
രാജ്യത്തെ ഏറ്റവും വലിയ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് സൈറ്റ്, ഒഡീഷയിൽ നിർമിക്കാനും, ഓപ്പറേറ്റ് ചെയ്യാനും ഇന്ത്യ സ്വകാര്യ നിക്ഷേപകരെ തേടുന്നു. ഏകദേശം 8,571 കോടി രൂപയുടെ ഭീമമായ മൂലധനനിക്ഷേപം പ്രതീക്ഷിക്കുന്ന വൻകിട പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് ക്ഷണിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ശേഷി 80% വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒഡീഷയിലെ ചണ്ഡിഖോൾ എന്ന സ്ഥലത്താണ് നിർദ്ദിഷ്ട പദ്ധതി നടപ്പാവുക. ബംഗാൾ സമുദ്രതീരത്തോട് ചേർന്ന ഈ പ്രദേശത്ത് വിഭാവനം ചെയ്യുന്ന പ്രൊജക്ടിലെ ക്രൂഡ് ഓയിൽ റിസർവ് 4 ദശലക്ഷം ടൺ എന്ന നിലയിലാണ്.ഭീമമായ സ്വകാര്യ നിക്ഷേപത്തെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാരും രംഗത്തുണ്ട്. സ്വകാര്യ നിക്ഷേപത്തിന് ഗ്രാന്റായി 546 ദശലക്ഷം ഡോളർ ഗവൺമന്റ് നൽകും. ഇതുമായി ബന്ധപ്പെട്ട ബിഡ് സമർപ്പിക്കാൻ 2027 ഫെബ്രുവരി 26ാം തിയ്യതി വരെയാണ് സമയപരിധിയുള്ളത്.
ഇന്ത്യയുടെ ക്രൂഡ് റിസർവ്
നിലവിൽ ഇന്ത്യയുടെ ആകെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് 5.33 ദശലക്ഷം ബാരലുകളുടേതാണ്. ഇത് 39 ദശലക്ഷം ബാരലുകൾക്ക് സമാനമാണ്. ഇന്ത്യയുടെ 8 ദിവസത്തെ ക്രൂഡ് ഓയിൽ ഉപഭോഗത്തിന് ആവശ്യമായ റിസർവ് മാത്രമാണിത്. അതേ സമയം ഇന്ത്യൻ എണ്ണക്കമ്പനികളുടെ കൈവശമുള്ള റിസർവ് കൂടി പരിഗണിച്ചാൽ 70 ദിവസങ്ങൾക്ക് മുകളിലുള്ള ശേഖരമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എന്തു കൊണ്ട് ശേഷി വികസനം?
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സ്ട്രാറ്റജിക് ക്രൂഡ് ഓയിൽ റിസർവ് ഉയർത്തുക എന്നത് ഇന്ത്യയുടെ മുഖ്യ പരിഗണനകളിലൊന്നായിരുന്നു. ഹോർമുസിൽ പ്രതിസന്ധിയുണ്ടായതോടെ ഈ പദ്ധതിക്ക് ഗതിവേഗം പകരാനാണ് ഇന്ത്യ ശ്രമിച്ചത്. ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ മംഗളൂരുവിൽ പുതിയ സ്ട്രാറ്റജിക് സ്റ്റോറേജ് സൈറ്റ് നിർമിക്കാൻ പോകുന്നത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി
ഗൾഫിൽ നിന്ന് ഹോർമുസിലൂടെയുള്ള ഇന്ധനവരവിന് തടസ്സമുണ്ടായി. എന്നാൽ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ധനമെത്തിയതും, നാല്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യ ക്രൂഡ് ഇറക്കുമതി വൈവിദ്ധ്യവൽക്കരിച്ചതും തിരിച്ചടികളുടെ ആഘാതം കുറച്ചു. ഇതിനിടയിൽ, അധികമായി സ്റ്റോറേജ് സൈറ്റുകൾ ഉണ്ടാകേണ്ട ആവശ്യകത ഇന്ത്യ തിരിച്ചറിയുകയായിരുന്നു.
ക്രൂഡ് സ്ട്രാറ്റജിക് റിസർവ് – പ്രധാന നേട്ടങ്ങൾ
ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിലാണ്. രാജ്യത്ത് അധിക സ്റ്റോറേജ് ശേഷിയുണ്ടാകുന്നത് ക്രൂഡ് വിലയിലെ വലിയ കയറ്റിറക്കങ്ങളിൽ നിന്ന് കവചവുമൊരുക്കും. ഇന്ത്യയുടെ ഇന്ധന ബില്ലിൽ ഇത്തരത്തിൽ സ്ഥിരത കൈവരിക്കാൻ കഴിയുന്നത് രാജ്യത്തെ പണപ്പെരുപ്പം, സാമ്പത്തിക വളർച്ച എന്നിവയെപ്പോലും പോസിറ്റീവായി സ്വാധീനിക്കും.
ഇതിനാൽത്തന്നെ വലിയ നിക്ഷേപം നടത്തിയിട്ടാണെങ്കിലും വലിയ ക്രൂഡ് റിസർവ് ഒരുക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് വലിയ നിക്ഷേപങ്ങൾക്ക് തയ്യാറായി വൻകിട കമ്പനികൾ രംഗത്തു വരുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
