Latest

തകരാൻ അനുവദിക്കില്ല; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 3 ബാങ്കുകൾ, റിസർവ് ബാങ്കിന്റെ പ്രത്യേക സുരക്ഷാ കവചമുള്ള കരുത്തുറ്റ സാരഥികൾ

Share
Inias Systemic Important banks list 2026

രാജ്യത്തെ ബാങ്കിങ് മേഖലയിലെ സ്ഥിരതയ്ക്ക് നിർണായകമായ മൂന്ന് ബാങ്കുകളെ 2026ലെ വ്യവസ്ഥാപരമായി പ്രധാനപ്പെട്ട ആഭ്യന്തര ബാങ്കുകളുടെ (Systemically important banks) പട്ടികയിൽ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക് , ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് പട്ടികയിൽ തുടരുന്നത്.

മൂന്ന് ബാങ്കുകളുടെയും പട്ടികയിലെ വിഭാഗത്തിലും, അധിക മൂലധന നിബന്ധനകളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാറ്റമില്ല. 2026 മാർച്ച് 31 വരെയുള്ള ബാങ്കുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക തയ്യാറാക്കിയത്.എസ്.ബി.ഐക്ക് ഏറ്റവും ഉയർന്ന മൂലധന നിബന്ധന

പട്ടികയിൽ എസ്.ബി.ഐ നാലാം വിഭാഗത്തിൽ (ബക്കറ്റ് 4) തുടരുന്നു. ബാങ്കിന്റെ റിസ്ക് വെയ്റ്റഡ് ആസ്തിയുടെ (RWA) 0.80%, അധിക കോമൺ ഇക്വിറ്റി ടയർ 1 (CET1) മൂലധനമായി നിലനിർത്തണം.

എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ടാം വിഭാഗത്തിലാണ് (ബക്കറ്റ് 2). ബാങ്ക് 0.40% അധിക CET1 മൂലധനം നിലനിർത്തണം. ഐ.സി.ഐ.സി.ഐ ബാങ്ക് ഒന്നാം വിഭാഗത്തിൽ (ബക്കറ്റ് 1) തുടരുന്നു. ബാങ്കിന് ബാധകമായ അധിക മൂലധന നിബന്ധന 0.20 ശതമാനമാണ്. ഈ അധിക മൂലധന നിബന്ധനകൾ നിലവിലുള്ള ക്യാപിറ്റൽ കൺസർവേഷൻ ബഫറിന് പുറമേയാണ്.

എന്താണ് വ്യവസ്ഥാപരമായി പ്രധാനപ്പെട്ട ബാങ്കുകൾ ?

രാജ്യത്തെ സാമ്പത്തിക സംവിധാനവുമായി വളരെ അടുത്ത ബന്ധമുള്ളതും വലുപ്പം, ഇടപാടുകളുടെ വ്യാപ്തി, സങ്കീർണത എന്നിവ കാരണം പ്രവർത്തനം തടസ്സപ്പെട്ടാൽ ബാങ്കിങ് മേഖലയെയും, സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാൻ സാധ്യതയുള്ളതുമായ ബാങ്കുകളെയാണ് വ്യവസ്ഥാപരമായി പ്രധാനപ്പെട്ട ബാങ്കുകൾ എന്ന് വിളിക്കുന്നത്.

ഇത്തരം ബാങ്കുകളുടെ പ്രതിസന്ധി രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം. അതിനാൽ ഇവയ്ക്ക് സാധാരണ ബാങ്കുകളേക്കാൾ അധികമായി കരുതൽ മൂലധനം നിർബന്ധമാക്കിയിരിക്കുന്നു.

ആർ.ബി.ഐ പട്ടിക

എസ്.ബി.ഐയെ 2015 വർഷത്തിലും, ഐ.സി.ഐ.സി.ഐ ബാങ്കിനെ 2016ലും ആർ.ബി.ഐ വ്യവസ്ഥാപരമായി പ്രധാനപ്പെട്ട ബാങ്ങുകളായി പ്രഖ്യാപിച്ചു. 2017ൽ എച്ച്.ഡി.എഫ്.സി ബാങ്കും പട്ടികയിൽ ഉൾപ്പെട്ടു. ബാങ്കുകളുടെ വ്യവസ്ഥാപരമായ പ്രാധാന്യം വിലയിരുത്തി അവയെ വിവിധ വിഭാഗങ്ങളിലായി ഉൾപ്പെടുത്തുന്ന ഈ ചട്ടക്കൂട് ആർബിഐ 2014 വർഷത്തിലാണ് അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 2015 മുതൽ ബാങ്കുകളുടെ പട്ടിക വർഷം തോറും പ്രസിദ്ധീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *