
വീണ്ടും വിപ്ലവകരമായ മാറ്റങ്ങളുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). വിരമിക്കുന്ന സമയത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി ലഭ്യമാക്കാനുള്ള പുതിയ സംവിധാനത്തിന് അംഗീകാരം നൽകി. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (SWP) എന്ന പേരിലുള്ള ഈ പദ്ധതി, വിരമിച്ച ശേഷവും പിഎഫ് സമ്പാദ്യം വരുമാനമായി ഉപയോഗിക്കാൻ അംഗങ്ങൾക്ക് അവസരമൊരുക്കും. കൂടാതെ, പി.എഫ് അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട മിനിമം ബാലൻസ് പരിധി 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാനും ഇ.പി.എഫ്.ഒ ബോർഡ് അനുമതി നൽകി.
എന്താണ് പുതിയ SWP പദ്ധതി?നിലവിൽ വിരമിക്കുമ്പോൾ പിഎഫ് അക്കൗണ്ടിലെ സമ്പാദ്യം മുഴുവനായി പിൻവലിക്കാനാണ് അംഗങ്ങൾക്ക് സാധിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ മുഴുവൻ തുകയും ഒരുമിച്ച് പിൻവലിക്കാതെ ആവശ്യാനുസരണം ഘട്ടംഘട്ടമായി കൈപ്പറ്റാം.
പ്രധാനമായും, പിൻവലിക്കാത്ത തുക പിഎഫ് അക്കൗണ്ടിൽ തന്നെ തുടരും. ഈ തുകയ്ക്ക് ബാധകമായ നിരക്കിൽ പലിശ ലഭിക്കുകയും ചെയ്യും. അതുവഴി വിരമിച്ച ശേഷവും സമ്പാദ്യത്തിന്റെ ഒരു ഭാഗം പിഎഫ് സംവിധാനത്തിൽ നിലനിർത്തിക്കൊണ്ട് വരുമാനം നേടാൻ കഴിയും.
പണം പിൻവലിക്കാൻ മൂന്ന് രീതികൾ ഉണ്ടാകും. ആവശ്യമായ ഒരു തുക ആദ്യം പിൻവലിച്ചശേഷം ബാക്കി തുക ഘട്ടംഘട്ടമായി കൈപ്പറ്റാം. അക്കൗണ്ടിലെ അടിസ്ഥാന സമ്പാദ്യം നിലനിർത്തി അതിൽനിന്നുള്ള പലിശ മാത്രം പിൻവലിക്കാനുള്ള രീതിയും പരിഗണനയിലുണ്ട്.പദ്ധതിയുടെ അന്തിമ ചട്ടങ്ങൾ അനുസരിച്ചായിരിക്കും ഈ സൗകര്യങ്ങൾ നടപ്പാക്കുക.
ആവശ്യമെങ്കിൽ പദ്ധതി അവസാനിപ്പിച്ച് അക്കൗണ്ടിലെ ശേഷിക്കുന്ന തുക പിൻവലിക്കാനും അംഗങ്ങൾക്ക് അവസരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിരമിച്ച വ്യക്തിയുടെ വിയോഗ ശേഷം, ബാക്കിയുള്ള തുക നോമിനിക്ക് ഒന്നിച്ച് പിൻവലിക്കുകയോ, തവണകളായി തുടർന്നും വാങ്ങുകയോ ചെയ്യാം.
ആദ്യഘട്ടത്തിൽ 6.3 ലക്ഷം പേർക്ക് പ്രയോജനം
പുതിയ സംവിധാനത്തിന്റെ ആദ്യഘട്ടത്തിൽ 55 വയസ്സിന് മുകളിലുള്ള ഏകദേശം 6.3 ലക്ഷം ഇപിഎഫ്ഒ അംഗങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. വിരമിക്കലിനുശേഷം വലിയൊരു തുക ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനുപകരം സ്ഥിരമായ ഇടവേളകളിൽ വരുമാനം ലഭിക്കുന്നത് സാമ്പത്തിക ആസൂത്രണം എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ
വിരമിച്ച ശേഷവും പിഎഫിൽ പണം നിക്ഷേപിക്കാം?
പുതിയ സംവിധാനത്തിന്റെ ഭാഗമായി പി.എഫ് അക്കൗണ്ടിലേക്ക് സ്വമേധയാ കൂടുതൽ തുക നിക്ഷേപിക്കാനുള്ള സൗകര്യങ്ങളും പരിഗണിക്കുന്നുണ്ട്. തൊഴിലുടമയുടെ ശമ്പളവിതരണ സംവിധാനത്തിന് പുറത്തു നിന്ന്, ഡിജിറ്റൽ മാർഗങ്ങളിലൂടെ നേരിട്ട് സംഭാവന നൽകാൻ ഇതിലൂടെ അവസരമൊരുങ്ങിയേക്കും.
ഗിഗ് തൊഴിലാളികൾക്കും അസംഘടിത മേഖലയിലെ ജീവനക്കാർക്കും ചെറിയ തുകകൾ പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ടിപ്പുകൾ, സമ്മാനത്തുകകൾ, മറ്റ് ചെറിയ വരുമാനങ്ങൾ എന്നിവ UAN ബന്ധിപ്പിച്ച ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പിഎഫിലേക്ക് എത്തിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. എന്നാൽ ഇത്തരം നിക്ഷേപങ്ങൾക്ക് നിശ്ചിത പരിധികളും ചട്ടങ്ങളും ബാധകമായിരിക്കും.
മിനിമം ബാലൻസ് 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുന്നു
പി.എഫ് അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട മിനിമം ബാലൻസ് പരിധി 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ ഇ.പി.എഫ്.ഒ ബോർഡ് അനുമതി നൽകി. ഇതോടെ, അത്യാവശ്യ ഘട്ടങ്ങളിൽ അക്കൗണ്ടിലുള്ള തുകയുടെ 90 ശതമാനം വരെ പിൻവലിക്കാൻ ജീവനക്കാർക്ക് സാധിക്കും.
നിലവിലെ നിയമപ്രകാരം ഭാഗികമായി പണം പിൻവലിക്കുമ്പോൾ (Partial Withdrawal) അക്കൗണ്ടിലെ യോഗ്യമായ ബാലൻസിന്റെ 25% നിർബന്ധമായും അക്കൗണ്ടിൽ നിലനിർത്തണമായിരുന്നു. ഇത് 10% ആയി കുറയുന്നതോടെ, വരിക്കാർക്ക് കൂടുതൽ തുക കൈവശം ലഭിക്കും.
ജോലി നഷ്ടപ്പെട്ട് തൊഴിൽരഹിതരായി തുടരുന്നവർക്ക് പി.എഫ് തുക പൂർണ്ണമായി പിൻവലിക്കുന്നതിനുള്ള (Premature Final Settlement) കാത്തിരിപ്പ് കാലാവധി വീണ്ടും 2 മാസമായി കുറച്ചു. 2025 ഒക്ടോബറിൽ ഇത് 12 മാസമായി ഉയർത്തിയിരുന്നു. ഈ കർശന വ്യവസ്ഥയാണ് ഇപ്പോൾ പിൻവലിച്ചത്. എന്നാൽ പെൻഷൻ തുക (EPS) പിൻവലിക്കുന്നതിനുള്ള കുറഞ്ഞ കാലാവധി 36 മാസമായി തുടരും.
വീട് നിർമ്മാണം, ചികിത്സ, വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തുനിന്ന് ഉയർന്ന പലിശയ്ക്ക് വായ്പ എടുക്കാതെ തന്നെ സ്വന്തം പി.എഫ് സമ്പാദ്യത്തിന്റെ 90% വരെ ഉപയോഗിക്കാം.
