
KSEB Peak Hours: വേനല്‍ച്ചൂടില്‍ ഫാനോ, എസിയോ ഓണ്‍ ചെയ്യാന്‍ ഇനി കേരളത്തിലെ സാധാരണക്കാര്‍ ഒന്നുകൂടി ചിന്തിക്കേണ്ടി വരും. സംസ്ഥാനത്ത് കെഎസ്ഇബി (KSEB) പീക്ക് സമയം വൈകിട്ട് 6 മുതല്‍ രാത്രി 11.30 വരെയായി ദീര്‍ഘിപ്പിക്കാനും, തുടര്‍ച്ചയായ നാല് വര്‍ഷം വൈദ്യുതി ബില്ലില്‍ അധിക ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാനും റെഗുലേറ്ററി കമ്മീഷന് വിജ്ഞാപനം ഇറക്കി. ഓരോ കുടുംബത്തിന്റെയും പ്രതിമാസ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതാണ് 2027 മുതല്‍ വരാനിരിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍.
പുതിയ താരിഫ് നയവും സര്ച്ചാര്ജുംകെ.എസ്.ഇ.ബി.യുടെ മുന്‍കാല നഷ്ടമായ 5000 കോടി രൂപ നാലുവര്‍ഷംകൊണ്ട് സര്‍ച്ചാര്‍ജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് വിജ്ഞാപനം ചെയ്തു. പുതുക്കിയ താരിഫ് നയവും, നിരക്കുകളും 2027 ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.
2027-28 മുതല്‍ 2031-32 വരെയുള്ള അഞ്ചുവര്‍ഷത്തെ താരിഫ് നയത്തില്‍ ആദ്യത്തെ നാലുവര്‍ഷവും ഉപഭോക്താക്കളില്‍ നിന്ന് ഈ സര്‍ച്ചാര്‍ജ് ഈടാക്കുമെന്നാണ് വിവരം. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സര്‍ച്ചാര്‍ജ്. മറ്റു വിഭാഗങ്ങള്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും, വൈദ്യുതി നിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും ഈടാക്കുക.
ഇന്ധന സര്‍ച്ചാര്‍ജിലെ വര്‍ധന
ഇതുവരെ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ക്ക് മാത്രമായിരുന്നു ഇന്ധന സര്‍ച്ചാര്‍ജ് ചുമത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകള്‍ മൂലമുണ്ടാകുന്ന അധിക ബാധ്യതയും ഇന്ധന സര്‍ച്ചാര്‍ജ് ആയി പരിഗണിക്കും. അധിക ബാധ്യതയുണ്ടായാല്‍, റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അംഗീകാരമില്ലാതെ തന്നെ ശരാശരി വൈദ്യുതി വിലയുടെ നാലു ശതമാനം വരെ ബോര്‍ഡിന് നേരിട്ട് ഈടാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്കാരങ്ങള്‍.
പീക്ക് സമയത്തിലെ മാറ്റം
ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന പീക്ക് സമയം വൈകീട്ട് 6 മുതല്‍ രാത്രി 10 വരെയായിരുന്നത്, വൈകീട്ട് 6 മുതല്‍ രാത്രി 11.30 വരെയായി ദീര്‍ഘിപ്പിച്ചു. അതായത് പീക്ക് ഹവര്‍ 1.5 മണിക്കൂര്‍ കൂടുകയാണ്. പീക്ക് സമയത്ത് കൂടിയ നിരക്ക് ഈടാക്കുന്നതിനായി കൂടുതല്‍ വിഭാഗം ഉപഭോക്താക്കള്‍ക്ക് ടി.ഒ.ഡി (ToD) മീറ്ററുകള്‍ സ്ഥാപിക്കാനും നയത്തില്‍ നിര്‍ദേശമുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും, രാത്രി 11.30 മുതല്‍ രാവിലെ 8 വരെയുമുള്ള സമയത്തെ ഉപയോഗത്തിന് നിരക്ക് കുറയ്ക്കാനും പുതിയ നയത്തില്‍ ആവശ്യപ്പെടുന്നു.
പുതിയ മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍
മുന്‍കാല നഷ്ടം നികത്തലാണ് പ്രധാന ലക്ഷ്യം. കെ.എസ്.ഇ.ബി.യുടെ 5000 കോടി രൂപയുടെ ഭീമമായ മുന്‍കാല നഷ്ടം നികത്തേണ്ടതുണ്ട്. ഇന്ധനവില വര്‍ധന കൊണ്ടുള്ള അധിക ബാധ്യത ഉടന്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടുവന്നിട്ടുണ്ട്. വൈദ്യുതി വിതരണത്തിനുള്ള യഥാര്‍ഥ ചെലവിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധിയും പുതിയ തീരുമാനങ്ങള്‍ക്കു വഴിവച്ചുവെന്നാണ് വിവരം.
സാധാരണക്കാരെ എങ്ങനെ ബാധിക്കും
പുതിയ നിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതലാകും ബാധകമാകുക. തുടര്‍ന്നുള്ള അടുത്ത നാല് വര്‍ഷത്തേക്ക് പതിവ് വൈദ്യുതി ബില്ലിനൊപ്പം മുന്‍കാല നഷ്ടം നികത്താനുള്ള സര്‍ച്ചാര്‍ജും, പുതിയ ഇന്ധന സര്‍ച്ചാര്‍ജും നല്‍കേണ്ടി വരും. പീക്ക് സമയം രാത്രി 11.30 വരെ ദീര്‍ഘിപ്പിച്ചതിനാല്‍, സാധാരണക്കാര്‍ രാത്രിയില്‍ വൈദ്യുതി കൂടുതലായി ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാക്കാന് നിര്‍ദേശമുണ്ട്. ഇത് ഉപകരണങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫിക്സഡ് ചാര്‍ജ് വര്‍ധിക്കാന്‍ കാരണമാകും.
