Latest

ഇനി കളി ഇന്റർനാഷണൽ; ആഗോള വിപണി പിടിക്കാൻ അംബാനി, ജിയോയുടെ വജ്രായുധമായി UBR ടെക്നോളജി

Share

ഇന്ത്യൻ ടെലികോം വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച ജിയോ ഇനി ആഗോള ബ്രോഡ്ബാൻഡ് വിപണി പിടിക്കാൻ ഒരുങ്ങുന്നു. അമേരിക്കയിലെ പ്രമുഖ കേബിൾ, ബ്രോഡ്ബാൻഡ് കമ്പനികളായ കോംകാസ്റ്റ്, ചാർട്ടർ കമ്മ്യൂണിക്കേഷൻസ് എന്നിവരുമായി ജിയോ പ്ലാറ്റ്‌ഫോംസ് പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ട്. ജിയോ വികസിപ്പിച്ച യു.ബി.ആർ വയർലെസ് ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ വിദേശ വിപണികളിൽ എത്തിക്കുകയാണ് ലക്ഷ്യം.

വിദേശ രാജ്യങ്ങളിൽ സ്വന്തമായി നെറ്റ്‌വർക്ക് സ്ഥാപിച്ച് വലിയ നിക്ഷേപം നടത്തുന്നതിനുപകരം, നിലവിലുള്ള ടെലികോം കമ്പനികൾക്ക്, തങ്ങളുടെ ടെക്നോളജി ലൈസൻസ് നൽകി ആഗോള വിപണിയിൽ വളർച്ച നേടുകയാണ് ജിയോയുടെ ലക്ഷ്യം.ജിയോയുടെ UBR സാങ്കേതികവിദ്യ

അൺലൈസൻസ്ഡ് ബാൻഡ് റേഡിയോ (UBR) എന്ന സാങ്കേതികവിദ്യയാണ് ജിയോയുടെ ആഗോള ബിസിനസ് വികസനവുമായി ബന്ധപ്പെട്ട നീക്കത്തിലെ പ്രധാന ആകർഷണം.

ടവറുകളിലും, കെട്ടിടങ്ങളുടെ മേൽക്കൂരകളിലും സ്ഥാപിക്കുന്ന ട്രാൻസ്മിറ്ററുകൾ വഴി ലൈസൻസ് ആവശ്യമില്ലാത്ത വൈഫൈ ഫ്രീക്വൻസികളിൽ ഇന്റർനെറ്റ് സിഗ്നലുകൾ കൈമാറുന്നതാണ് ഇതിന്റെ രീതി. കെട്ടിടങ്ങളിൽ സ്ഥാപിക്കുന്ന റിസീവറുകൾ വഴി ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കും.

ഓരോ കെട്ടിടത്തിലേക്കും കേബിളുകൾ സ്ഥാപിക്കേണ്ടതില്ലെന്നതും, വിലകൂടിയ ടെലികോം സ്പെക്ട്രം സ്വന്തമാക്കേണ്ടതില്ലെന്നതും ഈ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടങ്ങളാണ്. അതിനാൽ ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ കൂടുതൽ വീടുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് ജിയോയുടെ പ്രതീക്ഷ.

എന്തുകൊണ്ട് കോംകാസ്റ്റും ചാർട്ടറും?

അമേരിക്കയിലെ ഹോം ബ്രോഡ്ബാൻഡ് വിപണിയിൽ കടുത്ത മത്സരമാണ് കോംകാസ്റ്റും, ചാർട്ടറും നേരിടുന്നത്. ഉപഭോക്താക്കൾ ഫൈബർ കണക്ഷനുകളിലേക്കും, ഫിക്സഡ് വയർലെസ് ബ്രോഡ്ബാൻഡിലേക്കും മാറുന്നതിനാൽ നിലവിലുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ ഈ കമ്പനികൾ പുതിയ സാങ്കേതികവിദ്യകൾ തേടുകയാണ്.

ഇവിടെയാണ് ജിയോയുടെ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. പരമ്പരാഗതമായ കേബിൾ അടിസ്ഥാനസൗകര്യങ്ങൾക്ക് പകരമായി കുറഞ്ഞ ചെലവിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ ജിയോയുടെ സാങ്കേതികവിദ്യ സഹായകമായേക്കും. അമേരിക്കയിൽ ഇതിനകം വലിയ ഉപഭോക്തൃ അടിത്തറയുള്ള കമ്പനികളുമായി സഹകരിക്കുന്നതിലൂടെ ജിയോയ്ക്ക് വിദേശ വിപണിയിലേക്ക് പ്രവേശിക്കാനും കഴിയും.

ആഗോള പങ്കാളികളെ ലക്ഷ്യമിട്ട് ജിയോ

ലോകമെമ്പാടുമായി 10 മുതൽ 15 വരെ ടെലികോം ഓപ്പറേറ്റർമാരുമായി സഹകരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. വികസിത രാജ്യങ്ങൾക്കും, വളർന്നുവരുന്ന വിപണികൾക്കും ഒരുപോലെ സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് കമ്പനിയുടെ ഉദ്ദേശിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ എം.ടി.എൻ ഗ്രൂപ്പുമായും ജിയോ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ മൂല്യനിർണയം, ലൈസൻസിങ് വ്യവസ്ഥകൾ എന്നിവയിൽ ധാരണയിലെത്താൻ കഴിയാത്തതിനെത്തുടർന്ന് ആ ചർച്ചകൾ അവസാനിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ശക്തമായ അടിത്തറ

ജിയോയ്ക്ക് ഇന്ത്യയിൽ വലിയ ഉപഭോക്തൃ അടിത്തറയുണ്ട്. 50 കോടിയിലധികം മൊബൈൽ ഉപഭോക്താക്കളും ഏകദേശം 1.5 കോടി വയർഡ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുമാണ് കമ്പനിക്കുള്ളത്. UBR സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരുടെ എണ്ണം 65 ലക്ഷത്തിലധികമായതായും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള ടെക്നോളജി കമ്പനിയായി മാറുക ലക്ഷ്യം

ഇന്ത്യയിൽ ടെലികോം സേവനങ്ങൾ വ്യാപിപ്പിച്ച് വളർന്ന ജിയോയുടെ അടുത്ത ഘട്ടം, സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഒരു ആഗോള ബിസിനസായി മാറുക എന്നതാണ്. വിദേശത്ത് വലിയ അടിസ്ഥാനസൗകര്യ നിക്ഷേപം നടത്താതെ തന്നെ ലൈസൻസിങ്, പങ്കാളിത്ത കരാറുകൾ എന്നിവയിലൂടെ വരുമാനം നേടാനാണ് ശ്രമം.

എന്നാൽ കോംകാസ്റ്റുമായോ, ചാർട്ടറുമായോ ജിയോ അന്തിമ കരാറിൽ എത്തിയിട്ടില്ല. നിക്ഷേപം, ലൈസൻസിങ് വ്യവസ്ഥകൾ, പാർട്ണർഷിപ്പുമായി ബന്ധപ്പെട്ട സമയക്രമം എന്നിവയിലും ഔദ്യോഗിക ധാരണയായിട്ടില്ല. അതിനാൽ ജിയോയുടെ ആഗോള വികസന പദ്ധതിയുടെ യഥാർഥ വലുപ്പം വ്യക്തമാകാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *