
പശ്ചിമേഷ്യൻ സംഘർഷം ആഗോള എണ്ണനീക്കത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, സ്വന്തം ക്രൂഡ് ഓയിൽ, എൽ.പി.ജി ടാങ്കറുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC). ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും, കപ്പൽ വാടകയിലെ വൻ വർധനയും കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. എണ്ണ ഇറക്കുമതിക്കും, ഇന്ധനവിതരണത്തിനുമുള്ള ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിർണായക നീക്കമാണിത്.
കപ്പലുകൾ വാങ്ങുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ടെൻഡറുകൾ ഏതാനും മാസങ്ങൾക്ക് മുമ്പുതന്നെ പുറത്തിറക്കിയിരുന്നതായി ഇന്ത്യൻ ഓയിൽ ഫിനാൻസ് വിഭാഗം ഡയറക്ടർ അനൂജ് ജെയിൻ അറിയിച്ചു. കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ സാമ്പത്തികഫലങ്ങൾ സംബന്ധിച്ച കോൺഫറൻസ് കോളിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
2026 ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച്, ഇപ്പോഴും തുടരുന്ന പശ്ചിമേഷ്യൻ സംഘർഷമാണ് ആഗോള സമുദ്ര ഗതാഗതത്തെ പ്രതിസന്ധിയിലാക്കിയത്. ലോകത്തെ പ്രതിദിനാടിസ്ഥാനത്തിലുള്ള ക്രൂഡ് ഓയിൽ സപ്ലൈയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. സംഘർഷത്തെത്തുടർന്ന് ഈ റൂട്ടിലെ കപ്പൽഗതാഗതം ഫലത്തിൽ തടസ്സപ്പെട്ടത് ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളുടെ ഊർജ്ജവിതരണ ശൃംഖലയെ ബാധിച്ചു.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽ.പി.ജി ഇറക്കുമതിയുടെ പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നാണ് ഹോർമുസ് എന്നതിനാൽ യുദ്ധ പ്രതിസന്ധി ഇന്ത്യൻ എണ്ണക്കമ്പനികൾക്കും വലിയ വെല്ലുവിളിയായി.
50 ശതമാനത്തിലധികം ഉയർന്ന കപ്പൽ വാടക
സംഘർഷത്തെത്തുടർന്ന് ചരക്കുകപ്പലുകളുടെ വാടകയിൽ 50 ശതമാനത്തിലധികം വർധനയുണ്ടായെന്നാണ് റിപ്പോർട്ട്. യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട അധിക ചാർജുകൾ, അപകടസാധ്യതയ്ക്കുള്ള ഇൻഷുറൻസ് പ്രീമിയം, ദൈർഘ്യമേറിയ സമുദ്രപാതകൾ തെരഞ്ഞെടുക്കേണ്ടി വന്ന സാഹചര്യം എന്നിവയാണ് ചെലവ് വർധിപ്പിച്ചത്.
ടാങ്കർ, ബൾക്ക് കപ്പൽ മേഖലകളിലായി നൂറുകണക്കിന് കപ്പലുകൾക്ക് യാത്ര വൈകുകയോ, വഴിതിരിച്ചുവിടേണ്ടിവരികയോ ചെയ്തു. ഇതോടെ ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള സമയവും ചെലവും ഗണ്യമായി വർധിച്ചു.
സ്വന്തം കപ്പലുകൾ വാങ്ങുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
നിലവിൽ ക്രൂഡ് ഓയിലും, എൽ.പി.ജിയും എത്തിക്കാൻ ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള കമ്പനികൾ വാടകക്കപ്പലുകളെ ആശ്രയിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ കപ്പലുകളുടെ ലഭ്യതയും, വാടകയും നിയന്ത്രിക്കാൻ കമ്പനികൾക്ക് പരിമിതികളുണ്ടാകും.
സ്വന്തം ടാങ്കറുകൾ ലഭ്യമാകുന്നതോടെ ചരക്കുനീക്കം കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനും, വാടകക്കപ്പലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം കപ്പലുകൾ വാങ്ങുന്നതിനുള്ള നിക്ഷേപം, പരിപാലനം, ഇൻഷുറൻസ് തുടങ്ങിയ ചെലവുകളും കമ്പനിക്ക് വഹിക്കേണ്ടിവരും.
ഇന്ത്യയുടെ ഊർജസുരക്ഷ – നിർണായക നീക്കം
ഇന്ത്യയുടെ ഇന്ധന ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ അന്താരാഷ്ട്ര സംഘർഷങ്ങളും, സമുദ്രപാതകളിലെ തടസ്സങ്ങളും രാജ്യത്തെ ഇന്ധനവിതരണത്തെ നേരിട്ട് ബാധിക്കാം. പ്രത്യേകിച്ച് എൽ.പി.ജി വിതരണത്തിലെ തടസ്സങ്ങൾ ഗാർഹിക ഉപഭോക്താക്കളെയും, ഹോട്ടൽ, വ്യവസായ മേഖലകളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
