
ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അതിദാരിദ്ര്യം 27.1 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി കുത്തനെ കുറഞ്ഞതായി ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെയും, സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിന്റെയും കരുത്തില്‍ 49.6 കോടി ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്.
ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക്കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്കിലുണ്ടായ വന്‍ കുറവ് ലോകമെമ്പാടുമുള്ള മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് മികച്ചൊരു മാതൃകയും, പാഠവുമാണെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു.
2011-ല്‍ 27.1 ശതമാനമായിരുന്ന ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് 2023-ല്‍ 2.6 ശതമാനമായി കുത്തനെ കുറഞ്ഞു. ഇതുവഴി ഏകദേശം 49.6 കോടി (496 ദശലക്ഷം) ആളുകളെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അമേരിക്കയുടെയും, റഷ്യയുടെയും ആകെ ജനസംഖ്യയേക്കാള്‍ വലിയൊരു സംഖ്യയാണിത്.
കാരണം വളര്‍ച്ചയും തൊഴിലും
തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയുടെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുന്ന പ്രധാന ഘടകം. ഇതിനുപുറമേ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. 2014 നും 2024 നും ഇടയില്‍ 17 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 2015-ല്‍ 7.6% ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025-ല്‍ 4.2% ആയി കുറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിച്ചതും നിര്‍ണായകമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇവയെല്ലാം ആളുകളുടെ ചെലവാക്കല്‍ ശേഷി വര്‍ധിപ്പിച്ചു. 2015-ലെ 1.24 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2025-ല്‍ കുടുംബങ്ങളുടെ ചെലവ് 2.24 ട്രില്യണ്‍ ഡോളറായി ഇരട്ടിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായി അര്‍ഹരില്‍ എത്തിയ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍, സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍, കാര്‍ഷിക- ഗ്രാമീണ പിന്തുണ എന്നിവ വലിയ മാറ്റമുണ്ടാക്കി.
ലോവര്‍- മിഡില്‍ ഇന്‍കം പോവര്‍ട്ടി ലൈന്‍
ഒരാളുടെ പ്രതിദിന വരുമാനം 4.2 ഡോളര്‍ (ഏകദേശം 350 രൂപ) എന്ന കണക്കിനെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ലോവര്‍- മിഡില്‍ ഇന്‍കം പോവര്‍ട്ടി ലൈന്‍ (താഴ്ന്ന- ഇടത്തരം വരുമാന ദാരിദ്ര്യ രേഖ) കണക്കാക്കുന്നത്.
പ്രതിദിനം 4.2 ഡോളര്‍ എന്ന മാനദണ്ഡപ്രകാരം കണക്കാക്കുമ്പോള്‍, ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 57.7 ശതമാനത്തില്‍ നിന്നും 16.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ യഥാര്‍ത്ഥ പുരോഗതിക്ക് പുറമെ, സര്‍വേകളിലും കണക്കെടുപ്പുകളിലും വന്ന പുതിയ മാറ്റങ്ങളും ഈ വലിയ ഇടിവിനെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദാരിദ്ര്യ നിര്‍മാര്‍ജനം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല നടന്നിട്ടുള്ളത്. ഇന്ത്യയിലെ ദരിദ്ര ജനസംഖ്യയുടെ 57 ശതമാനവും ഇപ്പോഴും ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമ ബംഗാള്‍ വരെ നീളുന്ന മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 7 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
