
പ്രൊവിഡന്റ് ഫണ്ട് (PF) നിക്ഷേപത്തിൽ പുതിയ മാറ്റത്തിന് ഒരുങ്ങി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). പി.എഫ് ഫണ്ടിന്റെ ഒരു ഭാഗം സ്റ്റാർട്ടപ്പുകൾ, സ്വകാര്യ ഇക്വിറ്റി, അടിസ്ഥാനസൗകര്യ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഇ.പി.എഫ്.ഒ. തയ്യാറാക്കിവരികയാണ്. പുതിയ നിർദ്ദേശപ്രകാരം, ഓരോ സാമ്പത്തിക വർഷവും ലഭിക്കുന്ന അധിക നിക്ഷേപത്തുകയുടെ (Fresh Annual Accretions) പരമാവധി 3 ശതമാനം വരെ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ (AIF) നിക്ഷേപിക്കാനാണ് ആലോചന.
എന്നാൽ ഈ നിർദ്ദേശത്തിന് അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. നവംബറിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന് മുന്നിൽ നിർദേശം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ നിർദ്ദേശത്തിന്റെ ഗുണദോഷങ്ങൾ ഉൾപ്പെടെ അറിയാം.
പി.എഫ് പണത്തിന്റെ 3% ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലേക്ക്?
സ്റ്റാർട്ടപ്പുകൾ, വെഞ്ച്വർ ക്യാപിറ്റൽ, ചെറുകിട സംരംഭങ്ങൾ, സ്വകാര്യ ഇക്വിറ്റി, അടിസ്ഥാനസൗകര്യ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുന്ന സ്വകാര്യ നിക്ഷേപ ഫണ്ടുകളാണ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (AIF).
ഇ.പി.എഫ്.ഒ പ്രധാനമായും താഴെ പറയുന്ന രണ്ട് വിഭാഗങ്ങളിലെ എ.ഐ.എഫുകളെയാണ് പരിഗണിക്കുന്നത്.
- കാറ്റഗറി I എ.ഐ.എഫ് : സ്റ്റാർട്ടപ്പുകൾ, വെഞ്ച്വർ ക്യാപിറ്റൽ, ചെറുകിട സംരംഭങ്ങൾ, അടിസ്ഥാനസൗകര്യ പദ്ധതികൾ.
- കാറ്റഗറി II എ.ഐ.എഫ്: സ്വകാര്യ ഇക്വിറ്റി, സ്വകാര്യ കടപ്പത്രങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയവ
നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF), സിഡ്ബിയുടെ (SIDBI) സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0 തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നിക്ഷേപം നടത്തുന്നതും പരിഗണനയിലുണ്ട്. അതായത് ഓരോ സ്റ്റാർട്ടപ്പിനെയും നേരിട്ട് തെരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിന് പകരം വിദഗ്ധർ നിയന്ത്രിക്കുന്ന ഫണ്ടുകളിലൂടെയായിരിക്കും നിക്ഷേപം നടത്തുക.
പി.എഫിലെ 3 ശതമാനത്തിന്റ കണക്ക്
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇ.പി.എഫ്.ഒയുടെ ആകെ നിക്ഷേപശേഖരത്തിന്റെ 3 ശതമാനമല്ല എ.ഐ.എഫുകളിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നത് എന്നതാണ്.
ഓരോ സാമ്പത്തിക വർഷവും പുതുതായി ലഭിക്കുന്ന അധിക നിക്ഷേപത്തുകയുടെ പരമാവധി 3 ശതമാനമാണ് പരിഗണനയിലുള്ളത്. ഏകദേശം 30 ലക്ഷം കോടി രൂപയുടെ റിട്ടയർമെന്റ് ഇൻവെസ്റ്റ്മെന്റ് റിസർവും, 30 കോടി അംഗങ്ങളുമുള്ള സ്ഥാപനമാണ് ഇ.പി.എഫ്.ഒയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പി.എഫ് പലിശ ഉയരുമോ?
പുതിയ നിക്ഷേപരീതി വിജയകരമായാൽ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നേടാൻ ഇ.പി.എഫ്.ഒയ്ക്ക് അവസരം ലഭിച്ചേക്കാം. സ്റ്റാർട്ടപ്പുകളും, സ്വകാര്യ കമ്പനികളും വളർച്ച കൈവരിച്ചാൽ നിക്ഷേപത്തിന് ഉയർന്ന നേട്ടം ലഭിക്കാനും സാധ്യതയുണ്ട്.
എന്നാൽ ഇതിലൂടെ പി.എഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക് ഉടൻ ഉയരുമെന്ന് ഉറപ്പില്ല. ഓരോ വർഷത്തെയും വരുമാനം, ചെലവ്, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിച്ചാണ് ഇ.പി.എഫ് പലിശനിരക്ക് നിശ്ചയിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ശുപാർശ ചെയ്യുന്ന നിരക്കിന് കേന്ദ്രസർക്കാരിന്റെ അംഗീകാരവും ആവശ്യമാണ്.
നിക്ഷേപത്തിൽ നഷ്ടമുണ്ടായാൽ എന്ത് സംഭവിക്കും?
പുതിയ നിർദ്ദേശത്തിലെ പ്രധാന ആശങ്കയാണ് നിക്ഷേപത്തിൽ നഷ്ടമുണ്ടായാൽ എന്തു സംഭവിക്കുമെന്നത്. സർക്കാർ കടപ്പത്രങ്ങൾ പോലുള്ള പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർട്ടപ്പുകളിലും സ്വകാര്യ കമ്പനികളിലുമുള്ള നിക്ഷേപങ്ങൾക്ക് ഉറപ്പായ വരുമാനമില്ല.
ഒരു സ്റ്റാർട്ടപ്പ് പരാജയപ്പെട്ടാൽ നിക്ഷേപിച്ച തുകയുടെ ഒരു ഭാഗമോ മുഴുവനായോ നഷ്ടപ്പെടാം. ഇത്തരം നിക്ഷേപങ്ങളിൽ നിന്ന് പണം തിരിച്ചെടുക്കാൻ വർഷങ്ങളെടുക്കാം. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ മൂല്യം കൃത്യമായി വിലയിരുത്തുന്നത് വെല്ലുവിളിയാണ്.
ഫണ്ട് മാനേജർമാരുടെ നിക്ഷേപ തീരുമാനങ്ങളും ഫണ്ടിന്റെ പ്രകടനവും വരുമാനത്തെ സ്വാധീനിക്കും. ഇത്തരം അപകടസാധ്യതകൾ നിയന്ത്രിക്കാൻ കുറഞ്ഞത് 100 കോടി രൂപയുടെ ഫണ്ട് വലുപ്പം, ഓരോ ഫണ്ടിലുമുള്ള നിക്ഷേപത്തിന് പരിധി, സ്വതന്ത്ര ഫണ്ട് മാനേജ്മെന്റ് തുടങ്ങിയ സുരക്ഷാ വ്യവസ്ഥകൾ നിർദേശത്തിലുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഇത് ഒരു നിർദേശം മാത്രമാണ്. അന്തിമ മാർഗനിർദേശങ്ങളും കേന്ദ്ര ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനവും പുറത്തുവന്നിട്ടില്ല. അതിനാൽ പി.എഫ് അംഗങ്ങളുടെ നിക്ഷേപത്തിൽ ഉടൻ മാറ്റമുണ്ടാകുമെന്ന് കരുതേണ്ടതില്ല.
