
വ്യാജ ഗുണഭോക്താക്കളെ തടയുന്നതിനായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന് കീഴിലുള്ള ക്ഷേമപദ്ധതികള്‍ക്ക് ആധാറിനൊപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും (EPIC), വിരലടയാള പരിശോധനയും നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ‘പീപ്പിള്‍സ് പ്ലാന്‍ കാമ്പയിന് 202627’ ദേശീയ ശില്‍പ്പശാലയിലാണ് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ആധാര്‍ അധിഷ്ഠിത പണമിടപാട് (DBT) രീതിക്ക് പകരം വോട്ടര്‍ ഐഡി മാനദണ്ഡമാക്കാനുള്ള ഈ നീക്കം കേരളത്തിലെ തൊഴിലുറപ്പ്, ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ ബാധിക്കാം.
വോട്ടര്‍ ഐഡിയും വിരലടയാളവുംപഞ്ചായത്തീരാജ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ നമ്പറിന്റെ മാത്രം അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറില്ല. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താവിന്റെ വോട്ടര്‍ ഐഡി നമ്പറും (EPIC നമ്പര്‍)ം, വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് പരിശോധനയും നിര്‍ബന്ധമാക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാര്‍ പുതുതായി അനുമതി നല്കിയ ‘പ്രധാന് മന്ത്രി വികസിത് ഗ്രാം സ്വരാജ് യോജന’ (PM-VGSY) ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഈ മാനദണ്ഡം നടപ്പിലാക്കാനാണ് ആലോചന.
മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍
എവിടെയും വളരെ എളുപ്പത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്കുന്ന കേന്ദ്രങ്ങളുണ്ടെന്നും, വ്യാജ രേഖകള്‍ ചമയ്ക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി തന്നെ ഒന്നിലധികം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാനും ഗുണഭോക്തൃ പട്ടികയിലെ വ്യാജ പേരുകള്‍ നീക്കം ചെയ്യാനും പുതിയ പരിഷകാരത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതത് പ്രദേശത്തെ യഥാര്‍ത്ഥ താമസക്കാരും, സമ്മതിദായകരുമായ ആളുകള്‍ക്ക് തന്നെയാണ് ഗ്രാമപഞ്ചായത്ത് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് ഈ മാറ്റങ്ങളിലൂടെ ഉറപ്പാക്കാന്‍ കഴിയും.
മാറ്റങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കും
കേന്ദ്രാവിഷ്കൃത പഞ്ചായത്ത് പദ്ധതികള്‍, ഭവന നിര്‍മ്മാണ സഹായങ്ങള്‍ (ലൈഫ് / പി.എം ആവാസ് യോജന), തൊഴിലുറപ്പ് വിഹിതങ്ങള്‍ എന്നിവ കൈപ്പറ്റുന്നവര്‍ ബാങ്ക് അക്കൗണ്ടും, വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കേണ്ടി വരും. ഇതിനു പുറമേ ബാങ്കുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ പഞ്ചായത്ത് ഓഫീസുകളിലോ എത്തി നേരിട്ട് വിരലടയാളം നല്കി ഇ-കെവൈസി (e-KYC) പുതുക്കേണ്ടി വരും.
നിലവിലെ ആധാര്‍ അധിഷ്ഠിത പണമിടപാട് രീതിയില്‍ നിന്ന് പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ പുതുക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും ബാങ്കുകളിലും അധിക സമയം ചെലവഴിക്കേണ്ടി വന്നേക്കാം.
പുതിയ നീക്കം കൊണ്ടുള്ള നേട്ടങ്ങള്‍
വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള പണം തട്ടലും, ചോര്‍ച്ചയും വലിയ തോതില്‍ തടയാന്‍ ഈ മാറ്റങ്ങള്‍ വഴി സാധിക്കും. തദ്ദേശീയമായി വോട്ടവകാശമുള്ള യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് തന്നെ സാമ്പത്തിക സഹായങ്ങള്‍ നേരിട്ടെത്തുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സാമ്പത്തിക വിനിയോഗത്തില്‍ കൂടുതല്‍ കൃത്യതയും വിശ്വാസ്യതയും കൈവരും.
പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ
പ്രായ കൂടുതല്‍ കാരണവും, ആരോഗ്യ പരിമിതികള്‍ കാരണവും വിരലടയാളം സാധ്യമാക്കാത്തവരുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരലടയാളം പരാജയപ്പെടുന്നവര്‍ക്ക് സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ആധാര്‍ കാര്‍ഡിലെയും, വോട്ടര്‍ ഐഡിയിലെയും പേരിലോ ഇനീഷ്യലിലോ അക്ഷരത്തെറ്റുകളോ വ്യത്യാസമോ ഉള്ളവര്‍ക്ക് ലിങ്കിംഗ് തടസപ്പെടാമെന്നതും വെല്ലുവിളിയാണ്.
വിവാഹശേഷം വോട്ടര്‍ ഐഡിയിലെ മേല്‍വിലാസം ഭര്‍തൃവീട്ടിലേക്ക് മാറ്റാത്തവര്‍ക്ക് സാങ്കേതിക തടസങ്ങള്‍ നേരിടാമെന്നു വിദഗ്ധര്‍ പറയുന്നു. ജോലി സംബന്ധമായി നാട്ടില്‍ ഇല്ലാത്തവര്‍ക്ക് നേരിട്ടെത്തി ബയോമെട്രിക് സ്ഥിരീകരണം നടത്താന്‍ സാധിക്കാതെ വരുന്നത് ആനുകൂല്യങ്ങള്‍ തടസപ്പെടാന്‍ കാരണമായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വോട്ടര്‍ ഐഡിയിലെ പേര്, ജനനത്തീയതി, മേല്‍വിലാസം എന്നിവ ബാങ്ക് പാസ്ബുക്കിലെയും ആധാറിലെയും വിവരങ്ങളുമായി ഒത്തുപോകുന്നുണ്ടോയെന്ന് പരിശോധിക്കുക. തെറ്റുകളുണ്ടെങ്കില്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തിരുത്തണം.
ഇലക്ഷന് കമ്മീഷന്റെ പോര്‍ട്ടലില്‍ വോട്ടര്‍ ഐഡിയുമായി നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിലവില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇത് മന്ത്രിയുടെ നയപരമായ പ്രഖ്യാപനം മാത്രമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങളും തീയതികളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനായി കാത്തിരിക്കുക.
