Mukesh Ambani News: സാധാരണക്കാരന് താങ്ങാവുന്ന നിരക്കില് ആശയവിനിമയം സാധ്യമാക്കണമെന്ന ധീരുഭായി അംബാനിയുടെ സ്വപ്നത്തെ യഥാര്ത്ഥ്യമാക്കി ജിയോ. സൗജന്യ കോളുകളിലൂടെയും വിപ്ലവകരമായ ഇന്റര്നെറ്റ് വിപ്ലവത്തിലൂടെയും മുകേഷ് അംബാനി രാജ്യത്തിന്റെ മുഖഛായ മാറ്റി. പൂജ്യം രൂപയുടെ വെല്ക്കം ഓഫറുകളില് തുടങ്ങി 10 ലക്ഷം കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയിലേക്ക് ജിയോ പ്ലാറ്റ്ഫോംസ് എത്തുകയാണ്. ഇത് ഒരു കമ്പനിയുടെ നേട്ടം മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല് ലോകത്തിന്റെ മുഖ്യധാരയിലെത്തിച്ച അവിശ്വസനീയമായ പരിവര്ത്തനത്തിന്റെ കഥ കൂടിയാണ്.
ജിയോയുടെ ഉത്ഭവവും വളര്ച്ചയുംഒരു ഫോണ് കോളിന്റെ ചിലവ് പോസ്റ്റ്കാര്ഡിന്റെ വിലയേക്കാള് കുറവായിരിക്കണം എന്ന ധീരുഭായി അംബാനിയുടെ കാഴ്ചപ്പാടാണ് ആശയവിനിമയം സാധാരണക്കാരന്റെ അവകാശമാക്കാന് അടിത്തറയിട്ടത്. നിലവിലുള്ള ടെലികോം ശൃംഖല വികസിപ്പിക്കുന്നതിന് പകരം, വാണിജ്യ ലോഞ്ചിന് മുമ്പ് തന്നെ 25 ബില്യണ് ഡോളര് (ഏകദേശം 2 ലക്ഷം കോടിയിലധികം രൂപ) സ്വന്തം നിലയില് അടിസ്ഥാന സൗകര്യങ്ങള്ക്കും സ്പെക്ട്രത്തിനും വേണ്ടി റിലയന്സ് മുന്കൂട്ടി നിക്ഷേപിച്ചാണ് തുടങ്ങിയത്.
2016 സെപ്റ്റംബറിലെ ലോഞ്ചിലൂടെ സൗജന്യ വോയ്സ് കോളുകളും, അതിവേഗ 4ജി ഡാറ്റയും നല്കി ഇന്ത്യന് ടെലികോം വിപണിയില് വിപ്ലവം കുറിക്കുകയായിരുന്നു ജിയോ. സ്മാര്ട്ട്ഫോണ് വാങ്ങാന് ശേഷിയില്ലാത്തവര്ക്കായി 1,500 രൂപ റീഫണ്ടബിള് ഡെപ്പോസിറ്റിലൂടെ (ഫലത്തില് പൂജ്യം രൂപയ്ക്ക്) 4ജി ഫീച്ചര് ഫോണും അംബാനി ലഭ്യമാക്കി.
2026 മാര്ച്ച് 31 ലെ കണക്കുകള് പ്രകാരം 26.85 കോടി (268.5 ദശലക്ഷം) 5ജി വരിക്കാര് ജിയോയ്ക്കുണ്ട്. ജിയോഫൈബര്, ജിയോഎയര്ഫൈബര് എന്നിവയിലൂടെ 2.71 കോടി ഫിക്സഡ് ബ്രോഡ്ബാന്ഡ് ഉപഭോക്താക്കളും അവകാശപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്ഡ് സേവനദാതാവായി അംബാനിയും കൂട്ടരും മാറിക്കഴിഞ്ഞു.
പൂജ്യത്തില് നിന്ന് 10 ലക്ഷം കോടിയിലേക്ക്
അച്ഛന്റെ സ്വപ്നത്തില് ഒരു മകന് 13 പൂജ്യങ്ങള് കൂട്ടിച്ചേര്ത്ത യാത്രയാണിത്. ഉപഭോക്താക്കളെ ഡിജിറ്റല് ലോകത്തേക്ക് ആകര്ഷിക്കാന് സൗജന്യ വെല്ക്കം ഓഫറുകളും, തുടര്ന്ന് വളരെ തുച്ഛമായ ഡാറ്റാ നിരക്കുകളും നല്കി തുടങ്ങിയ കമ്പനിയാണിത്. മൊബൈല് സേവനദാതാവ് എന്ന നിലയില് നിന്ന് ഹോം ബ്രോഡ്ബാന്ഡ്, എന്റര്പ്രൈസ് സൊല്യൂഷനുകള്, ഡിജിറ്റല് ആപ്പുകള് എന്നിവ ഉള്ക്കൊള്ളുന്ന ഹോള്ഡിംഗ് കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms) വികസിച്ചു.
തുച്ഛമായ നിരക്കുകള് നല്കിയതുകൊണ്ട് മാത്രമല്ല നിക്ഷേപകര് ഇതിന് 10 ലക്ഷം കോടിയിലധികം മൂല്യം നല്കുന്നത്. മറിച്ച് വമ്പന് ഇന്ഫ്രാസ്ട്രക്ചര്, കോടിക്കണക്കിന് സ്ഥിരം ഉപഭോക്താക്കള്, കൃത്യമായ വരുമാന സ്രോതസ് (recurring revenue) എന്നിവയാണ് ഈ മൂല്യം സാധ്യമാക്കിയത്.
ജിയോ റിലയന്സിനും ഇന്ത്യയ്ക്കും നല്കിയ കരുത്ത്
പരമ്പരാഗത എണ്ണ- പെട്രോകെമിക്കല് ബിസിനസുകളെ ആശ്രയിച്ചിരുന്ന റിലയന്സിനെ ആഗോളതലത്തില് ശ്രദ്ധിക്കപ്പെടുന്ന ടെക്നോളജി ഭീമനാക്കി മാറ്റാന് ജിയോയ്ക്ക് സാധിച്ചു. യു.പി.ഐ (UPI), ഡിജിറ്റല് പേയ്മെന്റുകള്, ആധാര് അനുബന്ധ സേവനങ്ങള്, ഓണ്ലൈന് വിദ്യാഭ്യാസം, ഇ-കൊമേഴ്സ് എന്നിവ രാജ്യത്തെ എല്ലാ വരുമാന വിഭാഗങ്ങളിലേക്കും എത്തിക്കാന് ജിയോയുടെ കുറഞ്ഞ ഇന്റര്നെറ്റ് നിരക്കുകള് നിര്ണ്ണായക പങ്കുവഹിച്ചുവെന്ന കാര്യത്തില് തര്ക്കമില്ല.
ലോഞ്ച് ചെയ്ത് രണ്ട് വര്ഷത്തിനുള്ളില് ലോകത്തിലെ ഏറ്റവും വലിയ മൊബൈല് ഡാറ്റാ ഉപഭോഗ രാജ്യമായി ഇന്ത്യയെ ജിയോ മാറ്റി. കടുത്ത നിരക്ക് യുദ്ധം കാരണം പല കമ്പനികളും അടച്ചുപൂട്ടുകയോ, ലയിക്കുകയോ ചെയ്തു. വിപണിയില് വമ്പന് മത്സരയുദ്ധം ഉടലെടുത്തു. അതുവരെ ഉപയോക്താക്കളെ പിഴിഞ്ഞിരുന്നു പല കമ്പനികളും യഥാര്ത്ഥ വിലയില് സേവനങ്ങള് നല്കാന് നിര്ബന്ധിതമായി. ജിയോ, ഭാരതി എയര്ടെല്, വോഡഫോണ് ഐഡിയ എന്നീ മൂന്ന് സ്വകാര്യ കമ്പനികളിലേക്ക് ഇന്ത്യന് മൊബൈല് വിപണി ചുരുങ്ങി.
ജിയോ പ്ലാറ്റ്ഫോംസ് ഐ.പി.ഒ: പ്രധാന വിവരങ്ങള്
ഒക്ടോബര് 21-ന് സബ്സ്ക്രിപ്ഷന് ആരംഭിക്കുന്ന ഐപിഒ ഒക്ടോബര് 23-ന് അവസാനിക്കും. 1,065 മുതല് 1,119 രൂപ വരെയാണ് പ്രൈസ് ബാന്ഡ്. ഏകദേശം 30,000 കോടിയിലധികം രൂപയാണു സമാഹരിക്കുന്നത്. ഇത് പൂര്ത്തിയായാല് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി ഇതു മാറും. ഇതോടെ കമ്പനി മൂല്യം 10.3 ലക്ഷം കോടി രൂപ (ഏകദേശം 108 ബില്യണ് ഡോളര്) ആകും. 27 കോടി ഓഹരികളുടെ പുതിയ ഇഷ്യൂ (എൃലവെ കൗൈല) ഐപിഒയുടെ ഭാഗമായി ഉണ്ടാകും. ടെലികോം ഉപകമ്പനിയായ റിലയന്സ് ജിയോ ഇന്ഫോകോമിന്റെ കടം കുറയ്ക്കുന്നതിനും, പൊതു കോര്പ്പറേറ്റ് ആവശ്യങ്ങള്ക്കും ഈ തുക ചെലവഴിക്കും. വിപണിയില് ഇതിനകം 20% ജി.എം.പി വര്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും വെല്ലുവിളികളും
10 ലക്ഷം കോടിയുടെ ഉയര്ന്ന മൂല്യനിര്ണ്ണയം ന്യായീകരിക്കാന് ജിയോ ഉപയോക്താക്കളില് നിന്നുള്ള ശരാശരി വരുമാനം (ARPU) വര്ദ്ധിപ്പിക്കേണ്ടതും, കൂടുതല് ഉയര്ന്ന ഡിജിറ്റല് സേവനങ്ങള് വില്ക്കേണ്ടതും അനിവാര്യമാണെന്ന് വിദഗ്ധര് പറയുന്നു.
5ജി ശൃംഖല, ക്ലൗഡ്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, എന്റര്പ്രൈസ് ടെക്നോളജി എന്നിവയിലേക്ക് ഇനിയും വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമായി വരും. ഡാറ്റാ ഉപഭോഗം വര്ധിച്ചെങ്കിലും നിരക്ക് വര്ധനവുകള് സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നതും, ടെലികോം ഏകീകരണം സൃഷ്ടിച്ച മത്സരക്കുറവും നിരീക്ഷിക്കപ്പെടേണ്ട ഘടകങ്ങളാണ്.
ലോക കോടീശ്വരന് ഇലോണ് മക്സിന്റെ സ്റ്റാര്ലിങ്കുമായി ബന്ധപ്പെട്ട് സാറ്റ്ലൈറ്റ് ഇന്റര്നെറ്റ് മേഖലയില് നടക്കുന്ന നീക്കങ്ങളും റിലയന്സിന് പ്രധാനമാണ്.

