ഓൺലൈൻ ഉന്നതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി കാലിക്കറ്റ് സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ (സി.ഡി.ഒ.ഇ.). സർവകലാശാലയിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ച ആദ്യ രണ്ട് പ്രവേശന സെഷനുകളിലായി ഏകദേശം 6,000 അഡ്മിഷൻ നടന്നത് പദ്ധതിയുടെ നേട്ടമാണ്. 2026 ഫെബ്രുവരി സെഷനിൽ 1,460-ഓളം വിദ്യാർഥികൾ പ്രവേശനം നേടിയപ്പോൾ, 2026 ഓഗസ്റ്റ് സെഷനിൽ പ്രവേശനം 4,500-ഓളമായി ഉയർന്നു. ആദ്യ സെഷനെ അപേക്ഷിച്ച് രണ്ടാം സെഷനിൽ മൂന്നിരട്ടിയിലേറെ വർദ്ധനവ് കൈവരിച്ചത് കാലിക്കറ്റ് സർവകലാശാലയുടെ ഓൺലൈൻ വിദ്യാഭ്യാസ സംരംഭത്തിന് ലഭിക്കുന്ന വർധിച്ച സ്വീകാര്യതയുടെ സൂചനയാണ്. പുതിയതായി ആരംഭിച്ച ഒരു പദ്ധതിക്ക് തുടക്കത്തിൽ ലഭിച്ച പ്രതികരണം, ഡിജിറ്റൽ പഠനസാധ്യതകളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കൂടുതൽ പഠിതാക്കളിലേക്ക് എത്തിക്കാനുള്ള സർവകലാശാലയുടെ ശ്രമങ്ങൾക്ക് കരുത്തേകുന്നു. പരമ്പരാഗത പഠനരീതികളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും തൊഴിൽ ചെയ്യുന്നവർക്കും ഭൂമിശാസ്ത്രപരമായ പരിമിതികൾ നേരിടുന്നവർക്കും ഉന്നതവിദ്യാഭ്യാസം നേടുന്നതിനോ തുടരുന്നതിനോ ഉള്ള അവസരങ്ങളാണ് ഓൺലൈൻ പ്രോഗ്രാമുകൾ ഒരുക്കുന്നത്. പ്രവേശന നടപടികളുടെ അവസാന ഘട്ടത്തിൽ മാത്രം ആരംഭിച്ച എം.ബി.എ. (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്), ബി.കോം. ഓണേഴ്സ് പ്രോഗ്രാമുകൾക്കും വിദ്യാർഥികളിൽനിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്. 2026 ഓഗസ്റ്റ് സെഷനിലെ പ്രോഗ്രാം തിരിച്ചുള്ള കണക്കുകൾ പ്രകാരം, 4,500-ഓളം വിദ്യാർഥികളിൽ 2,450-ഓളം പേർ ബിരുദ പ്രോഗ്രാമുകളിലും 2,050-ഓളം പേർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ബിരുദതലത്തിൽ ബി.എ. സോഷ്യോളജി (ഹോണേഴ്സ്), ബി.എ. ഹിസ്റ്ററി (ഹോണേഴ്സ്), ബി.കോം. (ഹോണേഴ്സ്) എന്നീ പ്രോഗ്രാമുകൾ ശ്രദ്ധേയമായ പ്രതികരണം നേടിയപ്പോൾ, ബിരുദാനന്തര ബിരുദതലത്തിൽ എം.കോം. ഫിനാൻസ്, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. സോഷ്യോളജി, എം.എ. ഹിസ്റ്ററി, എം.എ. ഇക്കണോമിക്സ്, എം.ബി.എ. (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) തുടങ്ങിയ പ്രോഗ്രാമുകളും വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിൽ ഇടം നേടി. 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന അടുത്ത പ്രവേശന സെഷനിലും മികച്ച പ്രതികരണവും അഡ്മിഷനിൽ വർദ്ധനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിദ്യാർഥികളിലേക്ക് ഓൺലൈൻ പഠനസാധ്യതകൾ എത്തിക്കാനും പ്രോഗ്രാമുകളുടെ സ്വീകാര്യത വർധിപ്പിക്കാനും പഠനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407356, 2660600 (സുവേഗ), ഇ-മെയിൽ: cdoeonline@uoc.ac.in , വെബ്സൈറ്റ് : cdoe.uoc.ac.in .
