Latest

ലോകത്തെ പുതിയ എണ്ണ രാജാവ് ഇന്ത്യയ്ക്കൊപ്പം; ഗൾഫിനെ ഞെട്ടിച്ച് ഗയാന, ദിവസം 10 ലക്ഷം ബാരൽ ക്രൂഡ് നൽകാമെന്ന് വാഗ്ദാനം

Share

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങൾക്ക് കരുത്തുപകരാൻ ഗയാനയുടെ പുതിയ വാഗ്ദാനം. ഇന്ത്യയുടെ പ്രതിദിന ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 20 ശതമാനം വരെ വിതരണം ചെയ്യാൻ തയ്യാറാണെന്നാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാന അറിയിച്ചിരിക്കുന്നത്. നിലവിൽ പരമ്പരാ​ഗത വിതരണക്കാരായ ​ഗൾഫ് രാജ്യങ്ങളുടെ സ്ഥാനത്തേക്കാണ് വാ​ഗ്ദാനവുമായി പുതിയ ‘എണ്ണരാജാവായ’ ​ഗയാന കടന്നു വരുന്നത്

ഊർജമേഖലയിൽ പുതിയ പങ്കാളിത്തത്തിന് നീക്കം
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ നിർണായക പങ്കാളിയാകാൻ തയ്യാറാണെന്ന് ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാന അറിയിച്ചത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ, ഇന്ത്യയുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിന് ഈ വാഗ്ദാനം പുതിയ സാധ്യതകൾ തുറന്നേക്കും.

ഇത് യാഥാർഥ്യമായാൽ ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും, എണ്ണ ഇറക്കുമതി ബില്ലിലെ വർധന തടയുന്നതിനും സാധിക്കും. ഇന്ത്യ നിലവിൽ നാല്പതിലധികം രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഇറക്കുമതി നടത്തുന്നുണ്ട്. റഷ്യൻ ഇന്ധനത്തിന്റെ ആകർഷണം കുറഞ്ഞതോടെ വെനസ്വേല,​ ​ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഉയർത്തിയിരുന്നു

ഗയാനയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണർ ധരംകുമാർ സീരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ഗയാനയും തമ്മിൽ ദീർഘകാല ഊർജ പങ്കാളിത്തം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ നൽകാൻ ശേഷി

ഏകദേശം 12 ബില്യൺ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുള്ള രാജ്യമാണ് ഗയാന. ഇന്ത്യയുടെ പ്രതിദിന ക്രൂഡ് ഓയിൽ ഉപഭോഗം ഏകദേശം 50 ലക്ഷം ബാരലാണെന്നാണ് കണക്ക്. ഇതിന്റെ 20 ശതമാനമായ ഏകദേശം 10 ലക്ഷം ബാരൽ വരെ ഭാവിയിൽ ഇന്ത്യൻ റിഫൈനറികൾക്ക് നൽകാൻ കഴിയുമെന്നാണ് ഗയാനയുടെ വാഗ്ദാനം. ഇപ്രകാരം എണ്ണ ഇറക്കുമതി വർധിപ്പിക്കാനായാൽ പശ്ചിമേഷ്യ ഉൾപ്പെടെയുള്ള പരമ്പരാഗത വിതരണ മേഖലകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചേക്കും.

സംയുക്ത റിഫൈനറികൾ സ്ഥാപിക്കാനും നീക്കം

ക്രൂഡ് ഓയിൽ കയറ്റുമതിയിൽ മാത്രം ഒതുങ്ങാതെ ഇന്ത്യയുമായി ചേർന്ന് എണ്ണ ശുദ്ധീകരണശാലകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും ഗയാന പരിശോധിക്കുന്നുണ്ട്. ഗയാനയിൽ നിന്നുള്ള ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ പെട്രോളിയം ഉൽപ്പന്നങ്ങളാക്കി ആഭ്യന്തര വിപണിയിലും, വിദേശ വിപണികളിലും വിൽക്കുകയാണ് ലക്ഷ്യം.

റിഫൈനറികളുടെ പ്രവർത്തനം, സാങ്കേതികവിദ്യ, എൻജിനീയറിങ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പരിചയസമ്പത്ത് ഈ പദ്ധതികൾക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഏജൻസികളുമായും ഇന്ത്യൻ സ്വകാര്യ കമ്പനികളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും ഹൈക്കമ്മീഷണർ വ്യക്തമാക്കി.

അറ്റ്ലാന്റിക് സമുദ്രത്തിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രം

അറ്റ്ലാന്റിക് സമുദ്രത്തിലെ ആഴക്കടൽ കപ്പൽച്ചാലിന് സമീപം, വലിയൊരു മറൈൻ റീഫ്യൂവലിങ്, ബങ്കറിങ് കേന്ദ്രം സ്ഥാപിക്കാനും ഗയാനയ്ക്ക് പദ്ധതിയുണ്ട്. അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും, മറ്റ് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനുമുള്ള കേന്ദ്രമായിരിക്കും ഇത്. ഇവിടെ, തുറമുഖ എൻജിനീയറിങ്, സമുദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തവും ഗയാന പ്രതീക്ഷിക്കുന്നുണ്ട്.

നയതന്ത്ര നീക്കങ്ങളുടെ വിജയം

2024 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാന സന്ദർശിച്ചിരുന്നു. CARICOM-ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായുള്ള ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെയ്പായി വിലയിരുത്തപ്പെടുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഗയാന ഉൾപ്പെടെയുള്ള കരീബിയൻ രാജ്യങ്ങളിലെ പ്രതിനിധികളുമായി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ സഹകരണം വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് എന്താണ് നേട്ടം?

ഗയാനയുമായുള്ള ഊർജ സഹകരണം ശക്തിപ്പെട്ടാൽ ഇന്ത്യയ്ക്ക് ലഭിക്കാവുന്ന പ്രധാന നേട്ടങ്ങളാണ് താഴെ പറയുന്നത്

  • ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് പുതിയൊരു വിതരണ സ്രോതസ്സ്.
  • പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള അവസരം.
  • സംയുക്ത റിഫൈനറി പദ്ധതികളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് നിക്ഷേപ സാധ്യതകൾ.
  • ശുദ്ധീകരിച്ച ക്രൂഡ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പുതിയ വിപണികൾ.
  • സമുദ്ര ഗതാഗത, ഇന്ധന വിതരണ മേഖലകളിൽ കൂടുതൽ സഹകരണം.

Leave a Reply

Your email address will not be published. Required fields are marked *