Latest

കടക്കെണിയിൽ നിന്ന് രക്ഷ നേടാം; ബാധ്യതകൾ കുരുക്കാകുന്നതിന് മുമ്പ് മലയാളികൾ ചെയ്യേണ്ട കാര്യങ്ങൾ

Share

മലയാളികളിൽ നല്ലൊരു വിഭാ​ഗവും കടക്കെണികളാൽ പൊറുതി മുട്ടുന്നവരാണ്. ആദ്യമൊരു ആവേശത്തിന് കടമെടുക്കുമെങ്കിലും ക്രമേണ അതൊരു കുരുക്കായി മാറുകയാണ് ചെയ്യുക. കടബാധ്യതകൾ തീർത്ത് സമാധാനമായി ഉറങ്ങാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് കൊണ്ടു വന്നേക്കാം.
ഇന്ത്യയിൽ 60% ആളുകളും ലോണുകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ ആദ്യം തന്നെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, നോ-കോസ്റ്റ് ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് ഇ.എം.ഐ അടക്കമുള്ള ‘സുന്ദരമായ’ വാക്കുകളുടെ പുറകിലും കടം എന്ന ഭീകരസത്വമാണ് ഒളിഞ്ഞിരിക്കുന്നത് എന്ന വസ്തുതയാണ്.കടം എങ്ങനെ രൂപപ്പെടുന്നു?

ഒരു പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ അതിന്റെ ഉറവിടം കണ്ടെത്തിയേ തീരൂ. പൊതുവെ അത്യാവശ്യ കാര്യങ്ങൾക്കായിരിക്കും പലരും ആദ്യമായി ലോൺ എടുക്കുന്നത്. ഉയർന്ന പലിശ, അല്ലെങ്കിൽ വരുമാനത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണം പലപ്പോഴും തിരിച്ചടവുകൾ മുടങ്ങുന്നു.

ഈ ബാധ്യത മറികടക്കാൻ വീണ്ടും കടമെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നു. ഇതോടെ പലിശ ഭാരം പലമടങ്ങായി വർധിക്കുന്നു. ഈ കടങ്ങളിൽ നിന്ന് രക്ഷ നേടാൻ പലരും വീണ്ടും വായ്പകൾക്കുള്ള വഴികൾ തേടുന്നു. അതെ, ഇതാണ് കെണി. ഒടുവിൽ ക്രെഡിറ്റ് സ്കോറും താഴ്ന്ന്, കയ്യിലുള്ളവ വിറ്റുമാറേണ്ട അവസ്ഥയിലേക്ക് പോലും കാര്യങ്ങൾ എത്തുന്നു.

നിങ്ങൾ കടക്കെണിയിലേക്കാണോ പോകുന്നത്?

താഴെ പറയുന്ന സാഹചര്യങ്ങളിലാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക. നിങ്ങളുടെ പോക്ക് ഒരു കെണിയിലേക്ക് ആകാനുള്ള സാധ്യതകൾ വളരെയധികമാണ്.
ലഭ്യമായ ക്രെഡിറ്റിന്റെ 50 ശതമാനത്തിലധികം സ്ഥിരമായി ഉപയോ​ഗിക്കുക
ക്രെഡിറ്റ് കാർ‍ഡിൽ മിനിമം പേയ്മെന്റ് മാത്രം അടയ്ക്കുക
ഒരു ലോൺ എടുത്ത് അതിലൂടെ മറ്റൊരു വായ്പ അടയ്ക്കുക
വരുമാനത്തിന്റെ 40 ശതമാനത്തിലധികം തുക കടബാധ്യതകൾ തീർക്കാൻ വിനിയോ​ഗിക്കുക
കടബാധ്യതകളിൽ നിന്ന് എങ്ങനെ പുറത്തു കടക്കാം?

ആദ്യം തന്നെ നിങ്ങളുടെ 3 മുതൽ 6 മാസത്തെ വരെ ചെലവിനുള്ള തുക ഒരു എമർജൻസി ഫണ്ടായി മാറ്റി വെക്കുക. പിന്നീട് യാതൊരു കാരണവശാലും അതിൽ തൊടാതിരിക്കുക
പുതിയ, കുറഞ്ഞ ചെലവുള്ള വ്യക്തി​ഗത വായ്പകൾ പരി​ഗണിക്കുക. നിങ്ങളുടെ നിലവിലെ വായ്പകൾ ഒറ്റയൊന്നായി കൺസോളിഡേറ്റ് ചെയ്യുക. ഇതിലൂടെ പലിശ, ഇ.എം.ഐ എന്നിവ കുറയ്ക്കാം. ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ പിന്നീട് ഉയർന്ന പലിശയിലുള്ള പുതിയ വായ്പകൾ എടുക്കാതിരിക്കുക
നിലവിൽ ഏറ്റവും കൂടുതൽ പലിശ പോകുന്ന വായ്പകൾ ആദ്യം അടച്ചു തീർക്കാൻ നോക്കുക. ഇവിടെ പ്രീ-പേയ്മെന്റ് പെനാൽറ്റി ഉൾപ്പെടെയുള്ള ചാർജ്ജുകൾ പരി​ഗണിക്കേണ്ടതാണ്
ഫണ്ട് കുറവുള്ളവർക്ക് ചെറിയ വായ്പകൾ ആദ്യം അടച്ചു തീർക്കുന്ന ‘സ്നോ ബോൾ’ രീതി പരീക്ഷിക്കാം
ഒരു ബജറ്റ് തയ്യാറാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക
ഔട്സ്റ്റാൻഡിങ് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചു തീർക്കുക.
ക്രെഡിറ്റ് കാർഡുകളിൽ മുഴുവൻ തുകയുടെയും ബിൽ അടയ്ക്കുക, മിനിമം പേയ്മെന്റ് എന്ന ഓപ്ഷൻ തന്നെ മനസ്സിൽ നിന്ന് ഒഴിവാക്കുക
കടം ഒഴിവാക്കാൻ ബജറ്റ് ആപ്പുകൾ അടക്കമുള്ള ഡിജിറ്റൽ ടൂൾസിന്റെ സഹായം തേടുക
കടക്കെണിയിൽ നിന്ന് രക്ഷ നേടാൻ പ്രൊഫഷണൽ ഡെറ്റ് കൗൺസിലിങ് ഏജൻസികളുടെ സേവനം തേടുക
അവസരങ്ങളാൽ സമൃദ്ധമായ ഈ ലോകത്ത്, ധൈര്യത്തോടെ അധിക വരുമാനത്തിനുള്ള വഴികൾ തേടുക

Leave a Reply

Your email address will not be published. Required fields are marked *