
2027-ല്‍ ഇന്ത്യയില്‍ 1.38 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രമുഖ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ ഫൗണ്ട്ഇറ്റിന്റെ (foundit) വാര്‍ഷിക റിപ്പോര്‍ട്ട്. രാജ്യത്തെ വൈറ്റ് കോളര്‍ നിയമന വളര്‍ച്ച 8.16 ശതമാനത്തിലേക്ക് കുതിക്കുമ്പോള്‍, 12.52 ശതമാനം വളര്‍ച്ചയോടെ കോയമ്പത്തൂര്‍ ഒന്നാമതും, 5.57 ശതമാനം വളര്‍ച്ചയോടെ കൊച്ചി നാലാമതുമെത്തുന്നത് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ നേട്ടമാകും. 2026-ല്‍ കേവലം 3.30 ശതമാനം മാത്രമായിരുന്ന നിയമന വളര്‍ച്ചയാണ് അടുത്ത വര്‍ഷം ഇരട്ടിയിലധികമായി കുതിക്കുന്നത്.
കേരളത്തിനും അയല്നഗരത്തിനും വന്‍ നേട്ടം2027-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിയമന വളര്‍ച്ച രേഖപ്പെടുത്താന്‍ പോകുന്നത് ബംഗളൂരുവോ ഹൈദരാബാദോ അല്ല, മറിച്ച് കേരളത്തിന്റെ അയല്‍നഗരമായ കോയമ്പത്തൂര്‍ ആയിരിക്കും. 2026-ല്‍ 1.86 ശതമാനത്തിന്റെ നേരിയ ഇടിവ് നേരിട്ട കോയമ്പത്തൂര്‍, 2027-ല്‍ 12.52 ശതമാനം വളര്‍ച്ചയോടെ രാജ്യത്ത് ഒന്നാമതെത്തുമെന്നാണ് വിവരം. ഇത് പാലക്കാട്, തൃശൂര്‍ അടക്കമുള്ള കേരളത്തിലെ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതാണ്.
മെട്രോ നഗരങ്ങളെ പിന്നിലാക്കി കൊച്ചിയും കുതിക്കുകയാണ്. 2026 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ തൊഴിലവസരങ്ങള്‍ വളര്‍ന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി നാലാം സ്ഥാനത്തുണ്ട്. ഹൈദരാബാദ് (8.51%), ബംഗളൂരു (6.71%), മുംബൈ (6.15%) എന്നിവയ്ക്ക് തൊട്ടുപിന്നാലെ 5.57 ശതമാനം വളര്‍ച്ചയാണ് കൊച്ചി സ്വന്തമാക്കിയത്.
വന്‍കിട നഗരങ്ങളിലെ ഇടിവ്, ടയര്‍ 2 കുതിക്കുന്നു
2026-ല്‍ ഡല്‍ഹി- എന്‍.സി.ആര് (3.40%), കൊല്‍ക്കത്ത (10.03%), ചണ്ഡീഗഡ് (11.19%) എന്നീ നഗരങ്ങളില്‍ നിയമനങ്ങള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ കൊച്ചി പിടിച്ചുനിന്നു. 2027 -ല്‍ കോയമ്പത്തൂരിന് പിന്നാലെ ബംഗളൂരു (11.29%), ഹൈദരാബാദ് (10.33%) എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. വന്‍കിട മെട്രോകള്‍ക്ക് അപ്പുറം ടയര്‍-2 നഗരങ്ങളിലേക്ക് കമ്പനികള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
2027-ല്‍ ഏറ്റവും കൂടുതല്‍ ജോലികള്‍ വരുന്ന മേഖലകള്‍
- കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് (14.25% വളര്‍ച്ച): അടുത്ത വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണിത്.
- റീട്ടെയില്‍ (13.99% വളര്‍ച്ച): സംഘടിത റീട്ടെയില്‍ ശൃംഖലകള്‍ വികസിക്കുന്നത് കേരളത്തിലടക്കം വലിയ നിയമനങ്ങള്‍ക്ക് വഴിയൊരുക്കും.
- മാനുഫാക്ചറിങ് / നിര്‍മ്മാണ മേഖല (12.02% വളര്‍ച്ച): ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ ഓപ്പറേഷന്‍സ്, ക്വാളിറ്റി, സപ്ലൈ ചെയിന്‍, സെയില്‍സ് തസ്തികകളില്‍ വന്‍ ഡിമാന്‍ഡ് ഉണ്ടാകും.
- റിയല്‍ എസ്റ്റേറ്റ് & ഹെല്‍ത്ത് കെയര്‍: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 13 ശതമാനവും, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഫാര്‍മ മേഖലയില്‍ 11 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.
- ബാങ്കിങ്, ലോജിസ്റ്റിക്സ് മേഖലകള്‍: 2026-ല്‍ തളര്‍ച്ച നേരിട്ട ബാങ്കിങ്, ധനകാര്യം, ഇന്‍ഷുറന്‍സ് (BFSI – 10.03%), ലോജിസ്റ്റിക്സ് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് (10.15%) മേഖലകള്‍ 2027-ല്‍ ശക്തമായ തിരിച്ചുവരവ് നടത്തും.
ഐ.ടി മേഖലയിലെ മാറ്റവും പുത്തന്‍ സ്കില്ലുകളും
2026-ല്‍ പരമ്പരാഗത സോഫ്റ്റ്വെയര് സര്‍വീസ് കമ്പനികളിലെ നിയമനങ്ങള്‍ 1.66 ശതമാനം കുറഞ്ഞെങ്കിലും, രാജ്യത്തെ മൊത്തത്തിലുള്ള ടെക് തസ്തികകളില്‍ 20.28 ശതമാനം വളര്‍ച്ചയാണുണ്ടായത്. ബാങ്കുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, നിര്‍മ്മാണ കമ്പനികള്‍ എന്നിവ വന്‍തോതില്‍ ടെക് വിദഗ്ധരെ നിയമിക്കുന്നതാണ് ഇതിന് കാരണം.
തസ്തികകളുടെ അടിസ്ഥാനത്തില്‍ 2027-ലും ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്നത് ഐ.ടി ജോലികളായിരിക്കും (10.30%). തൊട്ടുപിന്നാലെ എച്ച്.ആര് ആന്‍ഡ് അഡ്മിന് (8.93%), സീനിയര്‍ മാനേജ്മെന്റ് (8.56%) വിഭാഗങ്ങളുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ അനലിറ്റിക്സ് എന്നിവയ്ക്ക് പുറമെ റിസ്ക്, കംപ്ലയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ സ്പെഷ്യലൈസ്ഡ് സ്കില്ലുകള്‍ക്ക് 12 ശതമാനം അധിക ഡിമാന്‍ഡ് ഉണ്ടാകും.
ഫ്രഷേഴ്സിനും പരിചയസമ്പന്നര്‍ക്കും അവസരമുണ്ട്
0 മുതല്‍ 3 വര്‍ഷം വരെ പരിചയമുള്ള തുടക്കക്കാരുടെ നിയമന വളര്‍ച്ച 2026-ല്‍ വെറും 0.69 ശതമാനമായിരുന്നു. എന്നാല്‍ 2027-ല്‍ ഇത് 4.64 ശതമാനമായി കുതിച്ചുയരും. കൂടുതല്‍ നഗരങ്ങളിലേക്കും യുവപ്രൊഫഷണലുകളിലേക്കും അവസരങ്ങള്‍ എത്തുമെന്ന് ഫൗണ്ട്ഇറ്റ് സി.ഇ.ഒ തരുണ്‍ സിന്‍ഹ വ്യക്തമാക്കുന്നത്.
7 മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് കമ്പനികള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക. 2027-ലെ ആകെ നിയമനങ്ങളുടെ 21 ശതമാനവും (7.51% വളര്‍ച്ച) ഈ വിഭാഗത്തിലായിരിക്കും. വെറുതെ ആളുകളുടെ എണ്ണം കൂട്ടുന്നതിന് പകരം ഉല്‍പ്പാദനക്ഷമതയും, ബിസിനസ് ഫലങ്ങളും നല്കാന് കഴിയുന്ന തസ്തികകളിലേക്കുള്ള നിയമനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കും. ആകെ ഒഴിവുകളില്‍ 20 മുതല്‍ 30 ശതമാനം വരെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പരിശീലനം നല്‍കിയായിരിക്കും കമ്പനികള്‍ നികത്തുക.
ഇടിവ് നേരിടാന്‍ സാധ്യതയുള്ള മേഖലകള്‍
ഷിപ്പിങ് ആന്‍ഡ് മാരിടൈം മേഖലയില്‍ 2027-ല്‍ നിയമനങ്ങള്‍ 11 ശതമാനം വരെ കുറഞ്ഞേക്കാം. കാര്‍ഷിക മേഖലയില്‍ 6 ശതമാനവും, ഇറക്കുമതി- കയറ്റുമതി മേഖലയില്‍ 4 ശതമാനവും നിയമന ഇടിവിന് സാധ്യതയുണ്ട്. 2026-ല്‍ 13.76 ശതമാനം വളര്‍ച്ചയോടെ തിളങ്ങിയ ടൂറിസം മേഖലയില്‍ 2027-ല്‍ 3.7 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു.
