
കേരളത്തിന്റെ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ കായംകുളത്തെ എൻ.ടി.പി.സിയുടെ ഭൂമിയിൽ 2,000 MWh/അധികം ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കും. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC), എൻ.ടി.പി.സി ഗ്രീൻ എനർജി എന്നിവയുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) കരാറിൽ (Memorandum of Understanding-MoU) ഏർപ്പെട്ടു. സംസ്ഥാനത്തുടനീളം പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
പുതിയ കരാർ
നിർദ്ദിഷ്ട പ്രൊജക്ടുമായി ബന്ധപ്പെട്ട ചട്ടക്കൂട്, ഭാവി ചർച്ചകൾ, പദ്ധതി നടത്തിപ്പ് എന്നിവ സമയ ബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ.ബി പ്രസ്താവനയിൽ അറിയിച്ചു. ഫ്ലോട്ടിങ്, ഗ്രൗണ്ട് അധിഷ്ഠിത സോളാർ പവർ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് അനുയോജ്യമായ വാട്ടർ ബോഡീസ്, ലാൻഡ് എന്നിവ കണ്ടെത്തും. ഊർജ്ജ ലഭ്യതയോട് കൂടിയോ, എനർജി സ്റ്റോറേജ് കൂടാതെയോ ഉള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.
മ്യൂച്വൽ എഗ്രിമെന്റ് അടിസ്ഥാനത്തിൽ, പമ്പ്ഡ് സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ, മറ്റ് റിന്യൂവബിൾ എനർജി പദ്ധതികൾ എന്നിവയുടെ സാധ്യതകൾ മൂന്ന് പാർട്ടികളും ആരായും. ഇത്തരം പ്രൊജക്ടുകൾ നടപ്പാക്കുന്നതിനായി ജോയിന്റ് വെഞ്ച്വർ രൂപീകരിക്കുന്നതും ചർച്ചകളിലുണ്ട്.
കായംകുളത്ത് എൻ.ടി.പി.സിയുടെ ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന റീഗ്യാസിഫൈഡ് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന്റെ (RLNG) ചെലവ് കുറയ്ക്കുന്നതിനുള്ള സാധ്യതകളും അന്വേഷിക്കുന്നു.
ഗെയിൽ, ഒ.എൻ.ജി.സി ഉൾപ്പെടെയുള്ള ഓയിൽ & ഗ്യാസ് കമ്പനികളുമായി സഹകരണത്തിനും പദ്ധതിയുണ്ട്. ഇതിലൂടെ പീറ്റ് ഗ്യാസ്, അതിന്റെ എക്സ്ട്രാക്ഷൻ എന്നിവയുടെ സാധ്യതകളും ആരായും. സംസ്ഥാനത്തിന്റെ ഗ്രീൻ എനർജി സെക്ടറിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് പുതിയ സഹകരണം നിർണായകമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കാസർഗോഡ് പ്ലാന്റ്
കായംകുളത്ത് പുതിയ പ്ലാന്റ് വിഭാവനം ചെയ്യുന്നതിനിടെ കാസർഗോഡ് മുല്ലേരിയിലെ കെ.എസ്.ഇ.ബിയുടെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പ്രവർത്തനം ആരംഭിച്ചു. പകൽ സമയത്ത് അധിക സൗരോർജ്ജം പ്രയോജനപ്പെടുത്തി കൂടുതൽ വൈദ്യുതി ഉല്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയതായി കായംകുളത്ത് പ്ലാന്റ് വരുന്നതോടെ കൂടുതൽ വൈദ്യുതോല്പാദനം നടത്താൻ സാധിക്കും
കേരളവും കുതിക്കുന്ന പവർ ഡിമാൻഡും
സംസ്ഥാനത്ത് ഇലക്ട്രിസിറ്റി ഡിമാൻഡ് കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലേത്. വർധിക്കുന്ന നഗരവൽക്കരണവും, വ്യാവസായിക മേഖലയിലെ വികസനവും ഊർജ്ജത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു. വരും വർഷങ്ങളിലും വൈദ്യുതിയുടെ ഡിമാൻഡ് കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളം നിലവിൽ ഉയർന്ന വില നൽകി കൂടുതൽ വൈദ്യുതിയും പുറത്തു നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. പുതിയ എനർജി സ്റ്റോറേജ് സംവിധാനങ്ങളിലൂടെ ചെലവ് കുറയ്ക്കുക എന്നതും കെ.എസ്.ഇ.ബിയുടെ ലക്ഷ്യമാണ്.
