Latest

കേരളത്തിന് പണി; ഭായിമാർക്ക് കിടിലൻ ഓഫറുമായി ബംഗാൾ, അതിഥിത്തൊഴിലാളികൾ തിരികെ പോയാൽ സംഭവിക്കുന്നതിങ്ങനെ

Share

പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിവരണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആഹ്വാനം ചെയ്തിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലും ഈ തിരിച്ചു വിളി ചർച്ചാ വിഷയമാകുന്നു. സ്വന്തം നാട്ടിൽ തന്നെ തൊഴിലും, വരുമാനവും ഉറപ്പാക്കാമെന്ന വാഗ്ദാനമാണ് തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ. ഇത് യാഥാർഥ്യമായാൽ കേരളത്തിലെ മിക്ക മേഖലകളിലും തൊഴിലാളികളുടെ ലഭ്യതയെ അത് ബാധിക്കാം. ഇത് നിർമാണ മേഖലയിൽ ഉൾപ്പെടെ ചിലവുകൾ കുതിച്ചുയരാനും കാരണമാകാം.

പരമ്പരാഗതമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകുന്നവരാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള വലിയൊരു വിഭാഗം തൊഴിലാളികൾ. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലും ഇവർ ജോലി ചെയ്യുന്നുണ്ട്. നാട്ടിൽ തന്നെ സ്ഥിരമായ വരുമാനവും, തൊഴിൽസുരക്ഷയും ലഭിക്കുമെന്ന സാഹചര്യം രൂപപ്പെട്ടാൽ, പുറത്തേക്ക് പോകാനുള്ള താല്പര്യങ്ങളിൽ മാറ്റമുണ്ടാകാം.

VB-G RAM G പദ്ധതിയിലൂടെയാണ് തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ശ്രമിക്കുന്നത്. മടങ്ങി വരുന്നവർക്ക് തൊഴിൽ കാർഡ് നൽകും. പദ്ധതിപ്രകാരം ഓരോ തൊഴിൽ കാർഡ് ഉടമയ്ക്കും വർഷത്തിൽ 125 ദിവസത്തെ തൊഴിലുറപ്പും, 34,500 രൂപയുടെ വരുമാനവും ഉറപ്പാക്കുമെന്ന് അധികാരി പറഞ്ഞു. പഞ്ചായത്ത് വകുപ്പുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രവും, സംസ്ഥാനവും ചേർന്ന് 12,000 കോടി രൂപയുടെ തൊഴിൽ പദ്ധതികൾക്ക് വിഹിതം അനുവദിച്ചതായും ഇതുവരെ 65.62 ലക്ഷം വ്യക്തി​ഗത-തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. നിലവിൽ പ്രതിദിന തൊഴിൽ ലഭിക്കുന്നത് 7.09 ലക്ഷം പേർക്കാണ്. ഡിസംബറോടെ ഇത് 10 ലക്ഷമായും പിന്നീട് 17 ലക്ഷമായും ഉയർത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2026–27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രത്തിന്റെ 22 കോടി തൊഴിൽദിന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഈ നീക്കം കേരളത്തിന് എന്തുകൊണ്ട് പ്രധാനമാണ്?

കേരളത്തിലെ നിർമാണം, ഹോട്ടൽ-റസ്റ്ററന്റ് മേഖല, പ്ലൈവുഡ് വ്യവസായം തുടങ്ങിയവയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം നിർണായകമാണ്. 2026 ഏപ്രിലിൽ പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇതോടെ, കേരളത്തിലെ നിർമാണ-ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിലാളിക്ഷാമം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒട്ടേറെ ഹോട്ടലുകൾ അടച്ചിടേണ്ടതായും വന്നു. കേരളത്തിലെ ഹോട്ടൽ-റസ്റ്ററന്റ് മേഖലയിൽ 90 ശതമാനത്തിലും ഇതര സംസ്ഥാനക്കാർ ജോലി ചെയ്യുന്നു.

ചില കണക്കുകൾ…

2024 വർഷത്തെ സംസ്ഥാന പ്ലാനിങ് ബോർഡ് നൽകുന്ന കണക്കുകൾ പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതര സംസ്ഥാനക്കാരാണുള്ളത്. എന്നാൽ അനൗദ്യോ​ഗിക കണക്കുകൾ പ്രകാരം ഇത് 40 ലക്ഷത്തിലും അധികമാണ്. ഇതിൽത്തന്നെ 50 ശതമാനത്തിലധികം ബം​ഗാളിൽ നിന്നുള്ളവരാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഇതര സംസ്ഥാനക്കാർ വലിയ സ്വാധീനം ചെലുത്തുന്നു.

ഇക്കാരണത്താൽ തന്നെ ബംഗാളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കം, കേരളത്തിലെ തൊഴിൽ വിപണിയെയും സ്വാധീനിക്കാം. നാട്ടിൽ സ്ഥിരമായ തൊഴിലും, വരുമാനവും ലഭിച്ചാൽ ചില തൊഴിലാളികൾ കേരളത്തിലേക്കുള്ള മടങ്ങിവരവ് വേണ്ടെന്ന് വെക്കാനോ, കുറയ്ക്കാനോ സാധ്യതയുണ്ട്.

കേരളത്തിന് മുന്നിലുള്ള വെല്ലുവിളി

തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ തൊഴിൽ ലഭിക്കുന്നതോടൊപ്പം. കേരളത്തിലെ വ്യവസായങ്ങൾക്കും ആവശ്യമായ തൊഴിലാളികളെ ഉറപ്പാക്കേണ്ടതുണ്ട്. വേതനം, താമസസൗകര്യം, തൊഴിൽസുരക്ഷ, ക്ഷേമപദ്ധതികൾ എന്നിവ മെച്ചപ്പെടുത്തുന്നത് കേരളത്തിലെ തൊഴിൽമേഖലയ്ക്ക് കൂടുതൽ പ്രധാനമാകുകയാണ്.

ബംഗാളിന്റെ തൊഴിൽവാഗ്ദാനം കേരളത്തിന് മുന്നിൽ ഉയർത്തുന്ന പ്രധാന ചോദ്യം ‘ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇവിടെ തുടരാൻ കൂടുതൽ ആകർഷകമായ തൊഴിൽസാഹചര്യം ഒരുക്കാൻ സംസ്ഥാനത്തിന് കഴിയുമോ?’ എന്നതാണ്

സ്വാധീനം ചെലുത്തുന്ന ഘടകങ്ങൾ

അതേ സമയം ദേശീയ ശരാശരിയേക്കാൾ അധികം വേതനം കേരളത്തിൽ ലഭിക്കുന്നതിനാൽ തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്ക് ഉണ്ടാവുകയില്ലെന്നും വിലയിരുത്തലുകളുണ്ട്. സ്വന്തം നാട്ടിൽ മികച്ച ആനുകൂല്യങ്ങൾ ഉറപ്പായാൽ ഒരു വിഭാ​ഗം മടങ്ങിപ്പോകാനും സാധ്യതകളുണ്ട്.

ചുരുക്കത്തിൽ, ബംഗാളിൽ പ്രഖ്യാപിച്ച തൊഴിൽവാഗ്ദാനം കേരളത്തിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുമെന്ന് അർഥമാക്കുന്നില്ല. അതിന്റെ യഥാർഥ സ്വാധീനം, പദ്ധതിയുടെ നടപ്പാക്കൽ, പശ്ചിമ ബം​ഗാളിലെയും, കേരളത്തിലെയും തൊഴിൽസാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *