Latest

പ്രതിരോധ മേഖലയ്ക്ക് വൻ വിഹിതത്തിന് നിർദ്ദേശം; 3 ഓഹരികൾ, വിസ്ഫോടന സാധ്യതകൾ മുന്നിൽ

Share

മിലിട്ടറി നവീകരണത്തിനും, ആഭ്യന്തരതലത്തിൽ ഡിഫൻസ് മാനുഫാക്ചറിങ് വർധിപ്പിക്കുന്നതിനുമായി സർക്കാർ ചെലവ് വർധിപ്പിക്കുമെന്ന പ്രതീക്ഷകൾക്കിടെ, പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികൾ ശ്രദ്ധാകേന്ദ്രമാകുന്നു. വിമാനങ്ങൾ, നാവിക സംവിധാനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വൻകിട പദ്ധതികൾ നടപ്പാക്കാനുള്ള ഘട്ടത്തിലായതിനാൽ ഈ മേഖലയിൽ സംഭരണ പ്രവർത്തനങ്ങളും വർധിച്ചുവരികയാണ്. ഇവിടെ ഈ സാഹചര്യത്തിൽ ഫോക്കസ് ചെയ്യാവുന്ന മൂന്ന് ഓഹരികളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് നൽകുന്നത്.

ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രതിരോധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുക എന്നീ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഫോക്കസ് ചെയ്യുന്നു പ്രതിരോധ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം വർധിക്കാൻ ഇതും കാരണങ്ങളാണ്.പ്രതിരോധ മൂലധനച്ചെലവ് 20 ശതമാനം വർധിപ്പിക്കാൻ നീക്കം

2028 സാമ്പത്തിക വർഷത്തിലെ (FY28) പ്രതിരോധ മൂലധനച്ചെലവ് 20 ശതമാനം വർധിപ്പിക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഡിഫൻസ് ഓഹരികൾ ശ്രദ്ധാകേന്ദ്രമാകാൻ പ്രധാന കാരണം. ഇന്ത്യയുടെ സൈനിക നവീകരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വൻകിട പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനും ഈ വർധന സഹായിക്കുമെന്നാണ് പ്രതീക്ഷ.

മൂലധനച്ചെലവ് ഉയർത്തുന്നത് വിമാനങ്ങൾ, നാവിക സംവിധാനങ്ങൾ, ആയുധങ്ങൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ സംഭരണം വർധിപ്പിക്കാൻ വഴിയൊരുക്കും. ഇത് ആഭ്യന്തര ഡിഫൻസ് മാനുഫാക്ചറിങ് കമ്പനികൾക്ക് കൂടുതൽ ഓർഡറുകളും, ബിസിനസ് അവസരങ്ങളും ലഭിക്കാൻ കാരണമാകാം.

നിർദ്ദിഷ്ട മൂലധന വർധന, ഇന്ത്യയുടെ പ്രധാനപ്പെട്ട ഡിഫൻസ് പ്രൊജക്ടുകൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ സഹായിച്ചേക്കും.114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതും, പ്രോജക്ട് 75I -യുടെ ഭാഗമായി വായുവിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന (AIP) സംവിധാനമുള്ള ആറ് അത്യാധുനിക പരമ്പരാഗത അന്തർവാഹിനികൾ സ്വന്തമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

പ്രതിരോധ മേഖലയിൽ വർധിക്കുന്ന വിഹിതം

2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ മൂലധനച്ചെലവിനായി 2.19 ലക്ഷം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. FY26ലെ ബജറ്റ് എസ്റ്റിമേറ്റായ 1.8 ലക്ഷം കോടി രൂപയേക്കാൾ 22 ശതമാനം കൂടുതലാണിത്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ ഏകദേശം 80,000 കോടി രൂപയുടെ ഡിഫൻസ് കരാറുകളിലും പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ട്.

പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലവാരത്തിൽ

ഇന്ത്യയുടെ ഡിഫൻസ് കയറ്റുമതി 600 കോടി രൂപയിൽനിന്ന് റെക്കോർഡ് നിലവാരമായ 38,000 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. 2029 വർഷത്തോടെ പ്രതിരോധ മേഖലയിലെ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഈ ടാർ​ഗറ്റ് നിശ്ചിത സമയപരിധിക്ക് മുമ്പുതന്നെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

കയറ്റുമതിയിലെ ഈ വർധന ആഭ്യന്തരതലത്തിൽ ഡിഫൻസ് മാനുഫാക്ചറിങ്ങിന് സർക്കാർ നൽകുന്ന പ്രാധാന്യവും, ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും വ്യക്തമാക്കുന്നു. ഇതിന് പുറമെ വിദേശ വിപണികളിൽനിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കാനുള്ള അവസരമാണ് കയറ്റുമതി വർധന, ഇന്ത്യൻ പ്രതിരോധ നിർമാണ കമ്പനികൾക്ക് നൽകുന്നത്.

പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ 15,000 കോടി രൂപയുടെ AMCA പദ്ധതി

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (AMCA) പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിനുള്ള കമ്പനി ഏതാണെന്ന് ഉടൻ അറിയാം. ഏകദേശം 15,000 കോടി രൂപയുടെ ഈ പദ്ധതിയും പ്രതിരോധ മേഖലയിലെ ശ്രദ്ധാകേന്ദ്രമാണ്.

പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനം സ്വകാര്യ മേഖലയിലെ കമ്പനിയോ, പൊതുമേഖലാ സ്ഥാപനത്തിന്റെ പങ്കാളിത്തമുള്ള സ്വകാര്യ മേഖലാ നേതൃത്വത്തിലുള്ള കൺസോർഷ്യമോ ആയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൂചിപ്പിച്ചിട്ടുണ്ട്.

ശ്രദ്ധ നേടുന്ന 3 ഓഹരികൾ

ഇന്ത്യയുടെ ഡിഫൻസ് മേഖലയിലെ മേഖലയിലെ പ്രധാന ലിസ്റ്റഡ് കമ്പനികളാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) , ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) എന്നിവ.

ഇതിൽ HAL, സൈനിക വിമാനങ്ങളുടെ നിർമാണ മേഖലയിലാണ് പ്രധാനമായി ബിസിനസ് ചെയ്യുന്നത്. ‍ഡിഫൻസ് ഇലക്ട്രോണിക്സ്, അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ BEL ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിസൈൽ, ആയുധ സംവിധാനങ്ങളുടെ നിർമാണത്തിലാണ് BDL പ്രധാനമായി ഫോക്കസ് ചെയ്യുന്നത്

പ്രതിരോധ മൂലധനച്ചെലവ് വർധിപ്പിക്കാനുള്ള നിർദ്ദേശം, വൻകിട സൈനിക സംഭരണ പദ്ധതികൾ, ആഭ്യന്തര പ്രതിരോധ നിർമാണത്തിനുള്ള പ്രോത്സാഹനം എന്നിവയാണ് ഈ കമ്പനികളെ നിക്ഷേപകരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ സർക്കാരിന്റെ കൂടുതൽ മൂലധനച്ചെലവുകളും, പുതിയ ഓർഡറുകളും ഈ കമ്പനികൾക്ക് അവസരങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

എന്നാൽ FY28ലെ ചെലവു വർധന സംബന്ധിച്ച നിർദ്ദേശത്തിന് അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. അതിനാൽ അന്തിമ ബജറ്റ് വിഹിതവും, പുതിയ കരാറുകളും. ഓർഡർ പ്രഖ്യാപനങ്ങളും പുറത്തു വരുമ്പോഴാണ് ചിത്രം കൂടുതൽ വ്യക്തമാവുക. ഓരോ കമ്പനിക്കും ഇതിന്റെ സ്വാധീനം എത്രത്തോളമുണ്ടാകുമെന്ന് വിലയിരുത്താൻ നിക്ഷേപകർ ഈ വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *