Latest

വികലാംഗ പെന്‍ഷന്‍ ഇനി കുട്ടികള്‍ക്കും ലഭിക്കും; പ്രായപരിധി എടുത്തുമാറ്റി മാനദണ്ഡം 40 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍

Share
വികലാംഗ പെന്‍ഷന്‍ ഇനി കുട്ടികള്‍ക്കും ലഭിക്കും; പ്രായപരിധി എടുത്തുമാറ്റി മാനദണ്ഡം 40 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ - pm samajik sahayata yojana ...

PM Divyangjan Pension Yojana: കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വികലാംഗ പെന്‍ഷന്‍ (PM Divyangjan Pension Yojana) പരിഷ്‌കാരം. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഈ പദ്ധതിയില്‍ പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കുകയും, വൈകല്യ മാനദണ്ഡം 80 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും ചെയ്തു. പ്രതിമാസ പെന്‍ഷന്‍ തുകയും കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പേരടക്കം മാറ്റി പരിഷ്‌കരണംനാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ (NSAP) പേര് ‘പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന’ എന്ന് മാറ്റി. പദ്ധതിക്ക് കീഴിലുള്ള മറ്റ് പെന്‍ഷനുകളുടെ പേരുകളിലും മാറ്റം വരുത്തി. വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇനിമുതല്‍ ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെന്‍ഷന്‍ യോജന’ എന്നും, വിധവാ പെന്‍ഷന്‍ ‘പ്രധാനമന്ത്രി വിധവാ പെന്‍ഷന്‍ യോജന’ എന്നും, വികലാംഗ പെന്‍ഷന്‍ ‘പ്രധാനമന്ത്രി ദിവ്യാംഗ്ജന്‍ പെന്‍ഷന്‍ യോജന’ എന്നും, കുടുംബ സഹായ പദ്ധതി ‘പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന’ എന്നും അറിയപ്പെടും. പദ്ധതികള്‍ 2026- 27 മുതല്‍ 2030- 31 വരെ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വാര്‍ദ്ധക്യകാല, വിധവാ പെന്‍ഷനുകളുടെ വ്യവസ്ഥകളില്‍ നിലവില്‍ മാറ്റങ്ങളില്ല. എന്നാല്‍ വികലാംഗ പെന്‍ഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ പെന്‍ഷന്‍ യോഗ്യതയും തുകയും (വികലാംഗ പെന്‍ഷന്‍)

0 മുതല്‍ 79 വയസ് വരെയുള്ളവരുടെ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയില്‍ നിന്ന് 375 രൂപയായി വര്‍ദ്ധിപ്പിച്ചു. 80 വയസിന് മുകളിലുള്ളവര്‍ക്ക് പ്രതിമാസം 500 രൂപ ലഭിച്ചിരുന്നത് ഇനി മുതല്‍ 625 രൂപയാകും. മുമ്പ് 18 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. പുതിയ നിയമപ്രകാരം പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കി. ജനനം മുതല്‍ തന്നെ പെന്‍ഷന് അര്‍ഹതയുണ്ടാകും. പെന്‍ഷന്‍ ലഭിക്കുന്നതിന് മുമ്പ് 80% വൈകല്യം വേണമെന്നായിരുന്നു നിബന്ധന. ഇത് 40% ആയും കുറച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് ഈ പെന്‍ഷന് അര്‍ഹത.

മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ

കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ ഒട്ടേറെ ആളുകള്‍ക്ക്, പ്രത്യേകിച്ച് 40% മുതല്‍ 79% വരെ വൈകല്യമുള്ളവര്‍ക്ക് ഈ പുതിയ നിയമം വഴി പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. പ്രായപരിധി എടുത്തുകളഞ്ഞതിനാല്‍ വൈകല്യമുള്ള കുട്ടികള്‍ക്കും ഇനിമുതല്‍ സഹായം ലഭിക്കും. ഇത് കേരളത്തിലെ അത്തരം കുടുംബങ്ങള്‍ക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് (BPL) മാത്രമേ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. പുതുക്കിയ യോഗ്യതകള്‍, ഗുണഭോക്താക്കളുടെ എണ്ണം, പെന്‍ഷന്‍ നിരക്കുകള്‍ എന്നിവ സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം. ഔദ്യോഗിക അറിയിപ്പുകള്‍ വന്നതിന് ശേഷം മാത്രമേ പുതിയ മാറ്റങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാകൂ.

പുതിയ മാനദണ്ഡങ്ങള്‍ 36 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3.20 കോടി ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്നാണു വിലയിരുത്തല്‍. പുതുക്കിയ വികലാംഗ പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ യോഗ്യരായ കുടുംബങ്ങള്‍ക്ക് സാമൂഹിക സഹായത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *