Latest

തിളങ്ങി ജിയോ, ഓയിൽ ബിസിനസുകൾ; റിലയൻസ് ഇൻഡസ്ട്രീസ് സെപ്റ്റംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു, അറ്റാദായത്തിലും, വരുമാനത്തിലും വർധന

Share
RIL Q2FY27 Results

റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തിലെ (Q2FY27) രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം, 41% വർധനയോടെ 25,548 കോടി രൂപയിലെത്തി. 2025 സെപ്റ്റംബർ പാദത്തിലെ അറ്റാദായം 18,165 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം ഇക്കാലയളവിൽ 29% വളർച്ചയോടെ 2.58 ലക്ഷം കോടിയിൽ നിന്ന് 3.32 ലക്ഷം കോടി രൂപയായി മാറി. 15,000 കോടി രൂപയുടെ നോൺ കൺവർട്ടബിൾ ഡിബഞ്ചറുകൾ, പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും റിലയൻസ് അറിയിച്ചു.

തൊട്ടു മുമ്പത്തെ 2026 ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ റിലയൻസിന്റെ ലാഭം 27% വർധിച്ച് 23,196 കോടി രൂപയിലും, വരുമാനം 6% ഉയർന്ന് 3.11 ലക്ഷം കോടി രൂപയിലുമെത്തി.റിലയൻസിന്റെ സബ്സിഡിയറി കമ്പനികളും മികച്ച ബിസിനസ് പ്രകടനമാണ് നടത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോംസ്, റിലയൻസ് റീടെയിൽ ബിസിനസുകൾ വരുമാനം വർധിപ്പിച്ചപ്പോൾ ഓയിൽ-ടു-കെമിക്കൽ സെഗ്മെന്റും നേട്ടമുണ്ടാക്കി.

ജിയോ പ്ലാറ്റ്ഫോംസ്/ഡിജിറ്റൽ സർവീസസ്

2026 ഒക്ടോബർ 28ാം തിയ്യതി നടന്ന സ്റ്റോക്ക് മാർക്കറ്റിലെ ബ്ലോക് ബസ്റ്റർ ലിസ്റ്റിങ്ങിന് ശേഷം ആദ്യമായി വരുന്ന ജിയോയുടെ പാദഫലങ്ങളാണ് ഇത്തവണത്തേത്. ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 14% വർധനയോടെ 7,379 കോടി രൂപയിൽ നിന്ന് 8,387 കോടി രൂപയിലെത്തി.

സമാന കാലയളവിൽ പ്രവർത്തന വരുമാനം 36,332 കോടി രൂപയിൽ നിന്ന് 11.4% വർധനയോടെ 40,475 കോടിയായി മാറി. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിലുള്ള വർധന, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനത്തിലെ വർധന (ARPU) എന്നിവ നേട്ടമായി.

കമ്പനിയുടെ EBITDA ഇക്കാലയളവിൽ 16.6% വളർച്ചയോടെ 21,879 കോടി രൂപയിലെത്തിയപ്പോൾ, EBITDA മാർജിൻ 250 ബേസിസ് പോയിന്റുകൾ ഉയർന്ന് 54.1% എന്ന നിലയിലെത്തി. ഈ സെപ്റ്റംബർ പാദത്തിൽ 91 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇത്തരത്തിൽ ആകെ കസ്റ്റമേഴ്സിന്റെ എണ്ണം 54.24 കോടിയായി മാറി. 2026 ജൂൺ പാദത്തിന്റെ അവസാനത്തിൽ ഇത് 53.33 കോടിയായിരുന്നു.

ARPU ഒരു മാസം 2026 ജൂൺ പാദത്തിലെ 215.6 രൂപയിൽ നിന്ന് ഈ സെപ്റ്റംബർ പാദത്തിൽ, മാസത്തിൽ 218.8 രൂപയിലേക്ക് വർധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ ഇത് 211.4 രൂപയായിരുന്നു. കമ്പനിയുടെ 5G സബ്സ്ക്രൈബർ ബേസ് 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടപ്പോൾ, ഫിക്സഡ്, ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം 3 കോടിയിലെത്തി.

ജിയോയുടെ ഒരു ഉപയോക്താവ് ഒരു മാസം ഉയോ​ഗിക്കുന്നത് 44.2GB ഡാറ്റയാണ്. ഒരു വർഷം മുമ്പ് ഇത് 38.7GB ആയിരുന്നു.

ഓയിൽ-ടു-കെമിക്കൽ ബിസിനസ്

സെപ്റ്റംബർ പാദത്തിൽ റിലയൻസ് ​ഗ്രൂപ്പ് ബിസിനസുകളിൽ ഏറ്റവും കൂടുതൽ വരുമാനം കൊണ്ടു വന്ന സെ​ഗ്മെന്റാണിത്. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ EBITDA, 15,008 കോടി രൂപയിൽ നിന്ന് 68% വർധനയോടെ 25,203 കോടി രൂപയെന്ന റെക്കോർഡിട്ടു. സമാന കാലയളവിൽ വരുമാനം 1.6 ലക്ഷം കോടി രൂപയിൽ നിന്ന് 44% വളർച്ചയോടെ 2.31 ലക്ഷം കോടി രൂപയിലെത്തി. ഉയർന്ന ക്രൂഡ് ഓയിൽ നിരക്കുകൾ, ​ഗതാ​ഗതത്തിലെ വർധന, പെട്രോകെമിക്കൽ മാർജിനിലെ നേട്ടം എന്നിവ നേട്ടമായി മാറി.

ഓയിൽ & ​ഗ്യാസ്

റിലയൻസിന്റെ ഓയിൽ & ​ഗ്യാസ് ബിസിനസിന്റെ EBITDA ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 2 ശതമാനം കുറഞ്ഞ് 5,002 കോടി രൂപയിൽ നിന്ന് 4,901 കോടി രൂപയായി. ഈ വിഭാഗത്തിന്റെ വരുമാനം 0.6 ശതമാനം താഴ്ന്ന് 6,058 കോടി രൂപയിൽ നിന്ന് 6,020 കോടി രൂപയിലെത്തി. EBITDA മാർജിൻ മുൻവർഷത്തെ 82.6 ശതമാനത്തിൽ നിന്ന് 81.4 ശതമാനമായും താഴ്ച്ച നേരിട്ടു.

KG-D6 മേഖലയിലെ ഉല്പാദനത്തിലുണ്ടായ കുറവ്, അവിടെ നിന്നുള്ള പ്രകൃതിവാതകത്തിന്റെ വിലയിൽ ലഭിച്ച കുറഞ്ഞ നേട്ടം, ഉയർന്ന സർക്കാർ തീരുവകൾ എന്നിവയാണ് പ്രകടനം ദുർബലമാകാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

ജിയോസ്റ്റാർ

റിലയൻസിന്റെ മീഡിയ, എന്റർടെയിൻമെന്റ് ബിസിനസ് വിഭാഗമായ ജിയോസ്റ്റാറിന്റെ പ്രവർത്തന വരുമാനം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 10 ശതമാനം വർധിച്ച് 6,179 കോടി രൂപയിൽ നിന്ന് 6,806 കോടി രൂപയായി. എന്നാൽ EBITDA 13.6 ശതമാനം കുറഞ്ഞ് 1,738 കോടി രൂപയിൽ നിന്ന് 1,502 കോടി രൂപയിലെത്തി.

നികുതിക്ക് ശേഷമുള്ള ലാഭം (PAT) 13 ശതമാനം കുറഞ്ഞ് 1,322 കോടി രൂപയിൽ നിന്ന് 1,147 കോടി രൂപയായി. സബ്‌സ്‌ക്രിപ്ഷൻ വരുമാനത്തിലും, ഡിജിറ്റൽ പരസ്യവരുമാനത്തിലും വർധനയുണ്ടായിട്ടും ലാഭക്ഷമതയിൽ സമ്മർദം നേരിട്ടതായാണ് ഇത് വ്യക്തമാക്കുന്നതെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. EBITDA മാർജിൻ മുൻവർഷത്തെ 28.1 ശതമാനത്തിൽ നിന്ന് 22.1 ശതമാനമായും കുറഞ്ഞു

ജിയോ ഹോട്ട്‌സ്റ്റാർ ഈ പാദത്തിൽ പ്രതിമാസം ശരാശരി 44 കോടി സജീവ ഉപയോക്താക്കളെ (Monthly Active Users) രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വളർച്ചയാണിത്.

റിലയൻസിന്റെ ഈ സ്ട്രീമിങ് പ്ലാറ്റ്‌ഫോം തങ്ങളുടെ അന്താരാഷ്ട്ര തലത്തിലെ സാന്നിധ്യം വിപുലീകരിച്ചിട്ടുണ്ട്. സിംഗപ്പൂർ, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ ജിയോ ഹോട്ട്‌സ്റ്റാർ ബ്രാൻഡിലുള്ള സേവനങ്ങൾ ആരംഭിച്ചു. സബ്‌സ്‌ക്രിപ്ഷൻ വരുമാനവും, ഡിജിറ്റൽ വിനോദ മേഖലയിലെ പരസ്യവരുമാനവുമാണ് വളർച്ചയ്ക്ക് പിന്തുണ നൽകിയതെന്ന് റിലയൻസ് വ്യക്തമാക്കി. എന്നാൽ മൊത്തത്തിലുള്ള പരസ്യവിപണി ഇപ്പോഴും ദുർബലമായി തുടരുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.

റിലയൻസ് റീടെയിൽ

റിലയൻസ് റീടെയിൽ വെഞ്ച്വേഴ്സ്, ആകെ വരുമാനത്തിൽ ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 6.4% വളർച്ച രേഖപ്പെടുത്തി. 86,169 കോടിയിൽ നിന്ന് 91,716 കോടി രൂപയിലേക്കാണിത്. സമാന കാലയളവിൽ EBITDA 6,624 കോടി രൂപയിൽ നിന്ന് 5,886 കോടിയിലേക്ക് 11% താഴ്ച്ച നേരിട്ടു

ഡിജിറ്റൽ കൊമേഴ്‌സ് ബിസിനസിൽ പ്ലാൻ ചെയ്ത നിക്ഷേപ ഘട്ടം, ഇൻപുട് ചെലവുകളിലുണ്ടായ വർധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാതെ കമ്പനി തന്നെ വഹിച്ചത്, ഉത്സവകാല വില്പനയുടെ പ്രധാന പങ്ക് മൂന്നാം പാദത്തിലേക്ക് (Q3) മാറിയത് എന്നിവയാണ് EBITDA കുറഞ്ഞതിന് കാരണമെന്നാണ് കമ്പനി അറിയിച്ചത്.

കൺോസോളിഡേറ്റഡ് അടിസ്ഥാനത്തിലുള്ള മറ്റ് കണക്കുകൾ

സെപ്റ്റംബർ അവസാനത്തോടെ റിലയൻസിന്റെ ഏകീകൃത അറ്റകടം (Net Debt) 1.17 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജൂൺ അവസാനത്തിൽ ഇത് 1.22 ലക്ഷം കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം തിരിച്ചടയ്ക്കാനുള്ള കടം 3.84 ലക്ഷം കോടി രൂപയാണ്. അതേസമയം, പണവും, പണത്തിന് തുല്യമായ ആസ്തികളും (Cash and Cash Equivalents) 2.67 ലക്ഷം കോടി രൂപയായി ഉയർന്നു.

വാർഷികാടിസ്ഥാനത്തിലുള്ള EBITDAയുമായി താരതമ്യം ചെയ്യുമ്പോഴുള്ള അറ്റകടത്തിന്റെ അനുപാതം (Net Debt-to-Annualised EBITDA Ratio) മുൻ പാദത്തിലെ 0.57 മടങ്ങിൽ നിന്ന് 0.47 മടങ്ങായി മെച്ചപ്പെട്ടു.

സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൂലധനച്ചെലവ് (Capital Expenditure) 38,153 കോടി രൂപയായിരുന്നു. ഓയിൽ-ടു-കെമിക്കൽസ് (O2C) ബിസിനസ്, പുതിയ ഊർജ്ജ പദ്ധതികൾ, ഉപഭോക്തൃ ബിസിനസുകളുടെ വിപുലീകരണം എന്നിവയ്ക്കായ്ക്കു വേണ്ടിയാണ് പ്രധാനമായും കമ്പനി നിക്ഷേപങ്ങൾ നടത്തിയത്.

മുകേഷ് അംബാനിയുടെ വാക്കുകൾ

നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ സങ്കീർണമായ സാഹചര്യങ്ങൾക്കിടയിലും ശക്തമായ പ്രകടനമാണ് കമ്പനി നടത്തിയതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും, എം.ഡിയുമായ മുകേഷ് അംബാനി പറഞ്ഞു. ആഗോള സപ്ലൈ ചെയിനുകളെ ഭൗമ-രാഷ്ട്രീയ സംഘർഷം ഉലയ്ക്കുകയും, കമ്മോഡിറ്റി വിപണിയിൽ അസ്ഥിരതയുണ്ടാവുകയും ചെയ്തു. ഇതിനിടെ, ആഭ്യന്തര തലത്തിൽ കമ്പനി അച്ചടക്കത്തോടെ ബിസിനസ് ചെയ്തതാണ് ബാഹ്യമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *