
പ്രമുഖ കുപ്പിവെള്ള നിര്‍മ്മാതാക്കളായ ബിസ്ലേരിയുടെ (Bisleri International Pvt. Ltd.) പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറില്‍ കാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചു. പ്രാഥമിക പരിശോധനയിലും തുടര്‍ന്ന് നടത്തിയ റഫറല്‍ ലാബ് പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് 2006 -ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് അനുമതി നല്‍കിയത്.
കണ്ടെത്തിയത് അളവില്‍ കൂടുതല്‍ ബ്രോമേറ്റ്ബിസ്ലേരിയുടെ നിര്‍മ്മാണ പ്ലാന്റില്‍ നിന്നും ശേഖരിച്ച പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ സാമ്പിളിലാണ് തുടര്‍ച്ചയായ രണ്ട് പരിശോധനകളിലും അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക ലബോറട്ടറി പരിശോധനയില്‍ വെള്ളത്തില്‍ ബ്രോമേറ്റ് (Bromate) എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തി. ഇതോടെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (FSS Act, 2006) ഈ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് അതോറിറ്റി പ്രഖ്യാപിച്ചു.
ആദ്യ പരിശോധനാ ഫലത്തിനെതിരെ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സാമ്പിള്‍ കൂടുതല്‍ വ്യക്തതയ്ക്കായി റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍ അവിടെ നടന്ന പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs) സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.
കാന്‍സറിന് വരെ കാരണമാകാം
വെള്ളത്തില്‍ കണ്ടെത്തിയ ബ്രോമേറ്റ്, പി.എ.എച്ച് എന്നീ രണ്ട് രാസപദാര്‍ത്ഥങ്ങളും കാന്‍സറിന് കാരണമാകാന്‍ സാധ്യതയുള്ളവയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് നേരിട്ട് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനമാണിതെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു. ഭക്ഷ്യവകുപ്പിന്റെ ഈ കടുത്ത നടപടിയോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏത് പ്രമുഖ ബ്രാന്‍ഡിന്റെ കുപ്പിവെള്ളം വാങ്ങുമ്പോഴും കുപ്പിയുടെ സീല്‍ പൊട്ടിയിട്ടില്ലെന്നും, ISI മാര്‍ക്കും FSSAI ലൈസന്‍സ് നമ്പറും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഉപഭോക്താക്കള്‍ക്ക് എഫ്.എസ്.എസ്.എ.ഐയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ Food Safety Connect ആപ്പ് വഴിയോ പരാതി നല്‍കാവുന്നതാണ്.
