
കേരളത്തിലെ സ്വർണ്ണ വില യിൽ ഏതാനും ദിവസങ്ങളായി വലിയ തകർച്ചയാണുണ്ടായിരിക്കുന്നത്. 1980ന് ശേഷം, അതായത് 45 വർഷങ്ങൾക്ക് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം ഇതു വരെ 25 ശതമാനത്തിലധികം തകർച്ചയാണ് സ്വർണ്ണ വിലയിലുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് വില ഒറ്റയടിക്ക് 470 രൂപ കുറഞ്ഞ് 11,510 രൂപയായി മാറി. പവൻ വില 3,760 രൂപ താഴ്ന്ന് 92,080 രൂപയിലുമെത്തി. ഇനി സ്വർണ്ണ വില എങ്ങോട്ട്? ഈ ചോദ്യത്തിനുള്ള ഉത്തരമടക്കം മനസ്സിലാക്കാം
സ്വർണ്ണവില – ചരിത്രത്തിലെ വലിയ തകർച്ചകൾ
ഫ്രണ്ട്സ് ഇന്ത്യ റിസർച്ച് റിപ്പോർട്ട് നൽകുന്ന ഡാറ്റയാണ് താഴെ നൽകുന്നത്. വർഷം, സ്വർണ്ണവിലയിലുണ്ടായ ഇടിവ് എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
- 1980 : 40%
- 1981 : 25%
- 2008 : 20%
- 2013 : 24%
- 2020 : 15%
- 2022 : 15%
- 2026 : 25%
സ്വർണ്ണ വില – ഇടിവിന്റെ കാരണങ്ങൾ
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് കേരളത്തിലടക്കം സ്വർണ്ണ വിലയിൽ വൻ ഇടിവിന് കാരണമായത്. ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് യു.എസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ പണപ്പെരുപ്പം കുത്തനെ ഉയർന്നു. ഇതോടെ കേന്ദ്ര ബാങ്കുകൾ പലിശ ഉയർത്താൻ തുടങ്ങി. ഇത് സ്വർണ്ണത്തെ സംബന്ധിച്ച് തിരിച്ചടിയാണ്.
വരുന്ന ഡിസംബറിലെ യോഗത്തിൽ യു.എസിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് പലിശ ഉയർത്തുമെന്ന സൂചനകളാണ് സ്വർണ്ണത്തിന് വലിയ തിരിച്ചടി നൽകിയത്. ഇതോടൊപ്പം ഡോളർ സൂചികയും, യു.എസിലെ ബോണ്ട് യീൽഡും ഉയർന്നു നിൽക്കുന്നതും മഞ്ഞ ലോഹത്തിന് വെല്ലുവിളിയാണ്.
കേരളത്തിലെ സാഹചര്യം
സ്വർണ്ണ വിലയിൽ ഇടിവുണ്ടായത് വിവാഹ പാർട്ടികൾക്ക് നേട്ടമാണെങ്കിലും, സ്വർണ്ണ നിക്ഷേപം നടത്തിയവർക്കും, ഗോൾഡ് ലോൺ എടുത്തവർക്കും തിരിച്ചടിയാണ്. ഉയർന്ന വിലയിൽ സ്റ്റോക്ക് വാങ്ങിയ സ്വർണ്ണ വ്യാപാരികളെ സംബന്ധിച്ചും വലിയ നഷ്ടമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്
സ്വർണ്ണ വില – ഇനി എങ്ങോട്ട്?
ആഗോള സ്വർണ്ണ വില 2025 സെപ്റ്റംബറിലെ താഴ്ന്ന നിലകളിൽ നിന്ന് നിലവിൽ പിന്തുണ നേടുന്നുണ്ട്. താഴെ നിലകളിൽ വാങ്ങൽ (Dip Buying) നടക്കുമെന്നതിനാൽ ഇനി വൻ ഇടിവ് സ്വർണ്ണവിലയിലുണ്ടാവുകയില്ല എന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ പ്രവചനാതീതമായ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങൾ കലുഷിതമാവുകയും, ഡിസംബറിലെ യോഗത്തിൽ ഫെഡ് വലിയ നിരക്ക് വർധന നടപ്പാക്കുകയും ചെയ്താൽ അത് സ്വർണ്ണത്തിന് തിരിച്ചടിയായേക്കും.
സമീപ കാലത്തെ വിലയിടിവിനിടയിലും ചൈന ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവില വർധിക്കുക തന്നെ ചെയ്യുമെന്ന ഉറപ്പാണ് ഇതിന് പിന്നിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
