Latest

5 ലക്ഷം രൂപ വാര്‍ഷിക ഫീസ്, പ്രൈവറ്റ് ജെറ്റ് മുതല്‍ സൗജന്യ താജ് താമസം വരെ; 5 ഇന്ത്യന്‍ സൂപ്പര്‍ ലക്ഷ്വറി ക്രെഡിറ്റ് കാര്‍ഡുകള്‍

Share

പ്രൈവറ്റ് ജെറ്റ് ആക്‌സസ്, സീറോ ഫോറെക്‌സ് മാര്‍ക്കപ്പ്, ആഡംബര പഞ്ചനക്ഷത്ര ഹോട്ടല്‍ മെമ്പര്‍ഷിപ്പുകള്‍ തുടങ്ങി അള്‍ട്രാ ലക്ഷ്വറി ആനുകൂല്യങ്ങള്‍ നല്‍കുന്ന സൂപ്പര്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇന്ത്യയിലെ ഹൈ-നെറ്റ്-വര്‍ത്ത് (HNI) ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വാര്‍ഷിക ഫീസ് ഈടാക്കുന്ന ആക്‌സിസ് പ്രൈമസ് (Axis Primus), അമെക്‌സ് പ്ലാറ്റിനം (Amex Platinum) ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏറ്റവും ചെലവേറിയ 5 എലൈറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ ഫീസും യോഗ്യതകളും പരിശോധിക്കാം.

ഐഡിഎഫ്‌സി ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ് (IDFC First Private Credit Card)അന്താരാഷ്ട്ര ഇടപാടുകള്‍ക്കും എടിഎം വഴി പണം പിന്‍വലിക്കുന്നതിനും ഫോറെക്‌സ് ഫീസ് ഈടാക്കില്ലെന്നതാണ് പ്രധാന ആകര്‍ഷണം. കാര്‍ഡുടമകള്‍ക്കും ആഡ് ഓണ്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെയും വിദേശത്തെയും തിരഞ്ഞെടുത്ത എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ പരിധിയില്ലാത്ത സൗജന്യ പ്രവേശനം ആസ്വദിക്കാം.

12 മാസത്തില്‍ 91,000 രൂപയുടെ അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തിയാല്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സേവനം ലഭിക്കും. ഐടിസി ഹോട്ടലുകളില്‍ 2 ദിവസം പണമടച്ച് താമസിച്ചാല്‍ മൂന്നാമത്തെ ദിവസം സൗജന്യമായി താമസിക്കാം. പോസ്റ്റ്കാര്‍ഡ് ഹോട്ടലുകളില്‍ 25,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് 7,500 രൂപ ഇളവ് ലഭിക്കും.

ഇന്ത്യയിലെ ഗോള്‍ഫ് കോഴ്സുകളില്‍ പരിധിയില്ലാത്ത പ്രവേശനവും, പാദവാര്‍ഷികത്തില്‍ ഒരു സൗജന്യ അന്താരാഷ്ട്ര ഗോള്‍ഫ് റൗണ്ടും കാര്‍ഡ് പ്രദാനം ചെയ്യുന്നു.

യോഗ്യതാ മാനദണ്ഡം: ബാങ്കില്‍ നിന്ന് ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രം (Invitation-only). ജോയിനിംഗ് ഫീസ് 50,000 രൂപയും ജിഎസ്ടിയും.

അമേരിക്കന്‍ എക്‌സ്പ്രസ് പ്ലാറ്റിനം ചാര്‍ജ് കാര്‍ഡ് (American Express Platinum Charge Card)

ലോകമെമ്പാടുമുള്ള 1550-ലധികം ലോഞ്ചുകളിലേക്കും, മറ്റ് എക്‌സ്‌ക്ലൂസീവ് സേവനങ്ങളിലേക്കും കാര്‍ഡ് പ്രവേശനം നല്‍കുന്നു. തിരഞ്ഞെടുത്ത 1000-ലധികം പ്രോപ്പര്‍ട്ടികളിലെ താമസത്തിന് ഏകദേശം 44,300 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ നേടാം.

യോഗ്യതാ മാനദണ്ഡം: ഉയര്‍ന്ന വരുമാനമുള്ള ഹൈ-നെറ്റ്-വര്‍ത്ത് വ്യക്തികള്‍ക്ക് മാത്രം. വാര്‍ഷിക ഫീസ് 66,000 രൂപയും ജിഎസ്ടിയും.

ആക്‌സിസ് ബര്‍ഗണ്ടി പ്രൈവറ്റ് – ദ വണ്‍ കാര്‍ഡ് (Axis BURGUNDY PRIVATE – The One Card)

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഫോറെക്‌സ് കാര്‍ഡ് എന്നിവയുടെ എല്ലാ ഗുണങ്ങളും ഒറ്റ കാര്‍ഡില്‍ ആസ്വദിക്കാം. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പ്രീമിയര്‍ ലോഞ്ചുകളില്‍ പരിധിയില്ലാത്ത പ്രവേശനം സാധ്യമാകും. ഡൈനാമിക് ക്രെഡിറ്റ് ലിമിറ്റോടുകൂടി അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് സീറോ ഫോറെക്‌സ് മാര്‍ക്കപ്പ് ആസ്വദിക്കാം.

ക്ലബ് മാരിയറ്റ്, അക്കോര്‍+ എക്‌സ്‌പ്ലോറര്‍, താജ് എപ്പിക്യൂര്‍, ഈസിഡൈനര്‍ തുടങ്ങിയ ആഡംബര ഹോട്ടലുകളില്‍ സൗജന്യ മെമ്പര്‍ഷിപ്പ് കാര്‍ഡിന്റെ ഭാഗമാണ്. ബുക്ക് മൈ ഷോയില്‍ (BookMyShow) ഒരു സിനിമാ ടിക്കറ്റ് എടുക്കുമ്പോള്‍ അടുത്ത ടിക്കറ്റിന് 500 രൂപ വരെയും, സിനിമയല്ലാത്ത പരിപാടികള്‍ക്ക് 1000 രൂപ വരെയും ഇളവ് കിട്ടും. വര്‍ഷത്തില്‍ 50 ആഭ്യന്തര ഗോള്‍ഫ് റൗണ്ടുകളും, 4 അന്താരാഷ്ട്ര ഗോള്‍ഫ് റൗണ്ടുകളും സൗജന്യമാണ്.

യോഗ്യതാ മാനദണ്ഡം: സാധാരണ വാര്‍ഷിക ഫീസ് 1,00,000 രൂപയാണ്. എന്നാല്‍ ആക്‌സിസ് ബാങ്കില്‍ 5 കോടിയോ അതിനു മുകളിലോ TRV (Total Relationship Value) ഉള്ള ബര്‍ഗണ്ടി പ്രൈവറ്റ് ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ഡ് സൗജന്യമായി ലഭിക്കും.

എച്ച്എസ്ബിസി താജ് ക്രെഡിറ്റ് കാര്‍ഡ് (HSBC Taj Credit Card)

കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയിലെ താജ് ഹോട്ടലുകളില്‍ പ്രഭാതഭക്ഷണത്തോട് കൂടിയ 2 ദിവസത്തെ താമസവും, താജ് പാലസിലാണെങ്കില്‍ 1 ദിവസത്തെ താമസവും സൗജന്യമായി കിട്ടും. കാര്‍ഡുടമയ്ക്കും കൂടെയുള്ള ഒരാള്‍ക്കും വര്‍ഷത്തില്‍ 12 തവണ ദ ചേമ്പേഴ്‌സ് ലോഞ്ച് എക്‌സ്‌ക്ലൂസീവ് പ്രവേശനം സാധ്യമാണ്.

താജ് ഹോട്ടലുകളിലെ താമസത്തിന് 25% വിലക്കിഴിവ്. റിലയന്‍സ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളില്‍ 35,000 രൂപയ്ക്ക് മുകളില്‍ ചിലവാക്കുമ്പോള്‍ 10,000 രൂപ വരെ ഇളവ് എന്നിവ ആസ്വദിക്കാം. പരിധിയില്ലായെ റൂമുകള്‍ അപ്‌ഗ്രേഡ് ചെയ്യാനും കാര്‍ഡ് സഹായിക്കും. കൂടാതെ താജ്, വിവന്ത ഹോട്ടലുകളിലെ ചിലവുകള്‍ക്ക് 100 രൂപയ്ക്ക് 5 റിവാര്‍ഡ് പോയിന്റുകള്‍ വീതം കിട്ടും.

യോഗ്യതാ മാനദണ്ഡം: താജ് ഹോട്ടലുകളിലെ സ്ഥിരം ഉപഭോക്താക്കള്‍ക്കും ആഡംബര യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും മാത്രം. ജോയിനിംഗ് ഫീസും വാര്‍ഷിക ഫീസും 1,10,000 രൂപയും ജിഎസ്ടിയും.

ആക്‌സിസ് പ്രൈമസ് ക്രെഡിറ്റ് കാര്‍ഡ് (Axis Primus Credit Card)

2024-ല്‍ അവതരിപ്പിച്ച ഈ കാര്‍ഡ് അള്‍ട്രാ ലക്ഷ്വറി ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുള്ളതാണ്. മിഷേലിന്‍ സ്റ്റാര്‍ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 10,000 -ലധികം മുന്‍നിര റെസ്റ്റോറന്റുകളില്‍ പ്രത്യേക പരിഗണനയും റിസര്‍വേഷനും ലഭിക്കും.

ഫ്‌ലൈയിംഗ് സഫാരികള്‍, സ്‌കീ അവധികള്‍, പ്രൈവറ്റ് ജെറ്റുകളിലേക്കുള്ള പ്രത്യേക പ്രവേശനം., പരിധിയില്ലാത്ത ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ പ്രയോറിറ്റി പാസ് ലോഞ്ച് ആക്‌സസ് എന്നിവ ആസ്വദിക്കാം. കൂടെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ 12 തവണ സൗജന്യ ലോഞ്ച് ആക്‌സസ് കിട്ടും.

താജ് എപ്പിക്യൂര്‍, ബ്ലൂംബെര്‍ഗ് അംഗത്വങ്ങള്‍ സൗജന്യമായി കിട്ടും. പങ്കാളി ഹോട്ടലുകളില്‍ തുടര്‍ച്ചയായ 2 ദിവസത്തെ ബുക്കിംഗിന് ഒരു ദിവസം സൗജന്യം ആസ്വദിക്കാം.

യോഗ്യതാ മാനദണ്ഡം: അതിസമ്പന്നര്‍ക്ക് ബാങ്കില്‍ നിന്നും ക്ഷണം ലഭിച്ചാല്‍ മാത്രം ലഭിക്കുന്ന കാര്‍ഡ്. ജോയിനിംഗ് ഫീസും വാര്‍ഷിക ഫീസും 5,00,000 രൂപയും ജിഎസ്ടിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ കാര്‍ഡുകള്‍ എല്ലാവര്‍ക്കും നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. ഐഡിഎഫ്‌സി ഫസ്റ്റ് പ്രൈവറ്റ്, ആക്‌സിസ് പ്രൈമസ് പോലുള്ള കാര്‍ഡുകള്‍ ബാങ്കിന്റെ പ്രത്യേക ക്ഷണത്തിലൂടെ മാത്രമേ ലഭിക്കൂ. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും, ബാങ്കുകളുമായി ഉയര്‍ന്ന സാമ്പത്തിക വിനിമയങ്ങള്‍ (ഉദാഹരണത്തിന് 5 കോടി രൂപയുടെ TRV) നിലനിര്‍ത്തുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ എലൈറ്റ് കാര്‍ഡുകള്‍.

അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് കാര്‍ഡിനായി ഇന്ത്യയിലെ പുതിയ ഉപഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത് അമേരിക്കന്‍ എക്‌സ്പ്രസ്സ് നിലവില്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇത്തരം കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന ജോയിനിംഗ്- വാര്‍ഷിക ഫീസുകള്‍ (1 ലക്ഷം മുതല്‍ 5 ലക്ഷം വരെ) ഉണ്ട്. ലക്ഷ്വറി ഹോട്ടലുകള്‍, സ്ഥിരമായ വിദേശ യാത്രകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇവ ലാഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *