
ജിയോ ബ്ലാക്ക് റോക്ക് അവതരിപ്പിച്ച പുതിയ ഫണ്ടാണ് ‘ ജിയോ ബ്ലാക്ക്‌റോക്ക് അഡ്വാന്റേജ് വേൾഡ് ഇക്വിറ്റി ഫണ്ട് ‘ (JioBlackRock Advantage World Equity Fund-IFSC). GIFT സിറ്റി അധിഷ്ഠിതമായ ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ഇന്റർനാഷണൽ ഇക്വിറ്റി പോർട്ഫോളിയോയിലേക്കാണ് വാതായനം തുറക്കുന്നത്. 2026 ഒക്ടോബർ 26ന് ന്യൂ ഫണ്ട് ഓഫർ സബ്സ്ക്രിപ്ഷൻ ആരംഭിച്ചു. ഇതിന്റെ ക്ലോസിങ് തിയ്യതി നിലവിൽ ലഭ്യമായിട്ടില്ല.
ജിയോ ബ്ലാക്ക്‌റോക്ക് അഡ്വാന്റേജ് വേൾഡ് ഇക്വിറ്റി ഫണ്ട്
ബ്ലാക്ക്‌റോക്ക് മാനേജ് ചെയ്യുന്ന അഡ്വാന്റേജ് വേൾഡ് ഇക്വിറ്റി ഫണ്ടിലാണ് ഈ സ്കീം നിക്ഷേപം നടത്തുന്നത്. ഇതിലൂടെ നിക്ഷേപകർക്ക് അടിസ്ഥാന ഫണ്ടിന്റെ സഹായത്തോടെ ആഗോള ഓഹരി വിപണികളിൽ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്നു. കുറഞ്ഞത് 5,000 ഡോളറാണ് ഈ ഫണ്ടിലെ നിക്ഷേപത്തുക.
ഇതൊരു ഫണ്ട് ഓഫ് ഫണ്ട്സ് ആണ്. അതായത്, ഒരു ഫണ്ടിലൂടെ മറ്റൊരു അടിസ്ഥാന ഫണ്ടിന്റെ നിക്ഷേപ പോർട്ഫോളിയോയിൽ പങ്കാളിയാകാൻ നിക്ഷേപകർക്ക് സാധിക്കും. ലോകമെമ്പാടുമുള്ള വികസിതമായ വിപണികളിൽ പ്രവർത്തിക്കുന്നതോ, ലിസ്റ്റ് ചെയ്തിട്ടുള്ളതോ, തങ്ങളുടെ ബിസിനസിന്റെ വലിയൊരു ഭാഗം ഇത്തരം വിപണികളിൽ നിന്ന് നേടുന്നതോ ആയ കമ്പനികളുടെ ഓഹരികളിലും, ഓഹരി അധിഷ്ഠിത ഇൻസ്ട്രുമെന്റ്സിലുമാണ് അടിസ്ഥാന ഫണ്ട് നിക്ഷേപിക്കുന്നത്.
പുതിയ ഫണ്ടിന്റെ പ്രധാന സവിശേഷതകൾ
ഹ്യൂമൻ അഥവാ മനുഷ്യരുടെ നിക്ഷേപ വൈദഗ്ധ്യവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും സംയോജിപ്പിച്ചുള്ള നിക്ഷേപ രീതിയാണ് ഈ ഫണ്ടിന്റെ പ്രധാന സവിശേഷതകളിലൊന്ന്. അടിസ്ഥാന ബ്ലാക്ക്‌റോക്ക് ഫണ്ട്, വികസിത വിപണികളിലെ നിക്ഷേപ അവസരങ്ങൾ കണ്ടെത്താൻ ക്വാണ്ടിറ്റേറ്റീവ് മോഡലുകളും, ഡാറ്റാ വിശകലനവും ഉപയോഗിക്കുന്ന ചിട്ടയായ നിക്ഷേപ തന്ത്രമാണ് പിന്തുടരുന്നത്.
കമ്പനികളുടെ സാമ്പത്തിക അടിത്തറ, വിപണിയിലെ നിക്ഷേപകരുടെ മനോഭാവം, വിശാലമായ ഫിനാൻഷ്യൽ ട്രെൻഡ്, സുസ്ഥിരതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവയെല്ലാം വിലയിരുത്തുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ മെഷീൻ ലേണിങ്ങും, ഡാറ്റയും ഉപയോഗിക്കുന്നുണ്ട്. ഈ വിവരങ്ങൾ, ഫണ്ട് മാനേജർമാരുടെ ഗവേഷണവും വിലയിരുത്തലുകളുമായി സംയോജിപ്പിച്ചാണ് പോർട്ഫോളിയോ രൂപീകരിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യുന്നത്.
ബ്ലാക്ക്‌റോക്കിന്റെ ‘അലാഡിൻ’ എന്ന ടെക്നിക്കൽ പ്ലാറ്റ്‌ഫോമിന്റെ പിന്തുണയും ഈ ഫണ്ടിനുണ്ട്. പോർട്ഫോളിയോ രൂപീകരണത്തിനും, റിസ്ക് മാനേജ്മെന്റിനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
ജിയോ ബ്ലാക്ക്‌റോക്ക് സ്കീമിന്റെ ആസ്തികളിൽ 90% മുതൽ 100% വരെ അടിസ്ഥാന ബ്ലാക്ക്‌റോക്ക് അഡ്വാന്റേജ് വേൾഡ് ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കും. ശേഷിക്കുന്ന 0% മുതൽ 10% വരെ മണി മാർക്കറ്റ് ഇൻസ്ട്രുമെന്റ്സ്, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയ അനുവദനീയമായ താൽക്കാലിക നിക്ഷേപങ്ങളിൽ സൂക്ഷിക്കും.
ആർക്കൊക്കെ നിക്ഷേപിക്കാം?
ബാധകമായ നിയന്ത്രണങ്ങൾ പ്രകാരം നിക്ഷേപിക്കാൻ അനുമതിയുള്ളവർക്കാണ് ജിയോ ബ്ലാക്ക്‌റോക്ക് അഡ്വാന്റേജ് വേൾഡ് ഇക്വിറ്റി ഫണ്ട് ലഭ്യമാകുക. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) വഴി നിക്ഷേപം നടത്താൻ കഴിയുന്ന, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്കും ഇതിൽ നിക്ഷേപിക്കാം. ബാധകമായ ഓവർസീസ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (OPI) മാർഗത്തിലൂടെ ഇന്ത്യൻ സ്ഥാപനങ്ങൾക്കും ഇൻവെസ്റ്റ്മെന്റ് നടത്താൻ സാധിക്കും.
എന്നാൽ, ഇന്ത്യയിലെ പല ആഭ്യന്തര മ്യൂച്വൽ ഫണ്ട് സ്കീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫണ്ടിലെ കുറഞ്ഞ നിക്ഷേപത്തുക കൂടുതലാണ്. ഇത് സംബന്ധിച്ച വിവരങ്ങളാണ് താഴെ നൽകുന്നത്
- ആദ്യ നിക്ഷേപം: കുറഞ്ഞത് 5,000 ഡോളർ (ഏകദേശം 4.4 ലക്ഷം രൂപ)
- തുടർ നിക്ഷേപം: കുറഞ്ഞത് 1,000 ഡോളറിന്റെ ഗുണിതങ്ങളായി
- പ്ലാനുകൾ: ഡയറക്ട്, റെഗുലർ
ജിയോ ബ്ലാക്ക്‌റോക്കിന്റെ വെബ്സൈറ്റിൽ, നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് ഓൺലൈനായി അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. നിക്ഷേപത്തിന് മുമ്പ് യോഗ്യതയും, അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നടപടികളും പരിശോധിക്കേണ്ടതാണ്
ഫീസുകളും, മറ്റ് പ്രധാന വിവരങ്ങളും
നിക്ഷേപത്തുകയ്ക്ക് പുറമെ ഫണ്ട് കൈവശം വയ്ക്കുന്നതിനുള്ള ചെലവുകളും പരിശോധിക്കേണ്ടതുണ്ട്. ഡയറക്ട്, റെഗുലർ പ്ലാനുകൾക്ക് വ്യത്യസ്ത ചെലവ് റേഷ്യോകളാണുള്ളത്. നിക്ഷേപം പിൻവലിക്കുമ്പോൾ പ്രത്യേക എക്സിറ്റ് ലോഡ് ഈടാക്കില്ല. ഒരു യൂണിറ്റിന്റെ പ്രാരംഭ ഓഫർ വില 100 ഡോളറാണ്. ഫണ്ടിലെ യൂണിറ്റുകളുടെ മൂല്യം യു.എസ് ഡോളറിലാണ് കണക്കാക്കുന്നത്. അതിനാൽ നിക്ഷേപത്തുകയെയും, കൈവശമുള്ള യൂണിറ്റുകളുടെ മൂല്യത്തെയും കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങൾ സ്വാധീനിക്കാം
ഇൻവെസ്റ്റ് ചെയ്ത പണം എപ്പോൾ പിൻവലിക്കാനാകുമെന്നതും പ്രധാനമാണ്. ജിയോ ബ്ലാക്ക്‌റോക്ക് അഡ്വാന്റേജ് വേൾഡ് ഇക്വിറ്റി ഫണ്ടിന്റെ മൂല്യം ദിവസേനയാണ് കണക്കാക്കുന്നത്. ബാധകമായ വാല്യുവേഷൻ നടക്കുന്ന ദിവസമാണ് നിക്ഷേപവും, പിൻവലിക്കലും പ്രോസസ് ചെയ്യുന്നത്.
ഇടപാടുകൾക്കുള്ള കട്ട് ഓഫ് സമയം ഇന്ത്യൻ സമയം രാവിലെ 11 മണിയാണ്. മൂല്യനിർണയ ദിവസം മുതൽ ഏഴ് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നിക്ഷേപകന്റെ റജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിച്ച തുക കൈമാറുന്നതാണ്.
ടാക്സ് ഇങ്ങനെ…
നികുതി വ്യവസ്ഥകളും നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫണ്ട് ഡോക്യുമെന്റ്സ് പ്രകാരം, 24 മാസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ച് ലഭിക്കുന്ന ഹ്രസ്വകാല നേട്ടങ്ങൾക്ക് 30% നികുതിയും 24 മാസത്തിന് ശേഷം ലഭിക്കുന്ന ദീർഘകാല നേട്ടങ്ങൾക്ക് 12.5% നികുതിയുമാണ് നൽകേണ്ടത്. ബാധകമായ സർചാർജ്ജും, സെസും ഇതിന് പുറമെയാണ്.
എന്നാൽ ഫണ്ടിന്റെ നികുതി ബാധ്യതകൾ ഫണ്ട് തലത്തിലാണ് കൈകാര്യം ചെയ്യുന്നത്. നിക്ഷേപകന്റെ വ്യക്തിഗത സാഹചര്യങ്ങളും, ബാധകമായ ടാക്സ് നിയമങ്ങളും അനുസരിച്ച് യഥാർഥ നികുതി ബാധ്യതയിൽ മാറ്റമുണ്ടാകാം. അതിനാൽ നിക്ഷേപിക്കുന്നതിന് മുമ്പ് യോഗ്യതയുള്ള ഒരു നികുതി വിദഗ്ധന്റെ നിർദ്ദേശം നിങ്ങൾക്ക് തേടാവുന്നതാണ്.
