Latest

മുഹൂർത്ത വ്യാപാരം ഉടൻ; ഈ പ്രൊഫഷണൽ തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കാം, നിക്ഷേപകരും, ട്രേഡർമാരും അറിയേണ്ട വിവരങ്ങൾ

Share

ഈ വർഷത്തെ മുഹൂർത്ത വ്യാപാരം 2026 നവംബർ 8 ഞായറാഴ്ച്ച നടക്കും. ഈ ദിവസം പരിമിതമായ സമയമാണ് വിപണി തുറന്നിരിക്കുന്നത്. സംവത്-2083 വർഷാരംഭത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ടാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക വ്യാപാര സെഷൻ ഓപ്പൺ ചെയ്യുന്നത്. മുഹൂർത്ത വ്യാപാര ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിക്ഷേപ തന്ത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.

മുഹൂർത്ത വ്യാപാരംഹിന്ദു കലണ്ടർ പ്രകരാമുള്ള പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി എല്ലാ വർഷവും മുഹൂർത്ത വ്യാപാരം നടക്കുന്നു. ഈ വർഷം ഞായറാഴ്ച്ചയാണ് ഇത് വരുന്നതെന്ന പ്രത്യേകതയുണ്ട്. നവംബർ 8ാം തിയ്യതി ഉച്ചയ്ക്ക് 02.05 മുതൽ 02.15 വരെ പ്രീ-ഓപ്പൺ സെഷനും, 02.20 മുതൽ 03.30 വരെ സാധാരണ വ്യാപാരവും നടക്കും.

സവത് – 2083 വർഷത്തിന്റെ തുടക്കമാണ് ദീപാവലി. ഈ ദിവസത്തിലെ ഒരു മണിക്കൂർ സമയം പുതിയ ബിസിനസ് തുടങ്ങുക, നിക്ഷേപങ്ങൾ ആരംഭിക്കുക, വാഹനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങുക എന്നിങ്ങനെ ശുഭകരമായ കാര്യങ്ങൾക്കുള്ള ഐശ്വര്യപൂർണമായ മുഹൂർത്തമായിട്ടാണ് കാണുന്നത്.

ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർ പുതിയ ഓഹരികൾ വാങ്ങാനും, പോർട്ഫോളിയോ പുനഃക്രമീകരിക്കാനും മുഹൂർത്ത വ്യാപാരസമയം പ്രയോജനപ്പെടുത്താറുണ്ട്. ഈ മണിക്കൂറുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് വർഷം മുഴുവൻ ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം.

ദീർഘകാല നിക്ഷേപകർ, ട്രേഡർമാർ, വൻകിട നിക്ഷേപകർ, ആദ്യമായി നിക്ഷേപം/ട്രേഡിങ് നടത്തുന്നവർ തുടങ്ങി എല്ലാ വിഭാ​ഗത്തിലുമുള്ളവർ വിപണിയിലെ മുഹൂർത്ത വ്യാപാര സമയത്ത് പങ്കെടുക്കുന്നു.

മുഹൂർത്ത വ്യാപാരം – നിക്ഷേപ തന്ത്രങ്ങൾ

  • ആദ്യം തന്നെ നിങ്ങളുടെ ട്രേഡ് അല്ലെങ്കിൽ നിക്ഷേപങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. ഏതാനും ഓഹരികൾ വാച്ച് ലിസ്റ്റിലേക്ക് ആഡ് ചെയ്യുകയും, ഫണ്ട് തയ്യാറാക്കി വെക്കുകയും ചെയ്യുക. ഒരു മണിക്കൂർ എന്ന സമയക്രമം അതിവേ​ഗം കടന്നു പോകുമെന്നതിനാൽ തിരക്കിട്ട് തീരുമാനങ്ങളെടുക്കാനും, അവ തെറ്റിപ്പോകാതിരിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്
  • ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപം നടത്തുന്നതിനുള്ള തുടക്കമായി മുഹൂർത്ത വ്യാപാരത്തെ പരി​ഗണിക്കാം. അതായത്, ഒരു മണിക്കൂർ സമയം കൊണ്ട് അതിവേ​ഗം ലാഭമെടുപ്പ് നടത്താം എന്ന ചിന്ത മുൻപറഞ്ഞ രീതിയിൽ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാം.
  • മുഹൂർത്ത വ്യാപാര ദിവസം പൊതുവെ ട്രേഡിങ് വോളിയം കുറവായിരിക്കും. അതേ സമയം വില വ്യതിയാനങ്ങൾ അതിവേ​ഗം സംഭവിക്കാറുമുണ്ട്. ഇതിനാൽ ലിമിറ്റ് ഓർഡറുകൾക്ക് മുൻ​ഗണന നൽകാം. ഉദ്ദേശിക്കാത്ത വിലയിൽ ഓഹരികൾ വാങ്ങേണ്ട സാഹചര്യം ഇത്തരത്തിൽ ഒഴിവാക്കാൻ സാധിക്കും.
  • മുഹൂർത്ത വ്യാപാര സമയത്തെ ഓഹരി വിലകൾ, ഓഹരിയുടെ യഥാർത്ഥ മൂല്യം പ്രതിഫലിപ്പിക്കണമെന്നില്ല. പിന്നീടുള്ള സെഷനുകളിൽ ട്രെൻഡ് റിവേഴ്സൽ സംഭവിക്കാമെന്നത് മനസ്സിൽ വെക്കുക
  • ഉത്സവകാലത്തെ പ്രതീക്ഷകൾ വൈകാരികമായ തീരുമാനങ്ങളിലേക്ക് നയിക്കാം. ഇവിടെ ഹെവി ലീവറേജ് ഒഴിവാക്കുന്നതാണ് യുക്തമായ സമീപനം. ഇൻട്രാഡേ, ഡെറിവേറ്റീവ് പൊസിഷനുകൾ എന്നിവ കർശനമായ റിസ്ക് മാനേജ്മെന്റോടു കൂടി മാത്രം നടപ്പാക്കുക
  • ഹ്രസ്വകാല ആവശ്യങ്ങൾക്കായി കരുതി വെച്ചിരിക്കുന്ന എമർജൻസി ഫണ്ടുകൾ ട്രേഡിങ്ങിനായി ഉപയോ​ഗിക്കാതിരിക്കുക. അധിക ഫണ്ട് മാത്രം വിപണിയിൽ ഇറക്കാൻ ശ്രദ്ധിക്കുക
  • വിവിധ സെക്ടറുകളിൽ ഉൾപ്പെടെ നിക്ഷേപ വൈവിദ്ധ്യവൽക്കരണം നടത്താൻ ശ്രദ്ധിക്കുക
  • സെഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലോ​ഗിൻ ചെയ്ത്, ഫണ്ട് റെഡിയാക്കി വെക്കുന്നത് ഒരു പ്രൊഫഷണൽ സമീപനമാണ്
  • നിങ്ങളുടെ പോർട്ഫോളിയോ റീബാലൻസ് ചെയ്യാനും, ഭാവിയിലെ നിക്ഷേപ ലക്ഷ്യങ്ങൾ തീരുമാനിക്കാനും ഈ അവസരം ഉപയോ​ഗിക്കാം

കഴിഞ്ഞ കാല മുഹൂർത്ത വ്യാപാര സമയത്തെ വിപണിയുടെ പ്രകടനം ഇനിയും ആവർത്തിക്കുമെന്ന് ഉറപ്പില്ല. സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കിന് വിധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *