Latest

കടം വീട്ടാൻ എണ്ണപ്പാടങ്ങൾ തരും; 500 ദശലക്ഷം ഡോളർ തിരിച്ചുപിടിക്കാൻ ഇന്ത്യ, വെനസ്വേലയിൽ ചരിത്രപരമായ നീക്കവുമായി ONGC

Share

ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC), അടുത്ത ആറ് മാസങ്ങൾക്കകം വെനസ്വേലയിലെ രണ്ട് ഓയിൽ പ്രൊജക്ടുകളുടെ പ്രവർത്തന നിയന്ത്രണം ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഈ നീക്കം യാഥാർഥ്യമായാൽ, ഈ എണ്ണപ്പാടങ്ങളിലെ ഉല്പാദനത്തിന്റെയും, വില്പനയുടെയും നിയന്ത്രണം ഒ.എൻ.ജി.സിക്ക് ലഭിക്കും. കൂടാതെ, ഈ പദ്ധതികളിൽ നിന്ന് ലഭിക്കാനുള്ള, കുടിശ്ശികയായി മാറിയ 500 ദശലക്ഷം ഡോളറിലധികം വരുന്ന ലാഭവിഹിതം തിരിച്ചുപിടിക്കാനും കമ്പനിക്ക് സാധിച്ചേക്കും.

വെനസ്വേലൻ എണ്ണപ്പാടങ്ങളിലേക്ക് ഒ.എൻ.ജി.സി കമ്പനിയുടെ വിദേശ ഉപസ്ഥാപനമായ ഒ.എൻ.ജി.സി വിദേശ് (ONGC Videsh), വെനസ്വേല, അമേരിക്കൻ അധികൃതരുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് കമ്പനിയുടെ ഫിനാൻസ് വിഭാഗം മേധാവി അനുപം അഗർവാൾ അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മുതൽ ആറ് വരെ മാസങ്ങൾക്കകം കരാറുകൾക്ക് അന്തിമരൂപം നൽകാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവിൽ സാൻ ക്രിസ്റ്റോബൽ, കാരബോബോ-1 എന്നീ ക്രൂഡ് ഓയിൽ സ്കീമുകളിൽ ഒ.എൻ.ജി.സിക്ക് നിക്ഷേപമുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നത് കമ്പനിയാണ്. നിർദ്ദിഷ്ട കരാർ യാഥാർഥ്യമായാൽ, ഈ എണ്ണപ്പാടങ്ങളുടെ പ്രവർത്തനച്ചുമതല ഒ.എൻ.ജി.സി ഏറ്റെടുക്കുകയും അവിടെ ഉല്പാദിപ്പിക്കുന്ന എണ്ണ വിപണനം ചെയ്യുകയും ചെയ്യും. കൂടാതെ, കുടിശ്ശികയായ ലാഭവിഹിതം സംബന്ധിച്ച പ്രശ്നങ്ങൾക്കും പരിഹാരം കാണും.

സാൻ ക്രിസ്റ്റോബൽ പദ്ധതിയിൽ ഒ.എൻ.ജി.സിക്ക് 40 ശതമാനം ഓഹരിയാണുള്ളത്. ശേഷിക്കുന്ന 60 ശതമാനം വെനസ്വേലയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ പി.ഡി.വി.എസ്.എയുടെ (PDVSA) ഉടമസ്ഥതയിലാണ്. ഈ പദ്ധതിയുടെ പൂർണ പ്രവർത്തന നിയന്ത്രണം ഏറ്റെടുക്കാമെന്നാണ് ഒ.എൻ.ജി.സി പ്രതീക്ഷിക്കുന്നത്.

കാരബോബോ-1 സ്കീമിൽ മറ്റ് നിക്ഷേപകരുമായും ഷെയർ ഹോൾഡിങ് പങ്കുവെച്ചായിരിക്കും പ്രവർത്തനം. ഒ.എൻ.ജി.സിയും മറ്റ് ഇന്ത്യൻ കമ്പനികളും ചേർന്ന് പദ്ധതിയിൽ 18 % ഓഹരികൾ കൈവശം വെച്ചിരിക്കുന്നു. നിർദ്ദിഷ്ട കരാറുകളിലൂടെ വെനസ്വേലയിലെ മറ്റ് എണ്ണപ്പാടങ്ങളിലും നിക്ഷേപ ഓഹരികൾ സ്വന്തമാക്കാൻ ഒ.എൻ.ജി.സിക്ക് അവസരം ലഭിച്ചേക്കുമെന്നും അഗർവാൾ പറഞ്ഞു. അതേസമയം, കുടിശ്ശികയായ ലാഭവിഹിതം എങ്ങനെ തീർപ്പാക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ല.

എണ്ണവിപണിയിൽ തിരിച്ചു വരവിന് വെനസ്വേല

ദീർഘകാലമായി കുറഞ്ഞ നിക്ഷേപവും, പ്രവർത്തനപരമായ പ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായ എണ്ണവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് വെനസ്വേല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 700 കോടി ഡോളറിലധികം നിക്ഷേപം നടത്താനുള്ള പദ്ധതി നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ വെനസ്വേലയിലെ ക്രൂഡ് ഓയിൽ ഉല്പാദനശേഷി പുനഃസ്ഥാപിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. കണക്കുകൾ പ്രകാരം, ആഗസ്റ്റ് മാസത്തിൽ വെനസ്വേലയിൽ പ്രവർത്തിച്ചിരുന്നത് വെറും രണ്ട് ഡ്രില്ലിങ് റിഗുകൾ മാത്രമാണ്. 2028 വർഷത്തോടെ പ്രതീക്ഷിക്കുന്ന ഉല്പാദന ലക്ഷ്യം കൈവരിക്കാൻ ഏകദേശം 50 റിഗുകൾ ആവശ്യമായി വരും.

റൈസ്റ്റാഡ് എനർജിയുടെ കണക്കുകൂട്ടൽ പ്രകാരം, ആവശ്യമായ നിക്ഷേപവും, എണ്ണപ്പാടങ്ങളിലെ സേവനങ്ങളും ഗണ്യമായ തോതിൽ വർധിപ്പിക്കാനായാൽ 2028 വർഷത്തോടെ വെനസ്വേലയുടെ പ്രതിദിന എണ്ണ ഉൽപ്പാദനം 16 ലക്ഷം ബാരലായും 2030 വർഷത്തോടെ 18 ലക്ഷം ബാരലായും ഉയർന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *