
ഇന്ത്യയിൽ ആദ്യമായി, വോയിസ് & എസ്.എം.എസ് മാത്രം ലഭ്യമാകുന്ന പ്രീ പെയ്ഡ് പ്ലാനുകൾ (Voice & SMS Only recharge plans) അവതരിപ്പിച്ച് ഭാരതി എയർടെൽ. 185 രൂപ മുതൽ ഇവ ലഭ്യമാണ്. വാലിഡിറ്റി, ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. കോളുകൾ, എസ്.എം.എസുകൾ എന്നിവയ്ക്കായി മാത്രം പ്രധാനമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ പ്ലാനുകളാണിവ.
പുതിയ പ്ലാനുകൾ ട്രായ് നിർദ്ദേശത്തെ തുടർന്ന്മൊബൈൽ ഡാറ്റ ഇല്ലാത്ത, 185 രൂപ,203 രൂപ,206 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് എയർടെൽ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഡാറ്റയില്ലാത്ത വോയിസ് & എസ്.എം.എസ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർദ്ദേശത്തെ തുടർന്നാണിത്. ഇത്തരത്തിൽ പ്ലാനുകൾ അവതരിപ്പിക്കാനുള്ള അവസാന തിയ്യതി 2026 ഒക്ടോബർ 21 ആണെന്നിരിക്കെയാണ് എയർടെൽ ഈ മാർഗനിർദ്ദേശ പ്രകാരമുള്ള പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചത്.
വോയിസ് & എസ്.എം.എസ് പ്ലാനുകൾ – ആർക്കൊക്കെ അനുയോജ്യം?
എല്ലാ മൊബൈൽ കണക്ഷനുകളിലും ഇന്റർനെറ്റ് ലഭ്യത ആവശ്യമില്ലാത്തവർക്കും പുതിയ പ്ലാനുകൾ ഗുണകരമാകും. കോളുകൾ, ബാങ്ക് അലേർട്ടുകൾ, ഒ.ടി.പി, മെസേജുകൾ എന്നിവയ്ക്കായി മാത്രം ഫോണുകൾ ഉപയോഗപ്പെടുത്തുന്നവരുണ്ട്. വീട്ടിൽ വൈഫൈ/ഇന്റർനെറ്റ് കണക്ഷനുള്ളതിനാൽ ഡാറ്റ ആവശ്യമില്ലാത്തവരുണ്ട്, കൂടാതെ പ്രത്യേക ആവശ്യങ്ങൾക്കായി രണ്ടാമതൊരു സിം കാർഡ് ഉപയോഗിക്കുന്നവരുമുണ്ട്. ഇവർക്കെല്ലാം പുതിയ പ്ലാനുകൾ പ്രയോജനം ചെയ്യും.
ഇതു വരെ കോൾ, എസ്.എം.എസ് എന്നിവ മാത്രം ആവശ്യമുള്ളവർക്കും ഡാറ്റ ഉൾപ്പെടെയുള്ള പ്രീ പെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുക എന്ന ഓപ്ഷൻ മാത്രമാണ് ലഭ്യമായിരുന്നത്. ഉപയോഗിക്കേണ്ടി വരാത്ത ഇന്റർനെറ്റിന് കൂടി പണം നൽകേണ്ട സാഹചര്യമായിരുന്നു ഇത്തരത്തിലുണ്ടായിരുന്നത്.
എയർടെല്ലിന്റെ പുതിയ പ്ലാനുകൾ
185 രൂപ, 203 രൂപ, 206 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചത്. ഇതിൽ 185 രൂപയുടെ പ്ലാനിൽ 28 ദിവസമാണ് വാലിഡിറ്റി. 203 രൂപയുടെ പ്ലാനിൽ 30 ദിവസവും, 206 രൂപയുടെ പ്ലാനിൽ ഒരു കലണ്ടർ മാസവും വാലിഡിറ്റി ലഭിക്കും. ഈ മൂന്ന് പ്ലാനുകളിലും പരിധിയില്ലാത്ത കോളുകൾ, 300 എസ്.എം.എസ് എന്നിവയാണ് ലഭ്യമാക്കിയിരിക്കുന്നത്.
എല്ലാ മാസവും ഒരു കൃത്യമായ തിയ്യതിയിൽ റീചാർജ്ജ് ചെയ്യുന്നത് പരിഗണിക്കുന്നവർക്ക് 206 രൂപയുടെ കലണ്ടർ മാസാധിഷ്ഠിത പ്ലാൻ അനുയോജ്യമായിരിക്കും. അതേ സമയം 185 രൂപയുടെ പ്ലാൻ 28 ദിവസമായതിനാൽ ഓരോ മാസവും റീചാർജ്ജ് തിയ്യതിയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. ഇതിനാൽ ഈ പ്ലാനിൽ ഒരു വർഷം ഏകദേശം 13 തവണയാണ് റീ ചാർജ്ജ് ചെയ്യേണ്ടതായി വരിക. അതേ സമയം, കലണ്ടർ മാസം അടിസ്ഥാനമാക്കിയ പ്ലാനിൽ ഓരോ മാസത്തെയും തിയ്യതികളാണ് പിന്തുടരുന്നത്
ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് പുതിയ റീചാർജ്ജ് ഓപ്ഷനുകൾ പരിശോധിക്കാം. കമ്പനിയുടെ വെബ്സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്. റീചാർജ്ജ് ചെയ്യുന്നതിന് മുമ്പ് പ്ലാൻ സംബന്ധമായ വ്യവസ്ഥകൾ മനസ്സിലാക്കുക.
