടുള്ളൂ എങ്കില്‍ ആദായനികുതി നിയമപ്രകാരം ആ വര്‍ഷം മുഴുവന്‍ തങ്ങള്‍ പ്രവാസികളായി (NRI) തുടരുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഈ 182 ദിവസത്തെ നിയമം സാധാരണ സന്ദര്‍ശനങ്ങള്‍ക്ക് മാത്രമുള്ളതാണ്.
ജോലി ചെയ്യാനോ ബിസിനസ് നടത്താനോ അല്ലെങ്കില്‍ സ്ഥിരതാമസമാക്കാനോ ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍, ഫെമ (FEMA – Foreign Exchange Management Act) നിയമപ്രകാരം നാട്ടിലെത്തുന്ന അന്ന് മുതല്‍ നിങ്ങളുടെ പ്രവാസി പദവി നഷ്ടപ്പെടും.
ഇതു മനസിലാക്കാതെ തങ്ങളുടെ NRE നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും നികുതി രഹിതമായി തുടരുമെന്ന് വിശ്വസിക്കുന്നതാണ് തിരിച്ചെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്ന ഏറ്റവും വലിയ അദൃശ്യ നികുതി കുരുക്ക്.
പ്രവാസികള്‍ക്കുള്ള നികുതി വശങ്ങള്
ഫെമ നിയമപ്രകാരം ഒരു വ്യക്തി ‘ഇന്ത്യക്ക് പുറത്തുള്ള താമസക്കാരന്’ (Resident outside India) ആയിരിക്കുന്ന കാലത്തോളം, അവരുടെ NRE (Non-Resident External) അക്കൗണ്ടുകള്‍ക്കും അതിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കും (FD) ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10(4)(ii) പ്രകാരം പൂര്‍ണ്ണ നികുതി ഇളവ് (Tax Exemption) ലഭിക്കും.
നിങ്ങള്‍ സ്ഥിരതാമസത്തിനായി ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍, ഫെമ നിയമപ്രകാരം മടങ്ങിയെത്തിയ ദിവസം മുതല്‍ നിങ്ങള്‍ ഇന്ത്യയിലെ ഒരു ‘റെസിഡന്റ്’ (Resident) ആയി മാറുന്നു. ഇതോടെ NRE അക്കൗണ്ടുകള്‍ക്ക് അതുവരെ ലഭിച്ചിരുന്ന നികുതി ഇളവ് അവസാനിക്കും.
തിരിച്ചുവരവും സ്ഥിര നിക്ഷേപങ്ങളുടെ നികുതിയും
നാട്ടില്‍ സ്ഥിരതാമസമാക്കിയ തിയ്യതിക്ക് ശേഷം നിങ്ങള്‍ NRE അക്കൗണ്ടുകള്‍ റെസിഡന്റ് ഫോറിന് കറന്‍സി (RFC) അക്കൗണ്ടുകളായി മാറ്റണം. ഇല്ലെങ്കില്‍, ഈ NRE സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് പിന്നീട് ലഭിക്കുന്ന പലിശ നിങ്ങളുടെ നാട്ടിലെ വരുമാനമായി കണക്കാക്കപ്പെടും. ഈ പലിശയ്ക്ക് നിങ്ങളുടെ മൊത്തം വരുമാനത്തിന്റെ നികുതി സ്ലാബ് അനുസരിച്ച് നിങ്ങള്‍ ആദായനികുതി നല്‍കേണ്ടി വരും.
പ്രവാസം അവസാനിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിച്ച് വരുമ്പോള്‍ ആദായ നികുതി നിയമത്തിലെ 182 ദിവസത്തെ കണക്കിനേക്കാള്‍ ഉപരി, ഫെമ (FEMA) നിയമപ്രകാരം നിങ്ങളുടെ റെസിഡന്‍സി മാറിയ തിയ്യതി കൃത്യമായി ശ്രദ്ധിക്കുക.
നാട്ടില്‍ സ്ഥിരതാമസമാക്കിയാല്‍ ഉടന്‍ തന്നെ ബാങ്കില്‍ അറിയിച്ച് നിങ്ങളുടെ NRE അക്കൗണ്ടുകള്‍ RFC (Resident Foreign Currency) അക്കൗണ്ടുകളായോ, സാധാരണ റെസിഡന്റ് അക്കൗണ്ടുകളായോ (Resident Accounts) മാറ്റുക.
നാട്ടിലെത്തിയ തിയ്യതിക്ക് ശേഷം അക്കൗണ്ടില്‍ ലഭിച്ച പലിശകള്‍ക്ക് കൃത്യമായി നികുതി അടയ്ക്കുകയും, വരുമാനമായി കാണിച്ച് ടാക്സ് റിട്ടേണ്‍ (ITR) പുതുക്കുകയും ചെയ്യുക. ഇതു ഭാവിയില്‍ ആദായനികുതി വകുപ്പില്‍ നിന്നുള്ള പിഴകളും നോട്ടീസുകളും ഒഴിവാക്കാന്‍ സഹായിക്കും.
