
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ശക്തമായ ബദലൊരുക്കാന്‍ കരിമ്പില്‍ നിന്നും ചോളത്തില്‍ നിന്നും പരിസ്ഥിതി സൗഹൃദ PLA ബയോ പ്ലാസ്റ്റിക് നിര്‍മിക്കുന്നതിനായി 3,100 കോടി രൂപയുടെ മെഗാ പദ്ധതി പ്രഖ്യാപിച്ച് ബാല്‍റാംപൂര്‍ ചീനി മില്‍സ് . ഉത്തര്‍പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ പ്ലാന്റിലൂടെ പ്രതിവര്‍ഷം 80,000 ടണ്‍ ബയോ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിച്ച് ചൈനീസ് ഇറക്കുമതിയെ മറികടക്കാനും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ സംബന്ധിച്ചും ഈ നീക്കം വളരെ പ്രധാനപ്പെട്ടതാണ്.
ബയോ പ്ലാസ്റ്റിക് വിപ്ലവംപരിസ്ഥിതിക്ക് ദോഷകരമായ സാധാരണ പ്ലാസ്റ്റിക്കിന് മികച്ചൊരു ബദലായി ബയോ പ്ലാസ്റ്റിക്കുകള്‍ പതുക്കെ രംഗത്തെത്തുന്നുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് പകരം ഇവയുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. പെട്രോളിയം പോലെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം, പ്രകൃതിദത്തമായ ജൈവവസ്തുക്കളില്‍ നിന്ന് നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക്കാണ് ബയോ പ്ലാസ്റ്റിക്.
നിലവില്‍ ഇന്ത്യയില്‍ ബയോ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ
നിലവില്‍ ഇന്ത്യയില്‍ ചെറിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കമ്പോസ്റ്റ് ചെയ്യാവുന്ന ക്യാരി ബാഗുകള്‍, പാക്കേജിങ് കവറുകള്‍, പരിസ്ഥിതി സൗഹൃദമായ പ്ലേറ്റുകള്‍- സ്പൂണുകള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
പ്ലാസ്റ്റിക്കും ബയോ പ്ലാസ്റ്റിക്കും തമ്മിലുള്ള വ്യത്യാസം
സാധാരണ പ്ലാസ്റ്റിക് പെട്രോളിയത്തില്‍ നിന്ന് ഉണ്ടാക്കുന്നതും, അഴുകി നശിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്നതുമാണ്. എന്നാല്‍ ബയോ പ്ലാസ്റ്റിക് പ്രകൃതിദത്ത സസ്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്നതും. ഇവ എളുപ്പത്തില്‍ മണ്ണില്‍ അലിഞ്ഞു ചേരും. ഇവ മൈക്രോ പ്ലാസ്റ്റിക് പോലെയുള്ള മലിനീകരണം ഉണ്ടാക്കുന്നില്ല.
ബയോ പ്ലാസ്റ്റിക് നിര്‍മ്മാണം
കരിമ്പ്, ചോളം (corn starch), മരച്ചീനി (tapioca roots) തുടങ്ങിയ സസ്യജന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ പ്രധാനമായും നിര്‍മ്മിക്കുന്നത്. ഇത്തരം ചെടികളിലെ അന്നജം ഫെര്മെന്റേഷന് ചെയ്താണ് പോളി ലാക്റ്റിക് ആസിഡ് (PLA) എന്നറിയപ്പെടുന്ന ബയോ പ്ലാസ്റ്റിക് നിര്‍മ്മിക്കുന്നത്.
ബയോ പ്ലാസ്റ്റിക്കിന്റെ ഗുണങ്ങള്‍
കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുന്നുവെന്നതാണ് പ്രധാന നേട്ടം. ഇവ പരിസ്ഥിതിക്ക് അനുയോജ്യമാണ്. രാജ്യത്തിന്റെ കാര്‍ബണ്‍ ലക്ഷ്യങ്ങള്‍ക്ക് കരുത്തുവര്ധിക്കും. ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയത്വം കുറയ്ക്കുന്നത് ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി കുറയ്ക്കാനും സഹായിക്കും. മണ്ണില്‍ അലിയുമ്പോള്‍ വിഷവസ്തുക്കള്‍ അവശേഷിപ്പിക്കുന്നില്ലെന്ന് വരും തലമുറയ്ക്കും നേട്ടമാകും.
ബാല്‍റാംപൂര്‍ ചീനി മില്‍സിന്റെ വമ്പന്‍ നീക്കം
ഉത്തര്‍പ്രദേശില്‍ 3,100 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ PLA ബയോ പ്ലാസ്റ്റിക് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുകയാണ് രാജ്യത്തെ പ്രമുഖ പഞ്ചസാര നിര്‍മ്മാതാക്കളായ ബാല്‍റാംപൂര്‍ ചീനി മില്‍സ്. പ്രതിവര്‍ഷം 80,000 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ഈ പ്ലാന്റ് 2027-ലെ ആദ്യ പാദത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങും.
ഇന്ത്യയ്ക്കു കരുത്തുപകരുന്ന നീക്കം
വലിയ തോതിലുള്ള ബയോ പ്ലാസ്റ്റിക് ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിക്കുന്നത് ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് വലിയ കരുത്താകും ഈ നീക്കം. കരിമ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് നിര്‍മ്മിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ട നല്‍കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാധാരണ പ്ലാസ്റ്റിക്കിനേക്കാള്‍ ബയോ പ്ലാസ്റ്റിക്കുകള്‍ക്ക് നിര്‍മ്മാണച്ചെലവും, വിലയും കൂടുതലായിരിക്കും. ബയോ പ്ലാസ്റ്റിക് വേഗത്തില്‍ മണ്ണില്‍ അലിഞ്ഞു ചേരണമെങ്കില്‍ പ്രത്യേക കമ്പോസ്റ്റിംഗ് സാഹചര്യങ്ങള്‍ (Industrial composting) ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ പറയുന്നു. അതായത് സാധാരണ പ്ലാസ്റ്റിക് പോലെ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ ഇവ അഴുകാന്‍ സമയമെടുക്കും. ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യവിളകള്‍ പ്ലാസ്റ്റിക് നിര്‍മ്മാണത്തിനായി വന്‍തോതില്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നിലവില്‍ ഇവയില്‍ നിന്നു തന്നെയാണ് എഥനോളും നിര്‍മ്മിക്കുന്നത്.
