Latest

നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാട്ടിയാല്‍ 5,000 രൂപ പിഴയും ലൈസന്‍സ് സസ്‌പെന്‍ഷനും; നടപടികള്‍ ശക്തമാക്കി കേരളാ MVD

Share
Number Plate Tampering Rules Fines Kerala

Vehicle Number Plate Tampering: സംസ്ഥാനത്തെ ‘സേഫ് കേരള’ എഐ ക്യാമറകളെ വെട്ടിക്കാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ പരിശോധനയും, നടപടികളും കടുപ്പിച്ച് കേരളാ മോട്ടോര്‍ വാഹന വകുപ്പ് (MVD). വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ഫ്‌ലിപ്പ് പ്ലേറ്റുകള്‍, മാസ്‌കും ഗ്രീസും ഉപയോഗിച്ച് നമ്പര്‍ മറയ്ക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്താനും, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് അധികൃതരുടെ തീരുമാനം.

നടപടി കടുപ്പിക്കാനുള്ള കാരണങ്ങള്‍എഐ ക്യാമറകളെ വെട്ടിക്കാന്‍ യാത്രികള്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രധാന കാരണം. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ‘സേഫ് കേരള’ എഐ ക്യാമറകളില്‍ വേഗപരിധി ലംഘനം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ പതിയാതിരിക്കാന്‍ പലരും മനഃപൂര്‍വ്വം നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വാഹനാപകടം ഉണ്ടാക്കി നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൃത്യമായി തിരിച്ചറിയാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പുതിയ നടപടികള്‍ സഹായിക്കും. ലഹരിക്കടത്ത്, മോഷണം, സ്വര്‍ണ്ണക്കടത്ത്, അനധികൃത മണ്ണെടുപ്പ് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ അല്ലെങ്കില്‍ മറച്ചുവെച്ച നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടമുണ്ടാക്കുന്ന വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ ഇരകള്‍ക്കേ, അവരുടെ ആശ്രിതര്‍ക്കോ ലഭിക്കേണ്ട മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ (MACT) വഴിയുള്ള നിയമാനുസൃത ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം അനിശ്ചിതത്വത്തിലാകും. ഫാസ്ടാഗ് (FASTag) ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍, പാര്‍ക്കിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍ എന്നിവയിലെ വെട്ടിപ്പുകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

പ്രധാനമായും കണ്ടുവരുന്ന തട്ടിപ്പുകളും കൃത്രിമങ്ങളും

പ്ലേറ്റുകളുടെ ഭൗതിക രൂപമാറ്റമാണ് പൊതുവേ കണ്ടുവരുന്നത്. നമ്പര്‍ പ്ലേറ്റുകള്‍ പൂര്‍ണ്ണമായി അഴിച്ചുവെക്കുക, വളച്ചുവെക്കുക, പകുതി മുറിച്ചുമാറ്റുക പോലുള്ള നടപടികള്‍ കടുത്ത നിയമനടപടിക്ക് വഴിവയ്ക്കും. അക്കങ്ങള്‍ കാണാത്ത രീതിയില്‍ കരി ഓയില്‍, ചെളി, ഗ്രീസ് എന്നിവ തേച്ചുപിടിപ്പിക്കുകയോ മാസ്‌ക്, തുണി, ബാഗ് എന്നിവ ഉപയോഗിച്ച് കെട്ടിവെക്കുകയോ ചെയ്യുന്ന ശീലം വര്‍ധിച്ചിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റുകളില്‍ വിചാഗിരി ഘടിപ്പിച്ച് ആവശ്യമുള്ളപ്പോള്‍ പ്ലേറ്റ് മടക്കിവെക്കുക, റിമോട്ട് കണ്‍ട്രോള്‍ വഴിയോ സ്വിച്ച് വഴിയോ പ്രവര്‍ത്തിക്കുന്ന ഫ്‌ലിപ്പ് പ്ലേറ്റുകള്‍ ഘടിപ്പിക്കുക പോലുള്ള നടപടികള്‍ യുവാക്കള്‍ക്കിടിയിലുണ്ട്. ക്യാമറ ഫ്‌ലാഷോ വെളിച്ചമോ തട്ടുമ്പോള്‍ അക്കങ്ങള്‍ പ്രതിഫലിച്ച് മാഞ്ഞുപോകുന്ന റിഫ്‌ലക്ടീവ് കോട്ടിംഗുകള്‍, ആന്റി ഫ്‌ലാഷ് സ്‌പ്രേകള്‍, പ്രത്യേക മെറ്റീരിയലുകള്‍ എന്നിവ ഉപയോഗിക്കുന്നതും യുവാക്കളില്‍ കൂടുതലാണ്. സ്റ്റിക്കര്‍ ഒട്ടിച്ച് അക്കങ്ങള്‍ മാറ്റിയെഴുതുന്നതും (ഉദാഹരണത്തിന് 3 എന്നത് 8 ആക്കുക, 1 എന്നത് 7 ആക്കുക) പ്രധാന കൃത്രിമത്തില്‍ പെടുന്നു.

നിറങ്ങളിലെ നിയമലംഘനം

താല്‍ക്കാലിക (Temporary) രജിസ്‌ട്രേഷന്‍ നമ്പര്‍ മഞ്ഞ പ്രതലത്തില്‍ ചുവപ്പ് അക്കങ്ങള്‍ക്ക് പകരം മറ്റ് നിറങ്ങളില്‍ എഴുതുന്നതും, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളില്‍ (EV) പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങള്‍ക്ക് പകരം വെളുത്ത അക്ഷരങ്ങള്‍ നല്‍കുന്നതും പുതിയ തട്ടിപ്പ് രീതിയായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സുരക്ഷിതമായ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ (HSRP) മാറ്റി പകരം ഫാന്‍സി ഫോണ്ടുകളിലുള്ള പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതും, പ്ലേറ്റുകളില്‍ പേരുകള്‍, ചിഹ്നങ്ങള്‍, സംഘടനകളുടെയോ പദവികളുടെയോ പേരുകള്‍ (Police, Army, Press, Govt, Advocate) എന്നിവ പതിപ്പിക്കുന്നതും നിയമവിരുദ്ധം തന്നെയാണ്. ടിപ്പര്‍, ബസ്, ലോറി, ഓട്ടോറിക്ഷ തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ബോഡിക്ക് ഇരുവശത്തും പിന്നിലും നമ്പര്‍ വലുതായി രേഖപ്പെടുത്തണമെന്നാണ് റൂളും. ഇതും വ്യാപകമായി തെറ്റിക്കുന്നു.

മലയാളികളെ ബാധിക്കുന്നത് എങ്ങനെ

കേരളത്തിലെ റോഡുകളില്‍ വാഹനങ്ങളുടെ സാന്ദ്രതയും, അപകടസാധ്യതയും വളരെ കൂടുതലാണ്. നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമല്ലാത്തത് ജനങ്ങളുടെ റോഡ് സുരക്ഷയെ നേരിട്ട് ബാധിക്കുന്നുണ്ട്. ഇരകള്‍ക്ക് യഥാസമയം നിയമപരമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ കുറ്റവാളികളുടെ വാഹന വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.

നമ്പര്‍ പ്ലേറ്റ് തിരുത്തലുകള്‍ക്ക് മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 192 പ്രകാരം ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് (LMV) 3,000 രൂപയും, ഹെവി വാഹനങ്ങള്‍ക്ക് 5,000 രൂപ വരെയും പിഴ ഈടാക്കും. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കാനും, ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വകുപ്പിന് അധികാരമുണ്ട്.

വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരം (CMVR) ക്രോമിയം ഹോളോഗ്രാം, നീല നിറത്തിലുള്ള ‘IND’ എംബ്ലം, ലേസര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ അടങ്ങിയ HSRP തന്നെ വാഹനങ്ങളില്‍ കൃത്യമായ സ്‌നാപ്പ് ലോക്കുകള്‍ ഉപയോഗിച്ച് ഘടിപ്പിക്കുക.
  • സ്വകാര്യ ഇന്ധന വാഹനങ്ങള്‍ക്ക് വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളും, വാണിജ്യ- ടാക്‌സി വാഹനങ്ങള്‍ക്ക് മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളും, സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച പ്രതലത്തില്‍ വെള്ള അക്ഷരങ്ങളും, വാണിജ്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളും, താല്‍ക്കാലിക രജിസ്‌ട്രേഷനുകള്‍ക്ക് മഞ്ഞ പ്രതലത്തില്‍ ചുവപ്പ് അക്ഷരങ്ങളും, സെല്‍ഫ് ഡ്രൈവ് റെന്റല്‍ സേവനങ്ങള്‍ക്ക് കറുത്ത പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളും തന്നെ ഉപയോഗിക്കണം.
  • വകുപ്പ് അനുവദിച്ചിട്ടുള്ള ഫോണ്ടുകള്‍ വ്യക്തമായ അകലത്തിലും നിശ്ചിത വലിപ്പത്തിലും തന്നെ ഉപയോഗിക്കണം. അനാവശ്യ ചിത്രങ്ങളോ ഡിസൈനുകളോ പാടില്ല.
  • നമ്പര്‍ പ്ലേറ്റുകള്‍ എപ്പോഴും ചെളിയോ പൊടിയോ ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുക. രാത്രി യാത്രകളില്‍ പ്ലേറ്റ് കൃത്യമായി കാണാന്‍ നമ്പര്‍ പ്ലേറ്റ് ലാംപ് പ്രവര്‍ത്തനക്ഷമമായിരിക്കണം.
  • ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഉടമകള്‍ ബോഡിയുടെ ഇരുവശങ്ങളിലും പിന്നിലും നമ്പര്‍ വ്യക്തമായി പെയിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *