
അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മഞ്ഞ, പിങ്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴയില്ലാതെ സ്വമേധയാ സറണ്ടര്‍ ചെയ്യാന്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഡിസംബര്‍ 8 വരെ സാവകാശം അനുവദിച്ചു. നിശ്ചിത തീയതിക്ക് ശേഷവും കാര്‍ഡുകള്‍ കൈവശം വെക്കുന്നവരില്‍ നിന്ന് ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും. അനര്‍ഹര്‍ക്ക് തങ്ങളുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ (TSO) വഴി പൊതുവിഭാഗത്തിലേക്ക് മാറ്റാം. അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൃത്യമായി ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാന്‍ അനര്‍ഹര്‍ വഴിമാറേണ്ട സമയമാണിതെന്ന് സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആരെക്കെ മുന്‍ഗണനാ കാര്‍ഡ് സറണ്ടര്‍ ചെയ്യണംജീവിതസാഹചര്യങ്ങളില് മാറ്റം വന്നിട്ടും മുന്‍ഗണനാ കാര്‍ഡുകള്‍ (മഞ്ഞ, പിങ്ക്) കൈവശം വെച്ചിരിക്കുന്നവരാണ് ഈ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യേണ്ടത്. കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടത് ആരൊക്കെയെന്ന് നോക്കാം;
- സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും.
- പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.
- സര്‍വീസ് പെന്ഷന് കൈപ്പറ്റുന്നവര്‍.
- ആദായനികുതി ഒടുക്കുന്നവര്‍.
- പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ളവര്‍.
- സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ള കുടുംബങ്ങള്‍.
- 1,000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവര്‍.
- സ്വന്തമായി നാല് ചക്ര വാഹനം ഉള്ളവര്‍.
- വിദേശ ജോലി വഴിയോ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി വഴിയോ കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍.
ആര്‍ക്കൊക്കെ് ഇളവ് ലഭിക്കും
മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും താഴെ പറയുന്നവര്‍ക്ക് ഇളവുണ്ട്:
- പാര്‍ട്ട് ടൈം ജീവനക്കാരും, താല്‍ക്കാലിക ജീവനക്കാരും.
- ക്ലാസ് 4 തസ്തികയില്‍ നിന്ന് വിരമിച്ച സര്‍വീസ് പെന്‍ഷന്‍കാര്‍.
- പ്രതിമാസം 5,000 രൂപയില്‍ താഴെ പെന്ഷന് വാങ്ങുന്നവര്‍.
- 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്ഷന് വാങ്ങുന്നവര്‍.
- ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവര്‍ഗ (ST) വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍.
- ഉപജീവനത്തിനായുള്ള ഏക വരുമാന മാര്‍ഗമായി ടാക്സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകള്‍.
ഉപയോക്താക്കള്‍ തങ്ങളുടെ അധികാരപരിധിയിലുള്ള താലൂക്ക് സപ്ലൈ ഓഫീസിലാണ് (TSO) കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടത്. സ്വമേധയാ സറണ്ടര്‍ ചെയ്യാനുള്ള അവസാന തീയതി 2026 ഡിസംബര്‍ 8 ആണ്. ഈ സമയപരിധിക്കുള്ളില്‍ സ്വമേധയാ കാര്‍ഡ് ഹാജരാക്കുന്നവര്‍ക്കെതിരെ പിഴയോ, മറ്റ് ശിക്ഷാനടപടികളോ ഈടാക്കില്ല.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
സ്വമേധയാ സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് യാതൊരു ശിക്ഷയുമുണ്ടാകില്ല. എന്നാല്‍ സമയപരിധിക്ക് ശേഷം പരിശോധനയിലൂടെ അനര്‍ഹരെ കണ്ടെത്തിയാല്‍ അതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കുകയും, നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇത് പൂര്‍ണ്ണമായി കാര്‍ഡ് റദ്ദാക്കല്‍ നടപടിയല്ല. മുന്‍ഗണനാ വിഭാഗത്തില്‍ (മഞ്ഞ, പിങ്ക്) നിന്ന് അര്‍ഹതയ്ക്കനുസരിച്ച് പൊതുവിഭാഗത്തിലേക്ക് (വെള്ള, നീല) മാറ്റി നല്‍കുകയാണ് ചെയ്യുന്നത്.
അനര്‍ഹമായി ആനുകൂല്യം പറ്റുന്നവര്‍ മാറിക്കൊടുക്കുമ്പോള്‍ മാത്രമാണ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ പട്ടികയിലേക്ക് പ്രവേശനം ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സറണ്ടര്‍ ചെയ്യാനായി പോകുമ്പോള്‍ ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, കുടുംബനാഥന്റെ ആധാര്‍ കാര്‍ഡ്, കാറ്റഗറി മാറ്റുന്നതിനുള്ള നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം എന്നിവ കരുതേണ്ടതുണ്ട്.
