
പിഎം സൂര്യ ഘര്‍ (PM Surya Ghar) പദ്ധതി വഴി 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് കരുതി സോളാര്‍ സ്ഥാപിച്ച പലര്‍ക്കും KSEB-യില്‍ നിന്ന് ബില്‍ വരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. 78,000 രൂപ സബ്സിഡിയില്‍ 3 kW പ്ലാന്റ് സ്ഥാപിച്ച് ഉപഭോഗം പൂജ്യമാക്കിയാലും, KSEB ഗ്രിഡ് കണക്ഷന്റെ ഫിക്സഡ് ചാര്‍ജുംK മീറ്റര്‍ വാടകയും കാരണം സീറോ ബില്‍ ലഭിക്കില്ല. എന്നാല്‍ ഈ ചാര്‍ജുകള്‍ അടച്ചാലും ഒരു ഉപഭോക്താവിന് മാസം 2,000-ലധികം രൂപ ലാഭിക്കാന്‍ സാധിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. സോളാര്‍ പ്ലാന്റുകളുമായി ബന്ധപ്പെട്ട ഫിക്സഡ് ചാര്‍ജുകളെക്കുറിച്ചും, നെറ്റ് മീറ്ററിംഗിനെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ എടുത്തുചാടുന്നവര്ക്കു നിരാശയാകും ഫലം.
300 യൂണിറ്റ് സൗജന്യം എന്നതിന്റെ യാഥാര്ത്ഥ്യംപിഎം സൂര്യ ഘര്‍ പദ്ധതി വഴി സര്‍ക്കാര്‍ നേരിട്ട് വീടുകളിലേക്ക് സൗജന്യ വൈദ്യുതി നല്കുകയല്ല ചെയ്യുന്നത്. പകരം വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് പരമാവധി 78,000 രൂപ വരെ സബ്സിഡി നല്‍കുകയാണ് ചെയ്യുന്നത്. ഈ സബ്സിഡിയോടെ നിങ്ങള്‍ ഒരു 3 kW സോളാര്‍ പ്ലാന്റ് സ്ഥാപിച്ചാല്‍, അതില്‍ നിന്ന് പ്രതിമാസം ശരാശരി 360 മുതല്‍ 450 യൂണിറ്റ് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. നിങ്ങളുടെ ഉപയോഗം 300 യൂണിറ്റില്‍ താഴെയാണെങ്കില്‍ നിങ്ങള്‍ക്ക് കെ.എസ്.ഇ.ബിയില്‍ നിന്ന് ഊര്‍ജ്ജ നിരക്ക് (Energy Charge) വരികയില്ല. ഇതിന് അര്‍ത്ഥം നിങ്ങളുടെ ഉപയോഗം 300 യൂണിറ്റില്‍ താഴെയാണെങ്കില്‍ ഒരു സീറോ ബില്ല് ലഭിക്കുമെന്നല്ല.
കേരളത്തിലെ ഫിക്സഡ് ചാര്‍ജുകള്‍
സോളാര്‍ വഴി നിങ്ങളുടെ വൈദ്യുതി ഉപഭോഗം പൂജ്യമായാലും, കെ.എസ്.ഇ.ബി ഗ്രിഡുമായി വീട് ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു അടിസ്ഥാന ഫിക്സഡ് ചാര്‍ജ് നിര്‍ബന്ധമായും അടയ്ക്കേണ്ടതുണ്ട്. സിംഗിള്‍ ഫേസ് (Single Phase), ത്രീ ഫേസ് (Three Phase) കണക്ഷനുകള്‍ക്ക് ഇത് വ്യത്യസ്തമാണ്.
വൈദ്യുതി ഉപയോഗവും ഫിക്സഡ് ചാര്‍ജിലെ മാറ്റവും
കേരളത്തില്‍ നിങ്ങള്‍ ഗ്രിഡില്‍ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ (Imported Units) സ്ലാബ് അനുസരിച്ചാണ് ഫിക്സഡ് ചാര്‍ജ് കണക്കാക്കുന്നത്. സിംഗിള്‍ ഫേസിന് ഇത് 50 മുതല്‍ 310 വരെയും, ത്രീ ഫേസിന് 130 മുതല്‍ 310 വരെയുമാണ്. നിങ്ങളുടെ സോളാര്‍ പ്ലാന്റ് പകല്‍ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുകയും, രാത്രി നിങ്ങള്‍ ഗ്രിഡില്‍ നിന്ന് വൈദ്യുതി എടുക്കുകയും ചെയ്യുമ്പോള്‍, ഗ്രിഡില്‍ നിന്ന് എടുക്കുന്ന മൊത്തം വൈദ്യുതിയുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ഫിക്സഡ് ചാര്‍ജ് സ്ലാബില്‍ മാറ്റം വന്നേക്കാം.
ടെലിസ്കോപ്പിക് താരിഫ് (പ്രതിമാസം 250 യൂണിറ്റ് വരെ)
| പ്രതിമാസ ഉപയോഗം (യൂണിറ്റ്) | സിംഗിള്‍ ഫേസ് (Single Phase) | ത്രീ ഫേസ് (Three Phase) |
| 0 – 50 യൂണിറ്റ് | 50 രൂപ | 130 രൂപ |
| 51 – 100 യൂണിറ്റ് | 85 രൂപ | 175 രൂപ |
| 101 – 150 യൂണിറ്റ് | 105 രൂപ | 205 രൂപ |
| 151 – 200 യൂണിറ്റ് | 140 രൂപ | 215 രൂപ |
| 201 – 250 യൂണിറ്റ് | 160 രൂപ | 235 രൂപ |
നോണ്‍-ടെലിസ്കോപ്പിക് താരിഫ് (പ്രതിമാസം 250 യൂണിറ്റിന് മുകളില്‍)
ഉപഭോഗം 250 യൂണിറ്റിന് മുകളിലായാല്‍, ആകെ ഉപയോഗിച്ച യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന സ്ലാബിന്റെ ഫിക്സഡ് ചാര്‍ജ് ആണ് ബാധകമാകുന്നത്.
| പ്രതിമാസ ഉപയോഗം (യൂണിറ്റ്) | സിംഗിള്‍ ഫേസ് (Single Phase) | ത്രീ ഫേസ് (Three Phase) |
| 251 – 300 യൂണിറ്റ് | 220 രൂപ | 240 രൂപ |
| 301 – 350 യൂണിറ്റ് | 240 രൂപ | 250 രൂപ |
| 351 – 400 യൂണിറ്റ് | 260 രൂപ | 260 രൂപ |
| 401 – 500 യൂണിറ്റ് | 285 രൂപ | 285 രൂപ |
| 500 യൂണിറ്റ് മുകളില്‍ | 310 രൂപ | 310 രൂപ |
സോളാര്‍ ഉപഭോക്താക്കള്‍ക്കുള്ള മറ്റു നിരക്കുകള്‍
ഫിക്സഡ് ചാര്‍ജിന് പുറമെ സോളാര്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട മറ്റു ചില ചാര്‍ജുകള്‍ കൂടിയുണ്ട്. ഇതില്‍ പ്രധാനം മീറ്റര്‍ വാടക ആണ്. ഇതിനു പുറമേ രാത്രിയിലും മറ്റും ഗ്രിഡില്‍ നിന്ന് നേരിട്ട് എടുക്കുന്ന വൈദ്യുതിക്ക് സര്‍ച്ചാര്‍ജും, ഫിക്സഡ് ചാര്‍ജിനും മീറ്റര്‍ വാടകയ്ക്കും മുകളില്‍ വരുന്ന ചെറിയ ശതമാനം നികുതിയും ഉണ്ട്. നിങ്ങള്‍ സ്വന്തമായി മീറ്റര്‍ വാങ്ങിവച്ചാല്‍ ഈ തുക ഒഴിവാക്കാം.
ചാര്‍ജുകള്‍ ഉള്ളപ്പോഴും 300 യൂണിറ്റ് സൗജന്യം: പൊരുളെന്ത്
ഈ ചെറിയ ഫിക്സഡ്/ മീറ്റര്‍ ചാര്‍ജുകള്‍ അടയ്ക്കേണ്ടി വന്നാലും ഉപഭോക്താവിന് സോളാര്‍ വലിയ സാമ്പത്തിക ലാഭമാണ് നല്‍കുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ സോളാര്‍ ഇല്ലാതെ ഒരാള്‍ ഒരു മാസം 300 യൂണിറ്റ് ഉപയോഗിച്ചാല്‍ നോണ്‍- ടെലിസ്കോപ്പിക് നിരക്കില്‍ (യൂണിറ്റിന് 6.75 രൂപ) പ്രതിമാസം ഏകദേശം 2,200 രൂപയോളം ബില്‍ വരും. എന്നാല്‍ സോളാര്‍ ഉള്ള ഒരാള്‍ക്ക് ഈ വലിയ തുക (Energy Charge) പൂര്‍ണ്ണമായും ഒഴിവാകുകയും, 100-നും 250-നും ഇടയില്‍ മാത്രം വരുന്ന അടിസ്ഥാന ചാര്‍ജുകള്‍ മാത്രം അടച്ചാല്‍ മതിയാവുകയും ചെയ്യും.
