Latest

മിഗ്-21ന് പകരക്കാരനായി ഇന്ത്യയുടെ സ്വന്തം തേജസ് എംകെ-1എ; 18 പോര്‍വിമാനങ്ങള്‍ 2027 മാര്‍ച്ചോടെ വ്യോമസേനയ്ക്ക് കൈമാറാന്‍ HAL

Share

ഇന്ത്യന്‍ വ്യോമസേനയുടെ (IAF) പ്രഹരശേഷി വര്‍ധിപ്പിച്ച് 16 മുതല്‍ 18 വരെ തേജസ് എംകെ-1എ (Tejas Mk-1A) പോര്‍വിമാനങ്ങളടങ്ങുന്ന ആദ്യ സ്‌ക്വാഡ്രണ്‍ 2027 മാര്‍ച്ച് 31-നകം കൈമാറുമെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL). വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അശുതോഷ് ദീക്ഷിതും, HAL ചെയര്‍മാന്‍ കെ. രവിയും തമ്മില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമായത്. 2025 സെപ്റ്റംബറില്‍ മിഗ്-21 വിമാനങ്ങള്‍ വിരമിച്ചതോടെ വ്യോമസേനയിലുണ്ടായ സ്‌ക്വാഡ്രണ്‍ കുറവ് നികത്താന്‍ ഈ നീക്കം സഹായിക്കും.

സാങ്കേതിക തടസങ്ങള്‍ നീങ്ങി, പരീക്ഷണങ്ങള്‍ അവസാനഘട്ടത്തില്‍നേരത്തെ വിമാനത്തിന്റെ കൈമാറ്റത്തിന് തടസമായിരുന്ന പ്രധാന ഹാര്‍ഡ്വെയര്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. ആയുധ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട കടമ്പകളും പൂര്‍ത്തിയായി. റഡാര്‍, സോഫ്റ്റ്വെയര്‍ സംവിധാനങ്ങളിലെ ചില ചെറിയ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കും. നിലവില്‍ 27 തേജസ് എംകെ-1എ വിമാനങ്ങളുടെ എയര്‍ഫ്രെയിം എച്ച്എഎല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ- ഗുണനിലവാര ഏജന്‍സികളായ CEMILAC, DGAQA എന്നിവയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇവ വ്യോമസേനയ്ക്ക് കൈമാറും.

വ്യോമസേനയ്ക്ക് തേജസ് നിര്‍ണായകം

2025 സെപ്റ്റംബറില്‍ കാലഹരണപ്പെട്ട മിഗ്-21 (MiG-21) വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ വ്യോമസേനയില്‍ വലിയൊരു വിടവ് രൂപപ്പെട്ടിട്ടുണ്ട്. വ്യോമസേനയ്ക്ക് 42 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ ആവശ്യമുള്ള സ്ഥാനത്ത് നിലവില്‍ 29 എണ്ണം മാത്രമാണുള്ളത്. ഈ കുറവ് നികത്താന്‍ തേജസ് വളരെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയുധ ഇറക്കുമതി കുറയ്ക്കാനും, മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്തുപകരാനും തേജസ് വഴിയൊരുക്കും. ഭാവിയില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ നട്ടെല്ലായി മാറാനും ഈ പോര്‍വിമാനത്തിന് സാധിക്കും.

തേജസ് എംകെ-1എയുടെ പ്രധാന പ്രത്യേകതകള്‍

പഴയ തേജസ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കരുത്തും ആധുനിക സാങ്കേതികവിദ്യയുമായാണ് തേജസ് എംകെ-1എ (Tejas Mk1A) എത്തുന്നത്. ഇതിന്റെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ്:

  • എഇഎസ്എ (AESA) റഡാർ: ശത്രുവിമാനങ്ങളെ ദൂരെനിന്നുതന്നെ കൃത്യമായി കണ്ടെത്താൻ ശേഷിയുള്ള ആധുനിക റഡാർ സംവിധാനം.
  • ഇലക്ട്രോണിക് വാർഫെയർ (EW) സംവിധാനം: ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും കബളിപ്പിക്കാനും പ്രതിരോധിക്കാനുമുള്ള അത്യാധുനിക സംവിധാനം.
  • ഉയർന്ന ആയുധശേഷി: കൂടുതൽ ദൂരപരിധിയുള്ള മിസൈലുകളും വിവിധതരം ആയുധങ്ങളും ഒരേസമയം വഹിക്കാനുള്ള ശേഷി.
  • വേഗത്തിലുള്ള അറ്റകുറ്റപ്പണിയും സജ്ജീകരണവും: യുദ്ധമുഖത്ത് വേഗത്തിൽ അറ്റകുറ്റപ്പണികൾ നടത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും പറന്നുയരാനുള്ള സൗകര്യം.

ഡെലിവറി വൈകാന്‍ കാരണമെന്ത്

2024 മാര്‍ച്ചില്‍ തുടങ്ങേണ്ടിയിരുന്ന വിമാനങ്ങളുടെ കൈമാറ്റം ഏകദേശം മൂന്ന് വര്‍ഷത്തോളമാണ് വൈകിയത്. വിമാനത്തിന് കരുത്തുപകരുന്ന F404-IN20 എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ജിഇ എയറോസ്‌പേസില്‍ (GE Aerospace) നിന്നുണ്ടായ വിതരണ കാലതാമസമാണ് ഇതിന് പ്രധാന കാരണം. ഇതിനുപുറമെ പുതിയ റഡാറുകളുടെയും, ആയുധ സംവിധാനങ്ങളുടെയും സംയോജനത്തിനും സര്‍ട്ടിഫിക്കേഷനും കൂടുതല്‍ സമയമെടുത്തു.

ഇന്ത്യ വാങ്ങുന്നത് 180 വിമാനങ്ങള്‍

ആകെ 180 തേജസ് എംകെ-1എ പോര്‍വിമാനങ്ങള്‍ക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ 48,000 കോടി രൂപ ചെലവില്‍ 83 വിമാനങ്ങള്‍ക്കുള്ള ആദ്യ കരാര്‍ നല്‍കി. 2025 സെപ്റ്റംബറില്‍ 62,370 കോടി രൂപയ്ക്ക് 97 വിമാനങ്ങള്‍ക്കുള്ള രണ്ടാം കരാര്‍ നല്‍കി. കൂടുതല്‍ കരുത്തേറിയ തേജസ് എംകെ-2 (Tejas Mk-2), അഞ്ചാം തലമുറ പോര്‍വിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (AMCA) എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *