Latest

കുട്ടികളുടെ ഉപരിപഠനത്തിന് 6 ലക്ഷം വരെ നേടാം; ഉയർന്ന ബോണസ് ഉറപ്പാക്കി പോസ്റ്റ് ഓഫീസ് ബാൽ ജീവൻ ബീമ സ്കീം

Share

കുട്ടികളുടെ ഉപരിപഠനത്തിനും, സുരക്ഷിത ഭാവിക്കുമായി തപാല്‍ വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ബാല്‍ ജീവന്‍ ബീമ (Bal Jeevan Bima). പോളിസി കാലയളവില്‍ മാതാപിതാക്കള്‍ക്ക് അപ്രതീക്ഷിത വിയോഗമുണ്ടായാല്‍ ഭാവി പ്രീമിയങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുകയും, കാലാവധിയില്‍ 6 ലക്ഷം രൂപയിലധികം ബോണസ് സഹിതം കുട്ടികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യുന്ന ഈ പദ്ധതിയുടെ സമഗ്ര വിവരങ്ങള്‍ നോക്കാം.

പ്രധാന നേട്ടങ്ങളും ഹൈലൈറ്റുകളുംകുട്ടികളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ മാതാപിതാക്കള്‍ക്ക് അവരുടെ പേരില്‍ എടുക്കാവുന്ന ഒരു മികച്ച പോളിസിയാണിത്. പോളിസി കാലാവധി കഴിയുമ്പോള്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയും, അതോടൊപ്പം സമാഹരിച്ച ബോണസും ഒരുമിച്ച് ലഭിക്കും.

പോളിസി കാലയളവിനിടയില്‍ പോളിസി എടുത്ത രക്ഷിതാവ് മരണപ്പെടുകയാണെങ്കില്‍, പിന്നീട് അടയ്‌ക്കേണ്ട പ്രീമിയം തുകകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ ആനുകൂല്യങ്ങളും കുട്ടിയ്ക്ക് ലഭിക്കുകയും ചെയ്യും. ഇത് ഈ സ്‌കീമിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്.

നിര്‍ഭാഗ്യവശാല്‍ പോളിസി കാലാവധിക്കുള്ളില്‍ കുട്ടി മരണപ്പെട്ടാല്‍, സം അഷ്വേര്‍ഡ് തുകയും അതുവരെയുള്ള ബോണസും രക്ഷിതാവിന് ലഭിക്കുകയും പോളിസി അവസാനിക്കുകയും ചെയ്യും. പഴയ ആദായനികുതി വ്യവസ്ഥ (Old Tax Regime) പ്രകാരം, അടയ്ക്കുന്ന പ്രീമിയത്തിന് സെഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.

യോഗ്യത മാനദണ്ഡങ്ങള്‍

5 വയസ് മുതല്‍ 20 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഈ പോളിസി എടുക്കാന്‍ സാധിക്കുക. മാതാപിതാക്കള്‍ക്ക് 45 വയസില്‍ കൂടുതല്‍ പ്രായം ഉണ്ടാകാന്‍ പാടില്ല. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ ഈ കവറേജ് ലഭിക്കൂ. ഈ പോളിസി എടുക്കുന്നതിന് കുട്ടികള്‍ക്ക് യാതൊരുവിധ മെഡിക്കല്‍ പരിശോധനയുടെയും ആവശ്യമില്ല. ഈ വര്‍ഷം പുതുക്കിയ നിയമപ്രകാരം ഈ സ്‌കീം ഉപയോഗിക്കുന്നതിന് മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും നിലവില്‍ സജീവമായ ഒരു PLI (Postal Life Insurance) അല്ലെങ്കില്‍ RPLI (Rural Postal Life Insurance) പോളിസി ഉണ്ടായിരിക്കണം.

ഇന്‍ഷുറന്‍സ് സ്‌കീമിന്റെ കവറേജ്

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ചുരുങ്ങിയത് 20,000 രൂപ മുതല്‍ പരമാവധി 3 ലക്ഷം രൂപ (അല്ലെങ്കില്‍ രക്ഷിതാവിന്റെ പോളിസി തുകയ്ക്ക് തുല്യമായ തുക, ഏതാണോ കുറവ് അത്) വരെയാണ് സം അഷ്വേര്‍ഡ് പരിധി.

റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രകാരം പരമാവധി 1 ലക്ഷം രൂപ (അല്ലെങ്കില്‍ രക്ഷിതാവിന്റെ പോളിസി തുകയ്ക്ക് തുല്യമായ തുക, ഏതാണോ കുറവ് അത്) വരെയാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക.

ബോണസ് നിരക്ക്

പോസ്റ്റ് ഓഫീസിലെ എന്‍ഡോവ്‌മെന്റ് അഷ്വറന്‍സ് (സന്തോഷ്) സ്‌കീമിന് പ്രഖ്യാപിക്കുന്ന അതേ ബോണസ് നിരക്കാണ് ഇതിനും ലഭിക്കുന്നത്. നിലവിലെ നിരക്കനുസരിച്ച് ഓരോ 1,000 രൂപ സം അഷ്വേര്‍ഡിനും പ്രതിവര്‍ഷം 48 മുതല്‍ 52 രൂപ വരെ ബോണസ് ലഭിക്കും. ബോണസ് ഓരോ വര്‍ഷവും പോളിസിയിലേക്ക് ചേര്‍ക്കപ്പെടുകയും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുകയോടൊപ്പം ഒന്നിച്ചു നല്‍കുകയും ചെയ്യും.

അന്തിമ നേട്ടം മനസിലാക്കാം (ഉദാഹരണം)

ഒരു രക്ഷിതാവ് തന്റെ 10 വയസുള്ള കുട്ടിക്ക് വേണ്ടി 10 വര്‍ഷത്തെ കാലാവധിയിലേക്ക് 1,00,000 സം അഷ്വേര്‍ഡുള്ള ഒരു പോളിസി എടുക്കുന്നു എന്ന് കരുതുക. ഇവിടെ ബോണസ് നിരക്ക് 1,000 രൂപയ്ക്ക് പ്രതിവര്‍ഷം 50 രൂപ ആകും. അതായത് മൊത്തം വാര്‍ഷിക ബോണസ് 5,000 രൂപ. 10 വര്‍ഷത്തെ ആകെ ബോണസ് 50,000 രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക 1,50,000 രൂപ (സം അഷ്വേര്‍ഡ് 1,00,000 രൂപ + ബോണസ് 50,000 രൂപ) ആയിരിക്കും.

തപാല്‍ വകുപ്പിന്റെ PLI വിഭാഗത്തില്‍ ബാല്‍ ജീവന്‍ ബീമ വഴി 3,00,000 രൂപയാണ് സം അഷ്വേര്‍ഡ് തെരഞ്ഞെടുക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് 10 വര്‍ഷം കഴിയുമ്പോള്‍ 4.56 ലക്ഷം രൂപ കൈയ്യില്‍ കിട്ടും. 15 വര്‍ഷമാണ് നിക്ഷേപമെങ്കില്‍ കൈയ്യില്‍ കിട്ടുക 5.34 ലക്ഷം രൂപയും, പരമാവധി കാലയളവായ 20 വര്‍ഷത്തില്‍ 6.12 ലക്ഷം രൂപയും കിട്ടും.

ഇനി RPLI വിഭാഗത്തിനു കീഴില്‍ 1 ലക്ഷം രൂപ സം അഷ്വേര്‍ഡ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ 10 വര്‍ഷംകൊണ്ട് 1.48- 1.50 ലക്ഷം രൂപയും, 15 വര്‍ഷം കൊണ്ട് 1.72- 1.75 ലക്ഷവും, 20 വര്‍ഷം കൊണ്ട് 1.96- 2 ലക്ഷം രൂപയും കിട്ടും.

ആവശ്യമായ രേഖകള്‍

കുട്ടിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖയും (Birth Certificate, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ്), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വേണം. കൂടെ രക്ഷിതാവിന്റെ നിലവിലെ PLI / RPLI പോളിസി രേഖകള്‍, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വേണം. ഇതിനൊപ്പം പൂരിപ്പിച്ച ബാല ജീവന്‍ ബീമ പ്രൊപ്പോസല്‍ ഫോമും, കുട്ടിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന ഡിക്ലറേഷനും (കുട്ടിക്ക് പ്രത്യേക മെഡിക്കല്‍ പരിശോധനയുടെ ആവശ്യമില്ല) സമര്‍പ്പിക്കണം.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

ഈ പോളിസിക്ക് മുകളില്‍ വായ്പ ലഭ്യമല്ല. കൂടാതെ പോളിസി സറണ്ടര്‍ ചെയ്യാനുള്ള സൗകര്യവുമില്ല. കുറഞ്ഞത് 5 വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ മാത്രമേ പെയ്ഡ് അപ്പ് ആനുകൂല്യം ലഭിക്കൂ. നിലവിലെ നികുതി നിയമങ്ങള്‍ക്കും, നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും ടാക്സ് ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റ് ഓഫീസിനെ സമീപിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *