കേരളത്തിലെ പുരപ്പുറ സൗരോര്‍ജ ശേഷി പത്ത് വര്‍ഷത്തിനിടെ 21 മെഗാവാട്ടില്‍ നിന്ന് 2,215 മെഗാവാട്ടായി ഉയരുമ്പോഴും, വൈകുന്നേരം മുതല്‍ രാത്രി വരെയുള്ള പീക്ക് ഡിമാന്‍ഡ് കെഎസ്ഇബിക്ക് 5,361 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി. പകല്‍ അധികമായി എത്തുന്ന സൗരോര്‍ജം സൂക്ഷിക്കാന്‍ വലിയ ബാറ്ററി സംവിധാനങ്ങള്‍ ഇല്ലാത്തതും, രാത്രി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതും വോള്‍ട്ടേജ് പ്രശ്‌നങ്ങളും ഉപഭോക്താക്കളെയും ഗ്രിഡിനെയും നേരിട്ട് ബാധിക്കുകയാണ്.
പ്രധാന കണക്കുകള്‍കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ പുരപ്പുറ സൗരോര്‍ജ ശേഷി ഏകദേശം 21 മെഗാവാട്ടില്‍ നിന്ന് 2,215 മെഗാവാട്ടായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ദിവസം 84,000 യൂണിറ്റുണ്ടായിരുന്ന ഉല്‍പ്പാദനം ഏകദേശം 88.6 ലക്ഷം യൂണിറ്റായും, വര്‍ഷം ഏകദേശം 3 കോടി യൂണിറ്റുണ്ടായിരുന്നത് 323 കോടിയിലധികം യൂണിറ്റായും ഉയര്‍ന്നു. ഈ പത്ത് വര്‍ഷത്തിനിടെ ആകെ ഏകദേശം 983 കോടി യൂണിറ്റ് സൗരോര്‍ജം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ചെങ്കിലും, അതിന്റെ നാലിലൊന്ന് (25 ശതമാനം, ഏകദേശം 246 കോടി യൂണിറ്റ്) മാത്രമാണ് ഉല്‍പ്പാദകര്‍ പകല്‍ സമയത്ത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചത്.
പകല്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് എത്തുന്നുണ്ടെങ്കിലും, അതിന്റെ പകുതിയിലേറെ (55 ശതമാനം, ഏകദേശം 541 കോടി യൂണിറ്റ്) ഉല്‍പ്പാദകര്‍ രാത്രിയില്‍ തിരികെ എടുക്കുന്നുണ്ട്. സൂര്യവെളിച്ചമില്ലാത്ത രാത്രി സമയത്ത് പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നല്‍കേണ്ടി വരുന്നത് കെഎസ്ഇബിക്ക് വലിയ ചെലവാണ് ഉണ്ടാക്കുന്നത്; യൂണിറ്റിന് ശരാശരി 6 രൂപ നിരക്കില്‍ ഏകദേശം 3,246 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവായത്.
കൂടാതെ, പകല്‍ സമയത്ത് അധികമായി വരുന്ന വൈദ്യുതി ഗ്രിഡില്‍ സറണ്ടര്‍ ചെയ്യേണ്ടി വന്നതിന്റെ പിഴയിനത്തില്‍ (യൂണിറ്റിന് 2 രൂപ നിരക്കില്‍) ഏകദേശം 1,475 കോടി രൂപയും, ഗ്രിഡിലേക്ക് നല്‍കിയ ബാക്കി 20 ശതമാനം വൈദ്യുതിക്ക് (ഏകദേശം 197 കോടി യൂണിറ്റിന് യൂണിറ്റിന് 3.26 രൂപ നിരക്കില്‍) ഏകദേശം 641 കോടി രൂപയും അധികച്ചെലവായി മാറി. കേരളത്തിലെ വൈദ്യുതി ഉപഭോഗത്തില്‍ ഏകദേശം 75 ശതമാനവും വീടുകളായതിനാല്‍ വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെയാണ് കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്നത്. 2026 ഏപ്രിലില്‍ പ്രതിദിന ഉപയോഗം 11.61 കോടി യൂണിറ്റും പീക്ക് ഡിമാന്‍ഡ് 6,013 മെഗാവാട്ടും കടന്നതും, സെപ്റ്റംബറിലെ പീക്ക് ഡിമാന്‍ഡ് 2025ലെ 4,480 മെഗാവാട്ടില്‍ നിന്ന് 2026ല്‍ 5,639 മെഗാവാട്ടായി ഉയര്‍ന്നതും രാത്രികാല വൈദ്യുതി ആവശ്യത്തിലെ വര്‍ദ്ധന വ്യക്തമാക്കുന്നു.
കെഎസ്ഇബി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍
സമയക്രമത്തിലെ അസന്തുലിതാവസ്ഥയാണ് കെഎസ്ഇബിക്ക് പ്രധാന തലവേദന. സൗരോര്‍ജ ഉല്‍പ്പാദനമുള്ള പകല്‍ ഡിമാന്‍ഡ് കുറവും, രാത്രി ആവശ്യം ഉയരുകയും ചെയ്യുന്നു. പകല്‍ സമയത്ത് കൂടുതല്‍ സൗരോര്‍ജം വിതരണ ലൈനുകളിലേക്ക് എത്തുമ്പോള്‍ വോള്‍ട്ടേജ് ഉയരുന്നതും പുതിയ പ്രതിസന്ധിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ട്രാന്‍സ്ഫോര്‍മറുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും തകരാറുണ്ടാക്കാം.
പകലത്തെ അധിക വൈദ്യുതി സംഭരിച്ചു വെച്ച് രാത്രി വിതരണം ചെയ്യാനുള്ള വലിയ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടിയ വിലയ്ക്ക് കെഎസ്ഇബിക്കു വൈദ്യുതി വാങ്ങേണ്ടിവരുന്നു. അധിക വൈദ്യുതി സറണ്ടര്‍ ചെയ്യേണ്ടി വരുന്ന പിഴയും, രാത്രികാല വിതരണച്ചെലവും കെഎസ്ഇബിയുടെ സാമ്പത്തിക നിലയെ സമ്മര്‍ദ്ദത്തിലാക്കുന്നു.
കെഎസ്ഇബിക്ക് എങ്ങനെ പ്രശ്‌നം മറികടക്കാം
ബാറ്ററി സ്റ്റോറേജ് വ്യാപകമാക്കുകയകാണ് ശാശ്വത പരിഹാരം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സോളാര്‍ പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയല്ലാതെ മറ്റു വഴികളില്ല. പകലത്തെ വൈദ്യുതി സംഭരിച്ച് വൈകുന്നേരം ഉപയോഗിക്കാന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) വ്യാപകമാക്കണം.
മൈലാട്ടിയിലെ 125 മെഗാവാട്ട് പദ്ധതിക്കും കൊച്ചി, തിരുവനന്തപുരം, അരീക്കോട് എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കും പുറമെ കൂടുതല്‍ സ്റ്റോറേജ് സംവിധാനങ്ങള്‍ ആവശ്യമാണ്. കെഎസ്ഇബിയും എന്‍ടിപിസിയും ചേര്‍ന്ന് കായംകുളത്ത് 2000 മെഗാവാട്ടിന്റെ ബാറ്ററി സ്‌റ്റോറേജ് സംവിധാനം ഒരുക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മുള്ളേരിയയിലെ ബെസ് സംവിധാനവും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. പക്ഷെ കേരളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും പദ്ധതികള്‍ ആവശ്യമാണ്.
പകല്‍ കുറഞ്ഞ നിരക്കും, രാത്രി പീക്ക് സമയത്ത് കൂടിയ നിരക്കും ഈടാക്കുന്ന രീതി പ്രോത്സാഹിപ്പിച്ച് ഉപയോഗം പകലേക്ക് മാറ്റാന്‍ സര്‍ക്കാരും കെഎസ്ഇബിയും ശ്രമിക്കുന്നുണ്ട്. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ വിതരണ ലൈനുകളും, ട്രാന്‍സ്ഫോര്‍മറുകളും സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതികവിദ്യയിലേക്ക് മാറ്റാവുന്നതാണ്. വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ക്ക് എഐ സ്മാര്‍ട്ട് ഗ്രിഡ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കെഎസ്ഇബിക്ക് വലിയ സാധ്യത തുറന്നുകൊടുക്കുന്നതാണ്.
ബാറ്ററി സംവിധാനത്തോടുകൂടിയ ഹൈബ്രിഡ് സോളാര്‍ പ്ലാന്റുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാത്രികാല ഗ്രിഡ് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
സര്‍ക്കാര്‍ പ്രോത്സാഹനത്തിനൊപ്പം കെഎസ്ഇബി അടിയന്തരമായി ചെയ്യേണ്ടത്
സോളാര്‍ ലക്ഷ്യങ്ങള്‍ക്കൊപ്പം സ്റ്റോറേജ് ലക്ഷ്യങ്ങളും ഉള്‍പ്പെടുത്തി വ്യക്തമായ മാര്‍ഗരേഖ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വോള്‍ട്ടേജ് പ്രശ്നമുള്ള ഫീഡറുകള്‍ നേരത്തെ കണ്ടെത്തി അവിടെ പുതിയ കണക്ഷനുകള്‍ നല്‍കുന്നതിന് മുമ്പ് സാങ്കേതിക പരിഹാരം ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. വോള്‍ട്ടേജ് ക്രമാതീതമായി ഉയരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. രാത്രി പീക്ക് സമയത്തെ കുറവ് നികത്താന്‍ ചെലവ് കുറഞ്ഞതും, വിശ്വസനീയവുമായ വൈദ്യുതി ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് ദീര്‍ഘകാല വൈദ്യുരി കരാറുകള്‍ വേണം. കേന്ദ്രത്തിന്റെ പിഎം സൂര്യഘര്‍ പദ്ധതി മികച്ച രീതിയില്‍ പ്രയോജപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ നേട്ടം ഉള്‍ക്കൊള്ളാന്‍ കെഎസ്ഇബി തയ്യാറേടുക്കേണ്ടതുണ്ട്.
മലയാളികളെ എങ്ങനെ ബാധിക്കും
കെഎസ്ഇബിയുടെ നഷ്ടവും ഗ്രിഡ് ചെലവുകളും നികത്താന്‍ ഭാവിയില്‍ വൈദ്യുതി നിരക്കിലോ, ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജുകളിലോ മാറ്റങ്ങള്‍ വരാം. ഇതു സാധാരണക്കാരന്റെ ദൈനംദിന ബജറ്റിനെ നേരിട്ടു ബാധിക്കുന്ന വിഷയമാണ്. പീക്ക് സമയത്ത് വൈദ്യുതി ലഭ്യത കുറയുമ്പോള്‍ ലോഡ് ഷെഡിംഗോ, വോള്‍ട്ടേജ് വ്യതിയാനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പകല്‍ കയറ്റി അയക്കുന്ന വൈദ്യുതിക്ക് രാത്രി അതേ മൂല്യത്തില്‍ തിരികെ എടുക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വന്നാല്‍ സോളാര്‍ ഉപഭോക്താക്കളുടെ ലാഭക്കണക്കുകളില്‍ വ്യത്യാസം വരാം. ലൈനുകളിലെ പകല്‍ സമയത്തെ ഉയര്‍ന്ന വോള്‍ട്ടേജും സാധാരണക്കാര്‍ക്കു വെല്ലുവിളി തന്നെ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, വാട്ടര്‍ പമ്പ്, ഇവി ചാര്‍ജിംഗ് പോലുള്ള കാര്യങ്ങള്‍ പകല്‍ സമയത്ത് ക്രമീകരിക്കാനാണ് കെഎസ്ഇബിയുടെ നിര്‍ദേശം. വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ എസി, വാട്ടര്‍ ഹീറ്റര്‍, അയേണ്‍ ബോക്സ്, ഇവി ചാര്‍ജിംഗ് തുടങ്ങിയ വലിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
പുതിയ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ വീട്ടിലെ രാത്രികാല ആവശ്യം കൂടി കണക്കിലെടുത്ത് ബാറ്ററി ബാക്ക്അപ്പ് സാധ്യതകള്‍ വിലയിരുത്തുക. കഴിയുന്നവര്‍ ബാറ്ററി കൂടി ഉള്‍പ്പെടുത്തി ഹൈബ്രിഡ് മോഡല്‍ ഏറ്റെടുക്കുക. ലൈനുകളില്‍ വോള്‍ട്ടേജ് ഉയരാനിടയുള്ളതിനാല്‍ വീട്ടുപകരണങ്ങള്‍ക്ക് വോള്‍ട്ടേജ് സ്റ്റെബിലൈസറോ, പ്രൊട്ടക്ഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
