NPS Health Insurance: വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം എന്നതിലുപരി, സാധാരണക്കാരുടെ ആശുപത്രി ചെലവുകള്‍ക്ക് കൂടി പരിരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിമാസം വെറും 1000 രൂപ നിക്ഷേപിച്ചാല്‍ 30 ലക്ഷം രൂപയുടെ മെഡിക്കല്‍ കവറേജ് നല്കുന്ന പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (PFRDA) പുതിയ പദ്ധതിയാണ് ‘ എന്‍പിഎസ് സ്വാസ്ഥ്യ സ്കീം’ ( NPS Swasthya Scheme ). എന്‍ആര്‍ഐ മലയാളികള്‍ക്ക് ഉള്‍പ്പെടെ ഈ ഫാമിലി ഫ്ലോട്ടര്‍ പ്ലാനില്‍ എങ്ങനെ അംഗമാകാമെന്ന് പരിശോധിക്കാം.
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നാഷണല്‍ പെന്ഷന് സിസ്റ്റത്തിന് (NPS) കീഴില്‍ അവതരിപ്പിച്ച പുതിയ സ്കീമാണിത്. വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യവും, അടിയന്തര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുമിച്ച് നല്കുന്നു.
കേരളത്തിലുള്ളവര്‍ക്കും, പ്രവാസികളായ (NRI) മലയാളികള്‍ക്കും ഒരുപോലെ
ഈ പദ്ധതിയില്‍ ചേരാം. 18 മുതല്‍ 70 വയസ് വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതി പ്രയോജനപ്പെടുത്താം. 85 വയസ് വരെ പുതുക്കാവുന്നതാണ്.
പദ്ധതിയുടെ പ്രവര്‍ത്തന രീതി
ആശുപത്രി ചെലവുകള്‍ നേരിട്ട് നെറ്റ്വര്‍ക്ക് ആശുപത്രികളിലേക്ക് (Cashless Settlement) സേവനദാതാക്കള്‍ വഴി കൈമാറുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒപി (OPD), ഐപി (Inpatient) ചികിത്സകള്‍ക്കായി സ്വന്തം വിഹിതത്തിന്റെ 25% വരെ പിന്‍വലിക്കാനും സാധിക്കും. തീവ്രമായ രോഗങ്ങളോ, അടിയന്തര മെഡിക്കല്‍ എമര്‍ജന്‍സിയോ ഉണ്ടാകുന്ന സാഹചര്യത്തില്‍ അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും ചികിത്സയ്ക്കായി ഉപയോഗിക്കാം. പെന്ഷന് ഫണ്ട് മാനേജര്‍മാര്‍ വഴിയാണ് നിക്ഷേപം കൈകാര്യം ചെയ്യുന്നത്.
മാസം 1,000 രൂപ അടച്ചാല്‍ 30 ലക്ഷം കവറേജ്
ഇവിടെ എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള മാസ നിക്ഷേപത്തോടൊപ്പം ഇതിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന സൂപ്പര്‍ ടോപ്പ്-അപ്പ് (Super Top-up) ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും ഉള്‍പ്പെടും. ഒരു നിശ്ചിത ഡിഡക്റ്റബിള് ലിമിറ്റുള്ള (Deductible limit) സൂപ്പര്‍ ടോപ്പ്-അപ്പ് പ്ലാനുകള്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനാലാണ് കുറഞ്ഞ മാസ അടവിലൂടെ 30 ലക്ഷം രൂപ വരെയുള്ള ഉയര്‍ന്ന ഫാമിലി ഫ്ലോട്ടര്‍ കവറേജ് സാധ്യമാകുന്നത്.
പ്രീമിയവും മറ്റു അടവുകളും
പ്രാഥമിക നിക്ഷേപം: ഇന്‍ഷുറന്‍സ് പ്രീമിയം + ആനുവല്‍ മെയിന്റനന്‍സ് ചാര്‍ജ് (ഏകദേശം 200 രൂപ) + എന്‍പിഎസ് നിക്ഷേപത്തിലേക്ക് കുറഞ്ഞത് 1,000 രൂപ.
കുറഞ്ഞ അക്കൗണ്ട് ബാലന്‍സ്: ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സജീവമായി ലഭിക്കാന്‍ കുറഞ്ഞത് 25,000 രൂപ ഫണ്ടില്‍ ഉണ്ടായിരിക്കണം.
തുടര്‍ന്നുള്ള അടവുകള്‍: അക്കൗണ്ട് ആക്റ്റീവ് ആയി നിലനിര്‍ത്താന്‍ പിന്നീട് പ്രതിമാസമോ, വര്‍ഷത്തിലോ കുറഞ്ഞ തുക അടയ്ക്കാവുന്നതാണ്.
പ്രീമിയം നിരക്ക്: പ്രായപരിധി അടിസ്ഥാനമാക്കിയാണ് (18- 40, 40- 60, 60- 70) പ്രീമിയം നിശ്ചയിക്കുന്നത്. ഈ തുക പെന്ഷന് സമ്പാദ്യത്തില്‍ നിന്ന് നേരിട്ട് ഈടാക്കും.
ലഭിക്കുന്ന ചികിത്സാ സേവനങ്ങള്‍
ആശുപത്രി വാസം (Inpatient Treatment): രോഗങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ മൂലം വരുന്ന ആശുപത്രി ചെലവുകള്‍. 15,500 -ലധികം നെറ്റ്വര്‍ക്ക് ആശുപത്രികളില്‍ സ്കീം ലഭ്യമാണ്.
ഒപി കണ്‍സള്‍ട്ടേഷനുകളും പരിശോധനകളും (OPD & Diagnostics): ഡോക്ടര്‍ കണ്സള്ട്ടേഷന്, ലാബ് പരിശോധനകള്‍, മരുന്നുകള്‍ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകള്‍.
കുടുംബ കവറേജ്: അപേക്ഷകന്, പങ്കാളി, ആശ്രിതരായ 2 മക്കള്‍ എന്നിവര്‍ക്ക് ഫാമിലി ഫ്ലോട്ടറായി കവറേജ് ലഭിക്കും.
എങ്ങനെ പദ്ധതിയില്‍ അംഗമാകാം
നിലവില്‍ എന്‍പിഎസ് അക്കൗണ്ടുള്ളവര്‍ക്ക് CAMS CRA, NSDL (Protean), KFintech പോര്‍ട്ടലുകള്‍ വഴിയോ, പങ്കാളികളായ പെന്ഷന് ഫണ്ട് വെബ്സൈറ്റുകള്‍ (ഉദാഹരണത്തിന് Tata Pension Fund) വഴിയോ അപേക്ഷിക്കാം. പുതിയ ഉപഭോക്താക്കള്‍ക്ക് എന്‍പിഎസ് അക്കൗണ്ടും, സ്വാസ്ഥ്യ സ്കീമും ഒരുമിച്ച് ഓണ്‍ലൈനായി ആരംഭിക്കാം. വിവരങ്ങള്‍ പരിശോധിച്ച് കെവൈസി ഘട്ടം കഴിയുന്നതോടെ, സ്വന്തം ആരോഗ്യ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഹെല്‍ത്ത് ഡിക്ലറേഷന്‍ സമര്‍പ്പിച്ച് അംഗമാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഫാമിലി ഫ്ലോട്ടര്‍ പ്ലാനില്‍ ഭാര്യ, ഭര്‍ത്താവ്, 2 മക്കള്‍ എന്നിവരെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. മാതാപിതാക്കള്‍ക്ക് കവറേജ് ലഭിക്കില്ല.
സൂപ്പര്‍ ടോപ്പ്-അപ്പ് കവറേജ് ആയതിനാല്‍ പോളിസിയില്‍ നിശ്ചയിച്ചിട്ടുള്ള പ്രാഥമിക തുകയ്ക്ക് (Deductible) മുകളിലുള്ള ആശുപത്രി ചെലവുകള്‍ക്കാണ് പ്രധാന കവറേജ് ലഭിക്കുക.
രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മുമ്പുള്ള രോഗവിവരങ്ങള്‍ (Pre-existing conditions) കൃത്യമായി നല്‍കേണ്ടതുണ്ട്.
