Latest

യു.എസിൽ നിന്ന് LPG പ്രവാഹം; ഇന്ത്യയിലെ ഉപഭോഗം 8 മാസത്തെ ഉയരത്തിൽ, വിതരണം സാധാരണ നിലയിലേക്ക്

Share

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയുടെ പാചകവാതക വിതരണ ശൃംഖല പതിയെ, സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. എൽ.പി.ജി ലഭ്യത മെച്ചപ്പെട്ടതോടെ രാജ്യത്തെ പാചകവാതക ഉപഭോഗം എട്ടുമാസത്തെ ഉയരത്തിലെത്തി. എന്നാൽ വിതരണത്തിലെ ഈ തിരിച്ചുവരവിനൊപ്പം ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതി ആശ്രിതത്വത്തിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആഗോള സംഘർഷങ്ങൾക്കിടയിൽ പാചകവാതക ലഭ്യത ഉറപ്പാക്കാൻ യു.എസ് ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നു.

എട്ടുമാസത്തെ ഉയരത്തിൽ ഉപഭോഗം
2026 ഒക്ടോബറിൽ ഇന്ത്യയുടെ എൽ.പി.ജി ഉപഭോഗം 26 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ഉപഭോഗമാണിത്. തുടർച്ചയായ ആറാം മാസമാണ് പാചകവാതക ഉപഭോഗത്തിൽ വർധന രേഖപ്പെടുത്തിയത്. നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലും ഈ ഉയർന്ന ഉപഭോഗനില തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

ഹോർമുസ് പ്രതിസന്ധി ഇന്ത്യയെ ബാധിച്ചതെങ്ങനെ?

ഇന്ത്യയുടെ പാചകവാതക വിതരണത്തിൽ പശ്ചിമേഷ്യയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഈ വിതരണ ശൃംഖലയെ സാരമായി ബാധിച്ചു.

ഇതിന്റെ പ്രത്യാഘാതം രാജ്യത്തെ സാധാരണ കുടുംബങ്ങളിലേക്കും എത്തി. സിലിണ്ടർ ലഭ്യത സംബന്ധിച്ച ആശങ്കകൾ ഉയരുകയും, ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തുകയും ചെയ്തിരുന്നു.

അമേരിക്കയിൽ നിന്നും അൾജീരിയയിൽ നിന്നും കൂടുതൽ ഗ്യാസ്

നിലവിൽ, പശ്ചിമേഷ്യയെ മാത്രം ആശ്രയിച്ചുള്ള ഇറക്കുമതി രീതിയിൽ ഇന്ത്യ മാറ്റം വരുത്തുകയാണ്. അമേരിക്ക, അൾജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി ഇറക്കുമതി വർധിപ്പിക്കുകയാണ് ചെയ്യന്നത്. നിലവിൽ ഇന്ത്യയിലേക്കുള്ള ​ഗ്യാസ് കയറ്റുമതിയിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ട്.

അതേസമയം, ആഭ്യന്തര ഉല്പാദനം വർധിപ്പിക്കാനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ റിഫൈനറികൾക്ക് എൽ.പി.ജി ഉല്പാദന ലക്ഷ്യങ്ങൾ നിശ്ചയിച്ചതും ഇതിന്റെ ഭാഗമാണ്.

ആഭ്യന്തര ഉല്പാദനത്തിലും വർധന

പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) കണക്കുകൾ പ്രകാരം, 2026 ഒക്ടോബറിൽ ഇന്ത്യയുടെ ആഭ്യന്തര എൽ.പി.ജി ഉല്പാദനം 13.3 ലക്ഷം ടണ്ണിനടുത്തെത്തി. സെപ്റ്റംബറിലെ ഉൽപ്പാദനത്തേക്കാൾ എട്ട് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തോളം വർധനയും രേഖപ്പെടുത്തി. വിതരണം മെച്ചപ്പെട്ടതോടെ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള സെപ്റ്റംബറിൽ 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചിരുന്നു.

ഇന്ത്യയുടെ മുന്നിലുള്ള വലിയ വെല്ലുവിളി

രാജ്യത്തെ ഏകദേശം 33 കോടി ഗാർഹിക എൽപിജി ഉപഭോക്താക്കളാണ് ഈ വിതരണ ശൃംഖലയെ ആശ്രയിക്കുന്നത്. ഇന്ത്യയുടെ വാർഷിക എൽ.പി.ജി ഡിമാൻഡിന്റെ 65 ശതമാനം വരെ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

വിതരണം തിരിച്ചുവരുന്നുണ്ടെങ്കിലും ഭാവിയിൽ ആഗോള സംഘർഷങ്ങളോ, ഹോർമുസിൽ ​ഗതാ​ഗത തടസ്സങ്ങളോ ഉണ്ടായാൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നു. അതിനാൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG), വൈദ്യുത പാചകം തുടങ്ങിയ ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

ഹൈലൈറ്റ്സ്

  • ഒക്ടോബറിലെ എൽപിജി ഉപഭോഗം: 26 ലക്ഷം ടൺ
  • എട്ടുമാസത്തിനിടയിലെ ഉയർന്ന നില
  • തുടർച്ചയായ ആറാം മാസവും ഉപഭോഗ വർധന
  • ആഭ്യന്തര ഉൽപ്പാദനത്തിൽ വാർഷികാടിസ്ഥാനത്തിൽ 40% വർധന
  • അമേരിക്ക, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചു
  • ഏകദേശം 33 കോടി ഗാർഹിക എൽപിജി ഉപഭോക്താക്കൾ

Leave a Reply

Your email address will not be published. Required fields are marked *