Latest

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, കേന്ദ്രത്തിന്റെ പിഎം റാഹത്ത് പദ്ധതി

Share
PM Rahat India Support

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പണമില്ലെന്ന ഒറ്റ കാരണത്താല്‍ ഇനി രാജ്യത്ത് അടിയന്തര ചികിത്സ നിഷേധിക്കപ്പെടില്ല. 1.5 ലക്ഷം രൂപ വരെ പണരഹിത (Cashless) ചികിത്സ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാരിന്റെ പി.എം റാഹത്ത് (PM RAHAT) സ്‌കീം. അപകടം നടന്ന് ആദ്യ 7 ദിവസത്തേക്ക് തെരഞ്ഞെടുത്ത സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന ഈ ആനുകൂല്യത്തിനൊപ്പം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന സുമനസുകള്‍ക്ക് പൂര്‍ണ്ണ നിയമ പരിരക്ഷയും പദ്ധതി ഉറപ്പുനല്‍കുന്നു.

പിഎം റാഹത്ത് സ്‌കീംവാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് പി.എം റാഹത്ത് (PM RAHAT – Road Accident Victims Hospitalisation and Assured Treatment Scheme). അപകടത്തില്‍ പെടുന്നവര്‍ക്ക് കൈവശം പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്‌കീമിന്റെ നേട്ടങ്ങളും ഹൈലൈറ്റുകളും

വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും പണരഹിത (Cashless) ചികിത്സ ലഭിക്കും. ഒരാള്‍ക്ക് പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അപകടം നടന്ന ദിവസം മുതല്‍ 7 ദിവസം വരെയുള്ള ചികിത്സയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ, പദ്ധതിക്ക് കീഴില്‍ അംഗീകരിക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ ചികിത്സ ലഭ്യമാണ്. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പരിക്കേറ്റവരോ, അവരുടെ കുടുംബമോ യാതൊരുവിധ മുന്‍കൂര്‍ തുകയും നല്‍കേണ്ടതില്ല.

എന്താണ് ചെയ്യേണ്ടത്

അപകടം നടന്നാല്‍ ഉടന്‍ തന്നെ 112 എന്ന ദേശീയ എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കണം. വിവരം ലഭിക്കുന്ന ഉടന്‍ തന്നെ എമര്‍ജന്‍സി ആംബുലന്‍സ് അപകടസ്ഥലത്തേക്ക് എത്തും. പരിക്കേറ്റ വ്യക്തിയെ കാലതാമസമില്ലാതെ അടുത്തുള്ള അംഗീകൃത ആശുപത്രിയില്‍ എത്തിക്കും. ആശുപത്രി മാനേജ്മെന്റ് യാതൊരു ഫീസും ഈടാക്കാതെ അടിയന്തരമായി ചികിത്സ ആരംഭിക്കും.

സ്‌കീം ജനങ്ങള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ

സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ ഒരാളുടെയും ജീവന്‍ റോഡുകളില്‍ പൊലിയില്ല. അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ ഫീസ് അടയ്ക്കാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥ ഒഴിവാകുന്നു. ചികിത്സാച്ചെലവുകളെക്കുറിച്ചോ ആശുപത്രിയിലെ നൂലാമാലകളെക്കുറിച്ചോ ഭയപ്പെടാതെ, പരിക്കേറ്റവരെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഈ പദ്ധതി ധൈര്യം നല്‍കും.

ആശുപത്രിയില്‍ എത്തിക്കുന്നവരെ പരിരക്ഷിക്കുന്ന നിയമങ്ങള്‍

പരിക്കേറ്റവരെ സഹായിക്കുന്നവര്‍ക്കായി ഇന്ത്യയില്‍ ഗുഡ് സമരിറ്റന്‍ നിയമം (Good Samaritan Law) നിലവിലുണ്ട്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്ന സഹായിയെ നിര്‍ബന്ധിച്ച് സാക്ഷിയാക്കാനോ, ക്രിമിനല്‍/ സിവില്‍ കേസുകളില്‍ ഉള്‍പ്പെടുത്താനോ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

പരിക്കേറ്റയാളെ സഹായിക്കുന്ന വ്യക്തികളില്‍ നിന്നും പോലീസ് നിര്‍ബന്ധപൂര്‍വ്വം വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല. അവര്‍ സ്വമേധയാ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ അത് രേഖപ്പെടുത്താവൂ എന്ന് സാരം.

പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുവരുന്നവരോട് ചികിത്സയ്ക്കുള്ള മുന്‍കൂര്‍ തുക നല്‍കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടാന്‍ പാടില്ല. സഹായിക്കുന്ന വ്യക്തിയുടെ പേരോ, ഫോണ്‍ നമ്പറോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ അവരെ നിര്‍ബന്ധിക്കാന്‍ പാടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപകടം നടന്നതിന് ശേഷമുള്ള ആദ്യത്തെ കുറച്ചു സമയം (സുവര്‍ണ്ണ മണിക്കൂര്‍ (Golden Hour)) ജീവന്‍ രക്ഷിക്കാന്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ ഒട്ടും സമയം പാഴാക്കാതെ സഹായം ലഭ്യമാക്കുക. പദ്ധതി പ്രകാരം പണരഹിത ചികിത്സ ലഭിക്കുന്നത് ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ്. ഇതു മനസിലാക്കാന്‍ 112 എന്ന് ഹെല്‍പിലൈന്‍ നമ്പര്‍ ഉപയോഗപ്പെടുത്തുക. 7 ദിവസത്തിനപ്പുറമോ, 1.5 ലക്ഷം രൂപയ്ക്ക് മുകളിലോ വരുന്ന തുടര്‍ചികിത്സാച്ചെലവുകള്‍ക്ക് പദ്ധതി ബാധകമായിരിക്കില്ല. അതിനാല്‍ ഈ പരിധിയെക്കുറിച്ച് ബോധവാന്മാരായിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *