
വൈദ്യുതി ബില്ല് പൂജ്യത്തിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയില്‍ ലക്ഷങ്ങള്‍ മുടക്കി പുരപ്പുറ സോളാര്‍ (Rooftop Solar) സ്ഥാപിച്ച കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് KSEB വിതരണ ലൈനുകളിലെ അമിത വോള്‍ട്ടേജ് വന്‍ സാമ്പത്തിക തിരിച്ചടിയാകുന്നു. പകല്‍ സമയങ്ങളില്‍ വോള്‍ട്ടേജ് 250 മുതല്‍ 270 വരെ ഉയരുന്നത് കാരണം സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ സ്വയം പ്രവര്‍ത്തനരഹിതമാകുന്നതും (Tripping), ഇതുമൂലം വൈദ്യുതി ബില്ലും ഫിക്സഡ് ചാര്‍ജും കുതിച്ചുയരുന്നതുമാണ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നത്.
സാധാരണ ഉപഭോക്താക്കള്‍ക്കും തിരിച്ചടിസോളാര്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, സാധാരണ ഉപഭോക്താക്കളുടെ വീട്ടിലെ വിലപിടിപ്പുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ വ്യാപകമായി കേടാകുന്നതിനും ഈ വോള്‍ട്ടേജ് വര്‍ധനവ് കാരണമാകുന്നുണ്ട്. സംസ്ഥാനത്തെ പല കെഎസ്ഇബി സര്‍ക്കിളുകളിലും പുതിയ സോളാര്‍ കണക്ഷനുകള്‍ നല്‍കാന്‍ പോലും കഴിയാത്ത വിധം ഈ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
എന്തുകൊണ്ടാണ് പകല്‍ സമയത്ത് വോള്‍ട്ടേജ് 270 വരെ ഉയരുന്നത്
സാധാരണഗതിയില്‍ വീടുകളിലേക്ക് ലഭിക്കേണ്ട വൈദ്യുതിയുടെ അളവ് 230 വോള്‍ട്ട് ആണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലെ പല പ്രദേശങ്ങളിലും പകല്‍ സമയത്ത് 250 മുതല്‍ 270 വോള്‍ട്ട് വരെയാണ് രേഖപ്പെടുത്തുന്നത്.
കേരളത്തിലെ വീടുകളിലെ പ്രത്യേക ഉപഭോഗ രീതിയാണ് ഇതിന് പ്രധാന കാരണം. പകല്‍ സമയങ്ങളില്‍ വീട്ടിലുള്ളവര്‍ ജോലിക്കും പഠനത്തിനുമായി പുറത്തുപോകുന്നതിനാല്‍ വീടുകളിലെ വൈദ്യുതി ഉപയോഗം വളരെ കുറവായിരിക്കും. എന്നാല്‍ ഇതേ സമയത്താണ് പുരപ്പുറ സോളാര്‍ പ്ലാന്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വീടുകളില്‍ ഉപയോഗം കുറവായതിനാല്‍ ഈ വൈദ്യുതി മുഴുവന്‍ കെഎസ്ഇബിയുടെ വിതരണ ലൈനുകളിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ ലൈനുകളില്‍ വൈദ്യുതി പ്രവാഹം കൂടുകയും വോള്‍ട്ടേജ് 270 വരെ കുതിച്ചുയരുകയും ചെയ്യുന്നു.
സോളാര്‍ ഉപഭോക്താക്കള്‍ക്ക് ഇരട്ടി സാമ്പത്തിക പ്രഹരം
വൈദ്യുതി ലാഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച സോളാര്‍ ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഈ പ്രതിഭാസം ഉണ്ടാക്കുന്നത്. ലൈനിലെ വോള്‍ട്ടേജ് പരിധി വിട്ടുയരുമ്പോള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വീടുകളിലെ സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ സ്വയം ഓഫാകും (Tripping). ഇതുവഴി നിങ്ങള്‍ വീട്ടില്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ എക്സ്പോര്‍ട്ട് മുടങ്ങുന്നു. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന പകല്‍ സമയത്ത് ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ കെഎസ്ഇബി ഗ്രിഡിലേക്കുള്ള വൈദ്യുതി കയറ്റുമതി (Export) പൂര്‍ണ്ണമായും നിലയ്ക്കും.
ഇവിടെ തീരുന്നില്ല പ്രശ്‌നം. ഇതുമൂലം ബില്ലും ഫിക്സഡ് ചാര്‍ജും കൂടും. പകല്‍ എക്സ്പോര്‍ട്ട് മുടങ്ങുകയും, രാത്രികാലങ്ങളില്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ഉപയോഗം (Import) തുടരുകയും ചെയ്യുന്നതോടെ ഉപഭോക്താവിന്റെ നെറ്റ് ഉപഭോഗം ഉയരുന്നു. ഇതുമൂലം സോളാര്‍ വെച്ചിട്ടും വലിയ തുക വൈദ്യുതി ബില്ലായി നല്‍കേണ്ടി വരുന്നു. കൂടാതെ ഉയര്‍ന്ന ഉപഭോഗ സ്ലാബിലേക്ക് മാറുന്നതിനാല്‍ ഉയര്‍ന്ന ഫിക്സഡ് ചാര്‍ജും നല്‍കേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍.
സാധാരണകാര്‍ക്കും കനത്ത നഷ്ടം
സോളാര്‍ ഇല്ലാത്ത സാധാരണ വൈദ്യുതി ഉപഭോക്താക്കളെയും ഈ വോള്‍ട്ടേജ് വ്യതിയാനം സാരമായി ബാധിക്കുന്നുണ്ട്. ഒരേ ട്രാന്‍സ്ഫോമറിന് കീഴിലുള്ള എല്ലാ വീടുകളിലും പകല്‍ സമയത്ത് 250- 270 വോള്‍ട്ട് വൈദ്യുതിയാണ് എത്തുന്നത്. 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളുടെ സര്‍ക്യൂട്ട് ബോര്‍ഡുകളും മോട്ടോറുകളും അമിത വോള്‍ട്ടേജ് കാരണം കത്തിനശിക്കാന്‍ സാധ്യത കൂടുതലാണ്. സാധാരണ കുടുംബങ്ങള്‍ക്ക് അപ്രതീക്ഷിതമായ അറ്റകുറ്റപ്പണി ചെലവുകളും, സാമ്പത്തിക ബാധ്യതയുമാണ് ഇതുണ്ടാക്കുന്നത്.
തലപുകച്ച് കെഎസ്ഇബി, താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രം
പല കെഎസ്ഇബി സര്‍ക്കിളുകളിലും ട്രാന്‍സ്ഫോമറുകളുടെ ശേഷി പരിധി കഴിഞ്ഞതിനാല്‍ പുതിയ സോളാര്‍ കണക്ഷനുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇനി നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ ട്രാന്‍സ്‌ഫോമര്‍ ശേഷി വര്‍ധിപ്പിച്ചാല്‍ പുതിയ സോളാര്‍ കണക്ഷനുകളും അനുവദിക്കേണ്ടി വരും. പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രായോഗിക വഴികള്‍ തേടുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം ഇനിയും അകലെയാണ്.
നിലവിലെ സാഹചര്യത്തില്‍ വീടുകളിലെ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കുക എന്നതാണ് പ്രായോഗികമായ ഒരു പരിഹാരമെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പകല്‍ സമയത്ത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ ലൈനുകളിലെ അമിത വോള്‍ട്ടേജ് കുറയ്ക്കാന്‍ സാധിക്കും.
ഒരു പ്രദേശത്തെ സോളാര്‍ ഉപഭോക്താക്കള്‍ ഒരേ ഫേസിലോ ലൈനിലോ ആണെങ്കില്‍ അവരെ മറ്റ് ലൈനുകളിലേക്ക് മാറ്റി (Phase Shifting) പ്രശ്നം പരിഹരിക്കാനും കഴിയും. എന്നാല്‍ ഇതൊരു സ്ഥിരപ്രതിവിധിയല്ലെന്നും, മാറ്റിയ ലൈനുകളില്‍ പുതിയ സോളാര്‍ കണക്ഷനുകള്‍ വരുന്നതോടെ വോള്‍ട്ടേജ് പ്രശ്നം വീണ്ടും ഉടലെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.
പരിഹാരം ബാറ്ററി സ്റ്റോറേജ്, വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രായോഗിക വഴികള്‍
കേരളത്തിന്റെ പല ഭാഗത്തും ഈ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഊര്‍ജ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
- ട്രാന്‍സ്ഫോമര്‍ തലത്തില്‍ ബാറ്ററി സ്റ്റോറേജ്: സംസ്ഥാനത്ത് ഒന്നോ രണ്ടോ വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (BESS) സ്ഥാപിച്ചതുകൊണ്ട് ഈ പ്രശ്നം തീരില്ല. പകല്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ശേഖരിക്കാന്‍ ഓരോ ട്രാന്‍സ്ഫോമറിനും കീഴിലും സ്റ്റോറേജ് സംവിധാനം വേണം. കുറഞ്ഞപക്ഷം ഒരു പഞ്ചായത്തിലെങ്കിലും ഒരു സ്റ്റോറേജ് യൂണിറ്റ് സ്ഥാപിക്കേണ്ടതുണ്ട്.
- വീടുകളില്‍ തന്നെ ബാറ്ററി സംവിധാനം: നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ചതും ശാശ്വതവുമായ പ്രതിവിധി വീടുകളില്‍ തന്നെ ബാറ്ററി സ്റ്റോറേജ് (Hybrid Solar System) ഉറപ്പാക്കുക എന്നതാണ്. പകല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് വിടുന്നതിന് പകരം സ്വന്തം ബാറ്ററികളില്‍ സംഭരിച്ച് രാത്രിയില്‍ ഉപയോഗിച്ചാല്‍ ഇന്‍വെര്‍ട്ടര്‍ ട്രിപ്പ് ആകുന്നത് ഒഴിവാക്കാനും വൈദ്യുതി ബില്ല് കുറയ്ക്കാനും സാധിക്കും.
- ഉപഭോഗ സമയത്തിലെ ക്രമീകരണം: വാഷിംഗ് മെഷീന്‍, വാട്ടര്‍ പമ്പ്, ഇസ്തിരിപ്പെട്ടി, ഇവി വാഹന ചാര്‍ജിംഗ് തുടങ്ങിയ ഉയര്‍ന്ന വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ രാത്രിക്ക് പകരം പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ വോള്‍ട്ടേജ് വര്‍ധന ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
ഹരിത ഊര്‍ജത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിന് വലിയ വേഗം കൈവന്ന ഘട്ടത്തിലാണ് വോള്‍ട്ടേജ് പ്രതിസന്ധി വില്ലനായി എത്തുന്നത്. ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ക്ക് സബ്സിഡി നല്‍കിയും, വിതരണ ശൃംഖല നവീകരിച്ചും കെഎസ്ഇബിയും സര്‍ക്കാരും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സോളാര്‍ മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെത്തന്നെ ഈ പ്രതിസന്ധി ബാധിച്ചേക്കാം.
