Latest

ആശ്വാസം; ഇന്ത്യയിൽ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധിയിൽ മാറ്റം, പുതിയ ബിഎസ്-6 വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ ഇളവ്

Share
PUC Certificate new rules

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റായ പി.യു.സി (Pollution Under Control-PUC) പുതുക്കുന്നതിനുള്ള കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. പുതിയ ബിഎസ്-6 വാഹനങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ് ഉപയോഗിക്കാനാകും. വാഹനത്തിന്റെ പഴക്കം, സ്വകാര്യ വാഹനം അല്ലെങ്കിൽ വാണിജ്യ വാഹനം എന്നീ വിഭാഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2026 നവംബർ 13-നാണ് ഇതുസംബന്ധിച്ച സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (16-ാം ഭേദഗതി) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഇതോടെ 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്.ബിഎസ്-6 സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് വർഷം

ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ ആറു വർഷം വരെ പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങൾക്ക് ഇനി മൂന്ന് വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ് ലഭിക്കും. ആറു വർഷത്തിന് മുകളിൽ 10 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം. 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ആറു മാസത്തിലൊരിക്കൽ പിയുസി പരിശോധന നടത്തണം.

വാണിജ്യ വാഹനങ്ങൾക്ക് പ്രത്യേക കാലാവധി

ബിഎസ്-6 വിഭാഗത്തിലുള്ള വാണിജ്യ വാഹനങ്ങൾക്കും പുതിയ കാലാവധി ബാധകമാണ്. ആറു വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് രണ്ട് വർഷത്തേക്കാണ് പി.യു.സി സർട്ടിഫിക്കറ്റ് ലഭിക്കുക. ആറു വർഷത്തിന് മുകളിൽ 10 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം. 10 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് ആറു മാസത്തിലൊരിക്കൽ പരിശോധന നിർബന്ധമാണ്.

മറ്റ് വാഹനങ്ങളുടെ PUC കാലാവധി

ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് മൂന്ന് മാസമാണ് പി.യു.സി സർട്ടിഫിക്കറ്റിന്റെ കാലാവധി. ബിഎസ്-4 വാഹനങ്ങൾക്ക് ആറു മാസത്തേക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

പുതിയ PUC കാലാവധി ഒറ്റ നോട്ടത്തിൽ

വാഹന വിഭാഗം, സർട്ടിഫിക്കറ്റ് കാലാവധി എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്

  • ബിഎസ്-1, 2, 3 വാഹനങ്ങൾ : 3 മാസം
  • ബിഎസ്-4 വാഹനങ്ങൾ : 6 മാസം
  • ബിഎസ്-6 സ്വകാര്യ വാഹനങ്ങൾ (6 വർഷം വരെ) : 3 വർഷം
  • ബിഎസ്-6 സ്വകാര്യ വാഹനങ്ങൾ (6–10 വർഷം) : 1 വർഷം
  • ബിഎസ്-6 സ്വകാര്യ വാഹനങ്ങൾ (10 വർഷത്തിന് മുകളിൽ) : 6 മാസം
  • ബിഎസ്-6 വാണിജ്യ വാഹനങ്ങൾ (6 വർഷം വരെ) : 2 വർഷം
  • ബിഎസ്-6 വാണിജ്യ വാഹനങ്ങൾ (6–10 വർഷം) : 1 വർഷം
  • ബിഎസ്-6 വാണിജ്യ വാഹനങ്ങൾ (10 വർഷത്തിന് മുകളിൽ) : 6 മാസം

നിലവിലുള്ള സർട്ടിഫിക്കറ്റുകൾക്ക് എന്ത് സംഭവിക്കും?

പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ലഭിച്ച പി.യു.സി സർട്ടിഫിക്കറ്റുകളുടെ കാലാവധി ഉടൻ മാറില്ല. നിലവിലുള്ള സർട്ടിഫിക്കറ്റ് അതിന്റെ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. പുതിയ കാലാവധി ആദ്യമായി പുതുക്കുന്ന സമയത്താണ് ബാധകമാകുക.

സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 10 ദിവസത്തിനുള്ളിൽ പുതുക്കലിനായി അപേക്ഷിച്ചാൽ പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി പഴയ സർട്ടിഫിക്കറ്റിന്റെ അവസാന തിയ്യതി മുതൽ കണക്കാക്കും. കാലാവധി കഴിഞ്ഞതിനുശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തീയതി മുതലായിരിക്കും കാലാവധി കണക്കാക്കുക.

വാഹനങ്ങളുടെ മലിനീകരണ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇതിലൂടെയെല്ലാം ഉദ്ദേശിക്കുന്നത്. പുതിയതും, കുറഞ്ഞ മലിനീകരണമുള്ളതുമായ വാഹനങ്ങളുടെ പി.യു.സി പുതുക്കൽ നടപടികളുടെ ബുദ്ധിമുട്ട് കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു

Leave a Reply

Your email address will not be published. Required fields are marked *